കൊച്ചി: ബലാത്സംഗ കേസിൽ മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ. പിടിച്ചെടുത്ത ഫോണുകളുടെ പാസ്വേഡ് രാഹുൽ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. പാസ്വേഡ് നൽകണമെന്ന നിർദ്ദേശത്തിനെതിരെ രാഹുൽ സമർപ്പിച്ച അപ്പീൽ പരിഗണിക്കവേയാണ് സർക്കാർ ഈ നിലപാട് വ്യക്തമാക്കിയത്.
പാസ്വേഡ് നൽകാൻ രാഹുൽ ബാധ്യസ്ഥനാണെന്നും, അല്ലാത്തപക്ഷം അതിന് ഭരണഘടനാപരമായ പരിരക്ഷയില്ലെന്നും സർക്കാർ കോടതിയിൽ ചൂണ്ടിക്കാണിച്ചു. ഇക്കാര്യത്തിൽ ഭരണഘടനാ പരിരക്ഷയുണ്ടോ എന്ന് പരിശോധിക്കുന്നതിനായി അമിക്കസ് ക്യൂറിയെ നിയോഗിക്കാൻ ഹൈക്കോടതി തീരുമാനിച്ചു. തിരുവല്ല ബലാത്സംഗ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് രാഹുലിന്റെ രണ്ട് ഫോണുകൾ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

