പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റത് കനത്ത തിരിച്ചടി. യുഡിഎഫും എല്‍ഡിഎഫും വോട്ടുയര്‍ത്തിയപ്പോള്‍ പാലക്കാട് ബിജെപിക്ക് വോട്ടു കുറഞ്ഞു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് യുഡിഎഫ് നാലായിരത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് ആയിരം വോട്ടുകള്‍ വര്‍ധിപ്പിച്ചു. എന്നാല്‍ ബിജെപിക്ക് പതിനായിരം വോട്ടുകളാണ് കുറഞ്ഞത്. ഏറ്റവും വലിയ ശക്തികേന്ദ്രത്തില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് പാര്‍ട്ടി ഏറ്റവും ദുര്‍ബലമായത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ 18000 ത്തോളം വോട്ടുകള്‍ക്കാണ് ഇക്കുറി പാലക്കാട് ജയിച്ചത്.
രാഹുല്‍ 58244 വോട്ടു നേടിയപ്പോള്‍ രണ്ടാം സ്ഥാനത്ത് എത്തിയ എന്‍ഡിഎ നേടിയത് 39529 വോട്ടുകള്‍ മാത്രമാണ്. എല്‍ഡിഎഫിന് ലഭിച്ചത് 37458 വോട്ടുകളും. വെറും രണ്ടായിരം വോട്ടിന്റെ വ്യത്യാസം മാത്രമാണ് എല്‍ഡിഎഫും ബിജെപിയും തമ്മില്‍ വന്നത്. കഴിഞ്ഞ തവണ ഷാഫി പറമ്പില്‍ ഫോട്ടോ ഫിനിഷിലാണ് ബിജെപിയുടെ ഈ ശ്രീധരനോട് വിജയിച്ചത്. നാലായിരം വോട്ടുകളില്‍ താഴെ ഭൂരിപക്ഷം മാത്രമാണ് ഷാഫിക്ക് ലഭിച്ചത്. 54079 വോട്ടുകള്‍ ഷാഫി നേടിയപ്പോള്‍ ഇ.ശ്രീധരന്‍ നേടിയത് 50220 വോട്ടുകളാണ്. എന്നാല്‍ ഇക്കുറി രാഹുല്‍ മാങ്കൂട്ടത്തില്‍ വന്‍ വോട്ടുവര്‍ധനയാണ് വരുത്തിയത്. രാഹുല്‍ വോട്ട് കൂട്ടിയപ്പോള്‍ ബിജെപിയുടെ വോട്ട് കുത്തനെ കുറഞ്ഞു.
ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് കുറയുന്നത് പതിവാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഇതിനോട് പ്രതികരിച്ചത്.എന്നാല്‍ പാലക്കാട് വന്ന വോട്ടുനഷ്ടം പരിശോധിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പാലക്കാട് ബിജെപിയുടെ സിറ്റിങ് സീറ്റല്ല. സിറ്റിങ് സീറ്റ് നഷ്ടമായി എന്ന രീതിയിലാണ് വാര്‍ത്ത നല്‍കിയത് എന്ന് പറഞ്ഞ് മാധ്യമങ്ങളെ കുറ്റപ്പെടുത്തിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ സി.കൃഷ്ണകുമാര്‍ സംസാരിച്ചത്.
ബിജെപി ഭരിക്കുന്ന പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ ബിജെപി തകര്‍ന്നടിഞ്ഞു; തിരഞ്ഞെടുപ്പ് കണക്കുകളില്‍ നിന്നും ഇതാണ് വെളിയില്‍ വരുന്നത്. ഇതിന് ഉത്തരം നല്‍കാതെയാണ് ബിജെപി ഒളിച്ചോടുന്നത്. പക്ഷെ പാലക്കാട്ടെ ഈ കനത്ത തോല്‍വി ബിജെപിയെ വേട്ടയാടുക തന്നെ ചെയ്യും. സന്ദീപ് വാരിയര്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ പോകാന്‍ കാരണം സംസ്ഥാന നേതൃത്വമാണ് എന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തുമ്പോള്‍ പ്രത്യേകിച്ചും.