ചിക്കാഗോ: എക്യുമെനിക്കൽ കൗൺസിൽ ഓഫ് കേരള ചർച്ചസ് ഇൻ ചിക്കാഗോയുടെ 43-ാമത് ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബർ 5-ന് വൈകിട്ട് 5:00 മണിക്ക് ബെൽവുഡ് സീറോ മലബാർ കത്തീഡ്രൽ ഹാളിൽ ഭക്തിനിർഭരമായി ആചരിക്കുന്നു.ഹൃദയങ്ങളിൽ നന്മയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വെളിച്ചം നിറച്ചുകൊണ്ട് ക്രിസ്തുദേവന്റെ തിരുപ്പിറവി ആഘോഷങ്ങൾക്ക് ഇതോടെ തുടക്കമാകും.
ചിക്കാഗോ രൂപതയുടെ വന്ദ്യ പിതാവ് മാർ ജേക്കബ് അങ്ങാടിയത്ത് ചടങ്ങിൽ പ്രധാന ക്രിസ്മസ് സന്ദേശം നൽകും.
ആചാരങ്ങളിൽ വ്യത്യസ്തതകൾ ഉണ്ടെങ്കിലും ക്രിസ്തുദേവനാണ് രക്ഷയുടെ ഉറവിടം എന്ന വിശ്വാസമാണ് കൂട്ടായ്മകളുടെ ഐക്യം നിലനിർത്തുന്നത്. പതിനേഴ് (17) പള്ളികൾ അംഗങ്ങളായുള്ള ഈ കൗൺസിലിന്റെ രക്ഷാധികാരികൾ മാർ ജോയ് ആലപ്പാട്ട്, മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവരാണ്.
പ്രാർത്ഥനാ പ്രദക്ഷിണത്തോടെ (പ്രൊസെഷൻ) ആരംഭിക്കുന്ന ക്രിസ്മസ് ശുശ്രൂഷകൾക്ക് ശേഷം, വിവിധ ഇടവകകൾ അവതരിപ്പിക്കുന്ന നയന-ശ്രുതി മനോഹരമായ ക്രിസ്മസ് കലാപരിപാടികൾ വേദിയിൽ അരങ്ങേറും.
കൗൺസിൽ പ്രസിഡന്റ് റവ. ഫാ. ബിജു യോഹന്നാന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പരിപാടിയുടെ വിജയത്തിനായി സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് കൗൺസിൽ സെക്രട്ടറി ബെഞ്ചമിൻ തോമസ് അറിയിച്ചു.
.

