PRAVASI

തിരുവനന്തപുരത്ത് ബിജെപി ഭരണത്തിന് പുതിയ വെല്ലുവിളി

Blog Image

തിരുവനന്തപുരത്തെ ബിജെപി നേതൃത്വത്തിലുള്ള കോർപ്പറേഷൻ ഭരണത്തിൽ വീണ്ടും പ്രതിസന്ധി. ശാസ്തമംഗലം വാർഡ് കൗൺസിലർ ആർ. ശ്രീലേഖയുടെ രാജിക്കത്ത് മേയർ വി.വി. രാജേഷിന്റെ ഓഫീസിൽ എത്തിയിട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും വിവരം പുറത്തുവന്നിരുന്നില്ല. പാർട്ടിക്കുള്ളിലെ പ്രശ്നം പുറത്തറിയുന്നത് ഒഴിവാക്കാനും ഭരണസമിതിക്ക് പുതിയ തിരിച്ചടി ഉണ്ടാകാതിരിക്കാനുമാണ് രാജിക്കത്ത് മറച്ചുവെച്ചതെന്നാണ് ഉയരുന്ന ആരോപണം. എന്നാൽ ശ്രീലേഖ തന്നെ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ രാജിക്കാര്യം പുറത്തുവിട്ടതോടെ വിഷയം പരസ്യമായി.

സെപ്റ്റംബർ 30നാണ് കൗൺസിലർ സ്ഥാനത്ത് നിന്ന് സ്വകാര്യ കാരണങ്ങളാൽ രാജിവെക്കുന്നതായി അറിയിച്ച് ശ്രീലേഖ മേയർക്ക് കത്ത് നൽകിയത്. എന്നാൽ മൂന്നാം ദിവസം മേയർ നടത്തിയ പത്രസമ്മേളനത്തിൽ ഇക്കാര്യം പരാമർശിച്ചില്ല. പകരം വസ്തു ഇടപാടുമായി ബന്ധപ്പെട്ട് പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം നേരിടുന്ന സിപിഎം കൗൺസിലർ അജിനെതിരെയായിരുന്നു പ്രധാന പ്രതികരണം. അഴിമതി നടത്തുന്ന കൗൺസിലർമാരെ വെച്ചുപൊറുപ്പിക്കില്ലെന്ന് മേയർ വ്യക്തമാക്കിയിരുന്നു. രാജിവിവാദം മറച്ചുവയ്ക്കാൻ അഴിമതി വിഷയം മുൻനിർത്തിയെന്നാണ് വിമർശനം. ഇതിനിടെയാണ് ശാസ്തമംഗലം വാർഡിലെ വാട്‌സാപ്പ് ഗ്രൂപ്പിൽ ശ്രീലേഖ രാജിക്കത്ത് നൽകിയ വിവരം അറിയിച്ചത്. തിങ്കളാഴ്ച ജില്ലാ കളക്ടർക്ക് കത്തിന്റെ പകർപ്പ് നൽകുമെന്നും അവർ വ്യക്തമാക്കി.

സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക കോർപ്പറേഷനായ തിരുവനന്തപുരത്ത് ഈ രാജി ഭരണസമിതിക്ക് നിർണായകമാണ്. 101 അംഗ കൗൺസിലിൽ ബിജെപിക്ക് നിലവിൽ 50 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ശ്രീലേഖ കൂടി രാജിവെച്ചാൽ അംഗസംഖ്യ 49 ആയി ചുരുങ്ങും. എൽഡിഎഫിന് 29ഉം യുഡിഎഫിന് 20ഉം സീറ്റുകളാണുള്ളത്. രണ്ട് സ്വതന്ത്രരുടെ പിന്തുണയിലാണ് ബിജെപി ഭരണസമിതി പ്രതീക്ഷയർപ്പിക്കുന്നത്. നേരത്തെ വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ കാപ്പാ കേസിൽ ജയിലിലായതിനെ തുടർന്ന് അദ്ദേഹത്തിന്റെ അയോഗ്യതാ ഭീഷണിയും ബിജെപിക്ക് മുന്നിലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീലേഖയുടെ രാജി പുതിയ രാഷ്ട്രീയ വെല്ലുവിളിയാകുന്നത്.

കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ നേതൃത്വത്തോടുള്ള അതൃപ്തി ശ്രീലേഖ പ്രകടിപ്പിച്ചിരുന്നു. മേയർ സ്ഥാനത്തേക്ക് ശ്രീലേഖയുടെ പേര് ഉയർന്നിരുന്നെങ്കിലും അവസാനഘട്ടത്തിൽ വി.വി. രാജേഷിനെയാണ് മേയറാക്കിയത്. മേയറുടെ സത്യപ്രതിജ്ഞാ ചടങ്ങ് പൂർത്തിയാകുന്നതിന് മുമ്പ് ശ്രീലേഖ ഇറങ്ങിപ്പോയതും ശ്രദ്ധ നേടിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് സീറ്റ് നൽകിയെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു ശ്രീലേഖയുടെ പ്രകടനം; ബിജെപി വോട്ടുകൾ തനിക്ക് ലഭിച്ചില്ലെന്ന പരാതിയും അവർ ഉന്നയിച്ചിരുന്നു. അതേസമയം രാജി പിൻവലിപ്പിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ അനുനയശ്രമങ്ങൾ നടക്കുന്നതായാണ് വിവരം. ശ്രീലേഖ രാജിവെച്ചിട്ടില്ലെന്നും ബിജെപിയിൽ തുടരുമെന്നും ജില്ലാ പ്രസിഡന്റ് കരമന ജയൻ പ്രതികരിച്ചു. എന്നാൽ ശ്രീലേഖ തിങ്കളാഴ്ച കളക്ടർക്ക് രാജിക്കത്ത് നൽകുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. രാജിക്കത്ത് ഉയർന്ന പദവിയോ സ്ഥാനമോ ആവശ്യപ്പെടാനുള്ള സമ്മർദതന്ത്രമാണെന്ന സംശയവും പാർട്ടിക്കുള്ളിലുണ്ട്. രാജിക്കത്ത് കോർപ്പറേഷൻ സെക്രട്ടറിക്കാണ് നൽകേണ്ടതെന്നും അതിന് പ്രത്യേക അപേക്ഷാഫോം വേണമെന്നുമുള്ള വാദവും ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശ്രീലേഖയുടെ അടുത്ത നീക്കമാണ് തിരുവനന്തപുരത്തെ ബിജെപി ഭരണത്തിന്റെ ഭാവിയിൽ നിർണായകമാകുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.