സുപ്രഭാതത്തിനെ നോക്കിയിരിക്കവേ -
സൂര്യനെ കാണുവാനെന്തഴക്!
അന്തരംഗത്തിൻ അഗാധതലങ്ങളിൽ -
ആഴ്ന്നിറങ്ങുമ്പോഴുമെന്തഴക്!
മാറോടണച്ചമ്മ തേങ്ങുന്നകുഞ്ഞിന് -
മുത്തം കൊടുക്കുമ്പോളെന്തഴക്!
പൂവിട്ടമാവിൻ കൊമ്പത്തിരിക്കുന്ന -
പൂവാലി പക്ഷിക്കുമെന്തഴക്!
വേവുന്നമണ്ണിനു വേനൽമഴപോലെ -
യൗവ്വന കേളികൾക്കെന്തഴക്!
മണ്ണിൽവിതയ്ക്കുന്ന വിത്തു മുളയ്ക്കവേ -
മന്നിന്റെ മാറിടമെന്തഴക്!
മാനത്തെക്കൊട്ടാര വാതില്ക്കൽ നില്ക്കുന്ന -
മഴവില്ലു കാണാനെന്തഴക്!
ആറ്റിറമ്പത്തിലെ കാറ്റുതഴുകുമ്പോൾ -
അകമേയുളേളർമ്മയ്ക്കുമെന്തഴക്!
ആകാശനീലക തട്ടകംനോക്കവേ -
ആയിരംവർണ്ണത്തിൻ ചേലഴക് !
സൂര്യചന്ദ്രാദികൾ ഉമ്മവെച്ചീടവേ -
ആനല്ല സന്ധ്യയ്ക്കുമെന്തഴക്!
ജീവനിലേയ്ക്കുള്ള മുത്തുകൾ കോർക്കവേ -
ഇഷ്ടപ്രണയത്തിനെന്തഴക്!
പച്ചക്കരിമ്പുപോൽ പാതികൂടുള്ളപ്പോൾ -
പാതിരാചന്ദ്രനുനൂറഴക്
കാവ്യംരചിക്കുമ്പോൾ പുഴപോലൊഴുകുന്ന -
ഈനല്ല തൂലികയ്ക്കെന്തഴക്!
നൂറുനൂറായിരം ചിന്തകൾമേയുന്ന -
നറുംചിന്തയ്ക്കുമുണ്ടല്ലീ പൊന്നഴക് !
ഉഷാ ആനന്ദ്