കേരള പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതയായ സുകുമാരക്കുറുപ്പ് കേസ് ഒടുവിൽ അവസാനിപ്പിക്കാൻ അന്വേഷണസംഘം ഒരുങ്ങുന്നു. പതിറ്റാണ്ടുകളായി പോലീസിനെ വെട്ടിച്ച് നടക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ഇനി ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലാണ് കേസ് ഫയലുകൾ മടക്കാൻ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നത്. ഹൃദ്രോഗത്തെ തുടർന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ കുറുപ്പ് മരണപ്പെട്ടിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് വൈകാതെ തന്നെ ക്രൈംബ്രാഞ്ച് മേധാവിക്ക് സമർപ്പിക്കും.
തീർപ്പാകാത്ത പഴയ കേസുകൾ പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായി മൂന്ന് മാസം മുൻപാണ് സുകുമാരക്കുറുപ്പിന്റെ ഫയലുകൾ പോലീസ് വീണ്ടും തുറന്നത്. അന്വേഷണത്തിന്റെ ഭാഗമായി, കുറുപ്പിനെ ഒടുവിൽ കണ്ടതായി വെളിപ്പെടുത്തിയ ആലപ്പുഴ സ്വദേശിയും ഝാർഖണ്ഡിൽ നഴ്സുമായിരുന്ന രത്നമ്മ അടക്കമുള്ള പ്രധാന സാക്ഷികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിരുന്നു. രത്നമ്മ കുറുപ്പിനെ കാണുന്ന സമയത്ത് തന്നെ അയാൾ കടുത്ത ഹൃദ്രോഗിയായിരുന്നുവെന്നും അന്നത്തെ അയാളുടെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുക്കുമ്പോൾ ഇത്രയും കാലം ജീവിച്ചിരിക്കാൻ സാധ്യത തീരെയില്ലെന്നുമാണ് നിഗമനം.
1984 ജനുവരി 22-നാണ് കേരളത്തെ നടുക്കിയ പ്രശസ്തമായ കുറുപ്പ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തന്റെ പേരിലുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി താൻ മരിച്ചുവെന്ന് വരുത്തിത്തീർക്കാൻ നിരപരാധിയായ ചാക്കോ എന്ന യാത്രികനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയും തുടർന്ന് കാറിലിട്ട് കത്തിക്കുകയുമായിരുന്നു. നാല് പതിറ്റാണ്ടോളം കാത്തിരുന്ന ഉത്തരമില്ലാത്ത ചോദ്യങ്ങൾക്കാണ് ക്രൈംബ്രാഞ്ചിന്റെ ഈ അന്തിമ റിപ്പോർട്ടോടെ വിരാമമാകാൻ പോകുന്നത്.


