കുങ്കുമശോഭവിതറുമീ സന്ധ്യയിൽ പൊന്നൊളി തൂകി പൂർണ്ണേന്ദുവും വിണ്ണിലായ് നീളെ താരകം പൂത്തും രാക്കിളിപ്പാട്ടിൻ ശ്രുതിലയതാളമായ്
കുങ്കുമശോഭവിതറുമീ സന്ധ്യയിൽ
പൊന്നൊളി തൂകി പൂർണ്ണേന്ദുവും
വിണ്ണിലായ് നീളെ താരകം പൂത്തും
രാക്കിളിപ്പാട്ടിൻ ശ്രുതിലയതാളമായ്
മനോഞ്ജമായൂഴിയെ ധന്യമാക്കി
പൂത്താലമായൊരുങ്ങിയീ പ്രകൃതിയും
കർക്കിടകത്തിൻ കാർമേഘമകറ്റി
ചിങ്ങമിന്നേറെ തെളിമയായീടവേ
പൊൻവെയിൽ ചുംബിച്ചുന്മേഷമായി
തെച്ചിയും പിച്ചിയും തുമ്പപൂക്കളും
പൂവിളിപ്പാട്ടുമായ് പൊന്നോണനാളും
പൂക്കാലമൊരുക്കിയരികിലെത്തീടവേ
പൊൻ ചന്ദ്രിക നിലാവിലെൻ മുറ്റം
പൊന്നണിഞ്ഞ നെൽക്കതിർ ചൂടി
പൊന്നിൽ കുളിച്ചു നിന്നീടുമ്പോൾ
ഒത്തൊരുമയുടെ മഹോത്സവമായ
മാമലനാടിൻ പൊന്നോണത്തെ
ആമോദത്തെ വരവേൽക്കാനായ്
ആർപ്പുവിളികളാൽ മുഴുകുമ്പോൾ
നിലാവ് പൂക്കുമീരാവിലായ് ഞാൻ
നമ്മളൊത്തുളളയോണമോർക്കവേ
ചന്തമോടെൻമിഴിയ്ക്കിമ്പമേകിയീ
ചിങ്ങനിലാവിനുമെന്തൊരു ഭംഗിയാ..
ബീന തമ്പാൻ