കലയപുരം : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ചിക്കാഗോ മലയാളി അസ്സോസിയേഷൻ്റെ താക്സ് ഗിവിംഗ് ഡേ ആഘോഷവും, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ധനമന്ത്രി കെ. എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സേവന വഴിയിൽ ലോകത്തിന് തന്നെ മാതൃകയായ കൊട്ടാരക്കര, കലയപുരം ആശ്രയയ്ക്ക് ചിക്കാഗോ മലയാളി അസോസിയേഷൻ മികച്ച ചാരിറ്റി പ്രവർത്തനിനുള്ള പുരസ്കാരം നൽകുമ്പോൾ ഈ സംഘടനയും സാർത്ഥകമായി മാറും എന്നതിൽ സംശയമില്ല എന്ന് അദ്ദേഹം പറഞ്ഞു. സി. എം. എ തുടങ്ങിയ കാലം മുതൽ കേരളത്തിൻ്റെ വികസന പ്രക്രിയയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും നൽകുന്ന പ്രോത്സാഹനത്തിനും സഹകരണത്തിനും അദ്ദേഹം ആശംസകൾ അറിയിച്ചു.

കേരളത്തിൽ നിരവധി കാര്യങ്ങൾ ചെയ്യാൻ താല്പര്യമുള്ള സംഘടനയാണ് സി. എം. എ. ലോകത്ത് ആകമാനം നിരവധി പ്രശ്നങ്ങൾ ഉണ്ട്. പക്ഷെ മനുഷ്യനെ പരസ്പരം സ്നേഹിക്കാനുള്ള ഒരു മനസ് ഉണ്ടാവുക എന്നതാണ് പ്രധാനം. ആശ്രയയിലേക്ക് നിരവധി തവണ വന്നു കൊണ്ടിരിക്കുന്ന ഒരാളാണ് താൻ. പലവിധ സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആശ്രയ ഇപ്പോൾ വലിയ പ്രതിസന്ധി നേരിടുന്ന സമയമാണ് . പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം പാതി വഴിയിൽ നിൽക്കുന്ന സമയത്ത് ചിക്കാഗോ മലയാളി അസോസിയേഷൻ ഒരു നല്ല തുക ആശ്രയ്ക്ക് നൽകുക വഴി വലിയ ഒരു ജീവകാരുണ്യ പ്രവർത്തനത്തിനാണ് സി.എം. എ തുടക്കമിട്ടത് എന്നത് അഭിനന്ദനാർഹമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .ചിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ചാരിറ്റി പുരസ്കാരം ആശ്രയക്ക് മന്ത്രി കെ.എൻ ബാലഗോപാൽ നൽകി .അഞ്ചരലക്ഷം രൂപയുടെ ചാരിറ്റി പ്രവർത്തങ്ങൾക്കാണ് സി എം എ ആശ്രയയിൽ തുടക്കമിട്ടത് .കൂടാതെ നിരവധി ജീവകാരുണ്യ പ്രവർത്തകർക്കും വിവിധ പ്രവർത്തങ്ങൾക്കായി ധനസഹായം നൽകി .

മനുഷ്യൻ്റെ ജീവിതത്തിൻ്റെ വിജയത്തിന് രണ്ട് കൈവഴികൾ ഉണ്ട്. ആദ്ധ്യാത്മിക കൈവഴിയും, സാമൂഹ്യ പ്രതിബദ്ധതയോടെ ജീവിക്കുക . രണ്ട് വഴികളും ഈശ്വരനിലേക്ക് അടുത്തേക്ക് എത്തിക്കുന്നു എന്നതാണ് സത്യം. സാമൂഹ്യ പ്രവർത്തനം ഇത്തരം കാര്യങ്ങൾക്കായി മാറ്റിവയ്ക്കുന്ന ചിക്കാഗോ മലയാളി അസോസിയേഷൻ്റെ പ്രവർത്തകൾക്ക് എല്ലാ നന്മകളും നേരുന്നതായി അഭിവന്ദ്യ റവ.ഡോ. യുഹാനോൻ മാർ തേവോഡോറസ് മെത്രാപ്പോലിത്ത മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു.

