തന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ബന്ധങ്ങളിൽ നിന്ന് സ്വയം പിന്മാറിയിട്ടുണ്ടെന്ന് നടി നിത്യാ മേനോൻ വ്യക്തമാക്കി. താൻ വിവാഹത്തിന് എതിരാണെന്ന തരത്തിലാണ് പലപ്പോഴും തന്റെ വാക്കുകൾ വ്യാഖ്യാനിക്കപ്പെടാറുള്ളതെങ്കിലും വിവാഹത്തോട് എതിർപ്പില്ലെന്നും, പേരിനൊരു വിവാഹം കഴിക്കുന്നതിനേക്കാൾ ശരിയായ വ്യക്തിയെ കണ്ടെത്താനാണ് ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു.
ബന്ധങ്ങളിൽ തന്റെ ആത്മാവിന് സ്വാതന്ത്ര്യം നഷ്ടമായ സാഹചര്യങ്ങളിൽ നിന്ന് മാറിനടക്കുക എന്നത് എളുപ്പമായിരുന്നില്ലെന്ന് നിത്യാ മേനോൻ വെളിപ്പെടുത്തി. വ്യക്തികളെ തളച്ചിടുന്ന രീതി ശരിയല്ലെന്നും, അത്തരം അവസ്ഥകളിൽ തനിക്ക് വളരെ ചെറുതും ദുർബലയുമായി അനുഭവപ്പെട്ടിട്ടുണ്ടെന്നും താരം പറഞ്ഞു. ആത്മാവിന് കൂച്ചുവിലങ്ങ് വീഴുന്ന ബന്ധങ്ങളിൽ മറ്റൊരാളുടെ സ്വാധീനം നമ്മെ വരിഞ്ഞുമുറുക്കുന്നത് പോലെയാണ്. പങ്കാളിയെ ശ്വാസമുട്ടിക്കുന്ന നിരവധി പേരുണ്ട്. അതൊരു തിരിച്ചറിവാണ്, ഭയമല്ലെന്നും നിത്യ വ്യക്തമാക്കി.
ശ്വാസംമുട്ടിക്കുന്ന ബന്ധങ്ങളിൽ നിന്ന് പിന്മാറിയതോടെ വലിയ ആശ്വാസവും സ്വാതന്ത്ര്യവുമാണ് അനുഭവപ്പെട്ടതെന്നും, ഒരു പുതിയ ലോകം മുന്നിൽ തുറക്കപ്പെടുന്നതുപോലെയാണ് തോന്നിയതെന്നും താരം തുറന്നുപറഞ്ഞു. വിവാഹത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പലരും താൻ അതിനെ എതിർക്കുന്നുവെന്നോ വിവാഹം ആഗ്രഹിക്കുന്നില്ലെന്നോ തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ തനിക്ക് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും, എന്ത് വേണമെന്ന് വ്യക്തമായ ബോധ്യമുണ്ടെന്നും നിത്യ പറഞ്ഞു. വെറുമൊരു വിവാഹമല്ല, ശരിയായ ബന്ധമാണ് തേടുന്നത്. സ്വാതന്ത്ര്യം നൽകുന്ന വ്യക്തിയല്ലെങ്കിൽ വിവാഹമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
‘കാതലിക്ക നേരമില്ലൈ’, ‘തലൈവൻ തലൈവി’, ‘ഇഡ്ഡലി കടൈ’ എന്നിവയാണ് നിത്യാ മേനോൻ നായികയായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രങ്ങൾ. വിവേക് ഒബ്‌റോയ് പ്രധാന വേഷത്തിലെത്തുന്ന ‘മിസ്റ്റർ ആൻഡ് മിസിസ് ഗ്രേ’ ആണ് താരത്തിന്റെ അടുത്ത റിലീസ്. വിവാഹേതര ബന്ധത്തിനും സാമ്പത്തിക തട്ടിപ്പിനും ഇടയിൽപ്പെടുന്ന കഥ പറയുന്ന ഈ ഹിന്ദി ചിത്രം ഡിസംബർ 11-ന് തിയേറ്ററുകളിൽ എത്തും.

