ബോചെ എന്ന പേരില്‍ അറിയപ്പെടുന്ന ബോബി ചെമ്മണ്ണൂരിന് സംസ്ഥാന പൊലീസിന്റെ ചക്രപൂട്ട്. ടീക്കൊപ്പം ലക്കി ഡ്രോ നടത്തിയതിന് ബോബി ചെമ്മണ്ണൂരിനെതിരെ വയനാട് പൊലീസാണ് കേസെടുത്തിരിക്കുന്നത്
ബോചെ എന്ന പേരില്‍ അറിയപ്പെടുന്ന ബോബി ചെമ്മണ്ണൂരിന് സംസ്ഥാന പൊലീസിന്റെ ചക്രപൂട്ട്. ടീക്കൊപ്പം ലക്കി ഡ്രോ നടത്തിയതിന് ബോബി ചെമ്മണ്ണൂരിനെതിരെ വയനാട് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇതോടെ ബോബിയുടെ ഇടപാടുകള്‍ സംബന്ധിച്ച് വിശദമായ അന്വേഷണത്തിനുള്ള വഴിയാണിപ്പോള്‍ തുറന്നിരിക്കുന്നത്. സംസ്ഥാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഇനി കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ഇതു സംബന്ധമായി അന്വേഷണം നടത്താന്‍ സാധിക്കും.
വയനാട് ജില്ലാ അസിസ്റ്റന്റ് ലോട്ടറി ഓഫീസറുടെ പരാതിയില്‍ മേപ്പാടി പൊലീസാണ് ഇപ്പോള്‍ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തിരിക്കുന്നത്. ബോബിയുടെ ഉടമസ്ഥതയിലുള്ള ബോചെ ഭൂമിപത്ര എന്ന കമ്പനിയുടെ പേരില്‍ ചായപ്പൊടിക്കൊപ്പം സമ്മാനക്കൂപ്പണ്‍ വിതരണം ചെയ്ത സംഭവത്തിലാണ് ഈ കേസ്.
ലോട്ടറി റെഗുലേഷന്‍ ആക്ടിലെ വിവിധ വകുപ്പുകള്‍, വഞ്ചന, നിയമവിരുദ്ധമായി ലോട്ടറി നടത്തുക എന്ന സെക്ഷനുകള്‍ പ്രകാരമാണ് കേസെടുത്തത്. ചായപ്പൊടി വില്‍പ്പനക്കും പ്രൊമോഷനും എന്ന വ്യാജേന ചായപ്പൊടി പാക്കറ്റിനോടൊപ്പം ലോട്ടറി ടിക്കറ്റ് വില്‍ക്കുന്നു എന്നാണ് എഫ്ഐആറില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ദിവസവും നറുക്കെടുപ്പ് നടത്തുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യുന്നത് കൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി വില്‍പ്പന കുറയുന്നതിനാല്‍ സര്‍ക്കാരിന് വലിയ നഷ്ടമുണ്ടാവുന്നുവെന്നും എഫ്ഐആറില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ബോചെയുടെ ഓണ്‍ലൈന്‍ നറുക്കെടുപ്പ്, ലോട്ടറി നിയമങ്ങളുടെ ലംഘനമാണെന്ന വിലയിരുത്തലില്‍ ലോട്ടറി ഡറക്ടറേറ്റും നിലവില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. തന്റെ കമ്പനി സെയില്‍സ് പ്രൊമോഷനെന്ന നിലയില്‍ മാത്രമാണ് സമ്മാനക്കൂപ്പണ്‍ നല്‍കുന്നതെന്ന ബോബിയുടെ വാദമൊന്നും പൊലീസും ലോട്ടറി ഡയറക്ടറേറ്റും പരിഗണിച്ചിട്ടില്ല.
കാരുണ്യ പ്രവര്‍ത്തികള്‍ പോലും വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്ന ബോബി ചെമ്മണ്ണൂരിനെതിരെ മുന്‍പും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ബോച്ചെ എന്ന പേരില്‍ ബോബി ചെമ്മണ്ണൂര്‍ പുറത്തു കാണിക്കുന്ന പല പ്രവര്‍ത്തികള്‍ക്കു പിന്നിലെ താല്‍പ്പര്യങ്ങളും അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുകൂടി അന്വേഷണം തുടങ്ങുന്നതോടെ ഇക്കാര്യത്തിലും ഇനി കൂടുതല്‍ വ്യക്തതയുണ്ടാവും.