PRAVASI

'ഉമ്മൻചാണ്ടിയെ വേട്ടയാടിയവരെ സംരക്ഷിക്കുന്നു' പ്രതിഷേധ സൂചകമായി കറുപ്പണിഞ്ഞെത്തി വോട്ട് ചെയ്ത് ചാണ്ടി ഉമ്മൻ

Blog Image

പ്രതിഷേധ സൂചകമായി കറുപ്പണിഞ്ഞ് പോളിങ് ബൂത്തിലെത്തി ചാണ്ടി ഉമ്മൻ. പിതാവ് ഉമ്മൻ ചാണ്ടിയെ ഇടത് സർക്കാർ വേട്ടയാടിയെന്നും ഇന്ന് ഏറ്റവും വേദനയുള്ള ദിവസമാണെന്നും ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ മാധ്യമങ്ങളോട് പറഞ്ഞു. പണി തീരാത്ത മിനി സിവിൽ സ്റ്റേഷന് ഉമ്മൻ ചാണ്ടിയുടെ പേരിട്ടു. ഇങ്ങനെ തങ്ങളെ അപമാനിക്കണോ എന്നും ചാണ്ടി ഉമ്മൻ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 140-ാം നമ്പർ ബൂത്തിൽ അമ്മ മറിയാമ്മ ഉമ്മൻ, സഹോദരി മറിയ എന്നിവർക്കൊപ്പമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു.
'പുതുപ്പള്ളിയും കേരളവും ഇടതുപക്ഷ സർക്കാരിനെതിരേ വോട്ട് രേഖപ്പെടുത്തുന്ന ദിവസമാണ് ഇന്ന്. പല പ്രതിഷേധങ്ങളും ഉണ്ട്. എന്റെ പിതാവിനെ അന്യായമായി ഒമ്പത് വർഷക്കാലം ഈ സർക്കാർ വേട്ടയാടി. വേട്ടയാടിയത് മാത്രമല്ല, അതിന് നേതൃത്വം നൽകിയവരെ സംരക്ഷിച്ചു, സംരക്ഷിക്കുന്നു. അതിനെതിരായ പ്രതിഷേധമാണ് ഇത്. ഒരു സംശയവും വേണ്ട. പുതുപ്പള്ളിയുടെ മനസ്സിൽ, കേരളത്തിന്റെ മനസ്സിലേറ്റ മുറിവാണ്. ആ വേട്ടയാടൽ ഞങ്ങളോടും, മണ്ഡലത്തോടും ഉണ്ട്. വികസനപ്രവർത്തനങ്ങൾക്കായി ഫണ്ട് തരാതെ വേട്ടയാടപ്പെട്ടിട്ടുണ്ട്. വികസനപ്രവർത്തനങ്ങൾ തടഞ്ഞിട്ടുണ്ട്. അതിനുള്ള പ്രതിഷേധം കൂടിയാണ് ഇത്. പാലങ്ങൾ, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ ഇപ്പോഴും അങ്ങനെ തന്നെ നിൽക്കുകയാണ്. ഉമ്മൻ ചാണ്ടി സർക്കാർ നിർത്തിയിടത്ത് തന്നെ ഇപ്പോഴും നിൽക്കുകയാണ്. പണി തീരാത്ത സിവിൽ സ്റ്റേഷന് എന്റെ പിതാവിന്റെ പേരിട്ടു. ഇങ്ങനെ ഞങ്ങളെ അപമാനിക്കണോ? പണി തീരാത്ത സ്ഥാപനത്തിന് അദ്ദേഹത്തിന്റെ പേരിടണോ? അദ്ദേഹത്തിന്റെ മരണശേഷവും ഞങ്ങളെ വേട്ടയാടി' - ചാണ്ടി ഉമ്മൻ പറഞ്ഞു.
ശബരിമല സ്വർണ്ണക്കള്ള, നാടിനെ ആകെ ബാധിച്ച പ്രശ്നങ്ങളിലെല്ലാം പ്രതിഷേധമുണ്ട്. ജനം പോളിങ് ബൂത്തിൽ ചെല്ലുമ്പോൾ ആ പ്രതിഷേധം കാണിക്കും. കറുപ്പ് പ്രതിഷേധത്തിന്റേതാണ്. കറുപ്പ് കണ്ടാൽ ഇന്ന് പലർക്കും പ്രശ്നമാണ്. ഇത് വലിയ ആചാരത്തിന്റെ ഭാഗമാണെന്ന് കൂടി വിചാരിച്ചാൽ മതി. ഇല്ലാത്ത കഥകളുണ്ടാക്കി മൂന്ന് വർഷക്കാലം വേട്ടയാടി. അതിന് ശേഷം സിബിഐ അന്വേഷണം. എങ്ങനെയൊക്കെ വേട്ടയാടാമോ അങ്ങനെയൊക്കെ ചെയ്തു കഴിഞ്ഞിട്ട് ഞങ്ങൾ ഒന്നും ചെയ്തില്ല എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ പറ്റുമോ? കുടുംബത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വേദനയുള്ള ദിവസമാണ്. ആ വേദനയോടെയാണ് പ്രതിഷേധം അറിയിക്കുന്നത്- ചാണ്ടി ഉമ്മൻ പറഞ്ഞു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.