ചിക്കാഗോ മലയാളി അസോസിയേഷൻ്റെ മുൻ സെക്രട്ടറിയും ഇപ്പോൾ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ ജോർജ് ഏബ്രഹാം ആശംസ പ്രസംഗം നടത്തി. 1990 ൽ സി. എം. എയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച കാലഘട്ടം ഓർമ്മപ്പെടുത്തിയാണ് അദ്ദേഹം തൻ്റെ പ്രഭാഷണം തുടങ്ങിയത്. അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ സി. എം. എ നിരവധി സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയാണ് ഇന്ന് കാണുന്ന രീതിയിലേക്ക് വളർന്നത്. കേരളത്തിൽ ആശ്രയ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സി. എം. എയ്ക്ക് തണലാകുവാൻ സാധിച്ചതിൽ ജെസ്സി റിൻസിയേയും കൂട്ടരേയും എത്ര അഭിനന്ദിച്ചാലും മതിവരില്ല. ഏറ്റവും അർഹമായ ഒരു പ്രസ്ഥാനത്തെ അതിനായി തെരഞ്ഞെടുത്തതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

ജെസി റിൻസി അദ്ധ്യക്ഷ പ്രസംഗം നടത്തി.ഇന്ത്യയിൽ തന്നെ ആദ്യമായിട്ടായിരിക്കും താങ്ക്സ് ഗിവിംഗ് ഡേ ആഘോഷിക്കുന്നത് - പ്രവാസി മലയാളികൾക്ക് വിജയം വരിക്കുവാനുള്ള ബാലപാഠം നൽകിയത് കേരളമാണ് , ഭാരതമാണ്. അതിനോടുള്ള നന്ദി സൂചകമായി ആശ്രയയിൽ വെച്ച് ഈ പ്രോഗ്രാം നടത്താം എന്ന് തീരുമാനിക്കുകയായിരുന്നു. വിശക്കുന്നവന് അപ്പം നൽകുന്നതും കഷ്ടത്തിലിരിക്കുന്നവനെ വൃത്തി വരുത്തുന്നതോളം മറ്റൊരു നന്മയും ലോകത്തില്ല എന്ന് ലോകത്തിന് തെളിയിച്ച ആശ്രയക്ക് നൽകാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്ന് അദ്ധ്യക്ഷ പ്രസംഗം നടത്തിയ സി. എം. എ പ്രസിഡൻ്റ് അഡ്വ . ജെസി റിൻസി അദ്ധ്യക്ഷ പ്രസംഗത്തിൽ അറിയിച്ചു.

വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. രഞ്ജിത്ത് കുമാർ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് അംഗം ആർ. രശ്മി, താമരക്കുടി ഗ്രാമ പഞ്ചായത്ത് അംഗം ദീപാ ശ്രീകുമാർ , ഡോ. മാത്യു ലൂക്ക് ,അജിത്ത് ഈപ്പൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു . ട്രഷറർ മനോജ് അച്ചേട്ട് , ജോ. ട്രഷറർ ഡോ.സിബിൾ പി. ആർ. ഒ ബിജു മുണ്ടക്കൽ, ബോർഡ് മെമ്പർ വർഗീസ് മോനി , വിമൻസ് റപ്പ് ഷാന മോഹൻ , ബോർഡ് മെമ്പർ സന്തോഷ് ജോർജ് , ജോഷി പൂവത്തിങ്കൽ എന്നിവർ ശബ്ദ സന്ദേശത്തിലൂടെ ആശംസകൾ നൽകി സംസാരിച്ചു .
ജോൺ കുരികേശു സ്വാഗതവും ജുബിൻ സാം നന്ദിയും അറിയിച്ചു








.jpg)



