PRAVASI

കൊതിതീരാത്ത വാത്സല്യം.... മടുക്കാത്ത സന്തോഷം.... സുഗന്ധമുള്ള ഓണം

Blog Image

ഓണം അവധി തുടങ്ങുന്നതിനു മുൻപേ അമ്മൂമ്മേടെ അടുത്തു പോവാനായി ഒരുക്കങ്ങൾ തുടങ്ങും. സ്കൂളുകളിൽ ഇന്നത്തേ പോലുള്ള ഓണാഘോഷമൊന്നും അന്ന് ഉണ്ടായിരുന്നില്ല എങ്കിലും അച്ഛൻ ഓണാക്കോടി  മുൻപേ എടുത്തു തരും. ഓണാക്കോടി തയ്ക്കുന്നത് അടുത്തുള്ള വാസേട്ടന്റെ അടുത്താണ് തയ്ക്കാൻ കൊടുത്ത പിറ്റേന്ന് തൊട്ടു തയ്ച്ചു കിട്ടുംവരെ  ഞങ്ങൾ കുട്ടികൾ നിർത്താതെ അത് ചോദിച്ചോണ്ടേ ഇരിക്കും.  വെക്കേഷൻ തുടങ്ങുന്ന അന്നത്തെ പുലരിക്ക് വല്ലാത്തൊരു വശ്യ വെളിച്ചമാണ്.
അമ്മൂമ്മേടെ വീട്ടിലേക്കുള്ള ഓട്ടോ യാത്രയിലുടനീളം കാശിത്തുമ്പയും ചെമ്പരത്തിയും നിത്യകന്യകയുമെല്ലാം എന്നെ നോക്കി തലയാട്ടും....കായവറുത്ത വെളിച്ചെണ്ണയുടെ മണം ഉമ്മറപ്പടിയിലേ ഞങ്ങളെ കാത്തുനിക്കും. തൃക്കാ ക്കരയപ്പനെ ഉണ്ടാക്കാൻ മണ്ണുക്കുഴക്കുന്ന മൂത്തമ്മാവനോട്  നീളമുള്ള മെലിഞ്ഞ തൃക്കക്കാരായപ്പനെയാണ് എനിക്കിഷ്ടം ന്ന് അക്കുറിയും ഓർമ്മപ്പെടുത്തും. തിരുവോണത്തിനു പൂജിക്കുവാൻ തുമ്പപ്പൂത്തന്നെ വേണമെന്നത് അമ്മൂമ്മയ്ക്ക് നിർബന്ധമാണ്. പൂവിറുക്കാനായ് കൂട്ടുകാരെ കൂട്ടി അമ്പലപ്പറമ്പിലേക്കോടും. മത്സരിച്ച്‌ കഥകൾ പറഞ്ഞു തുമ്പയറുക്കും അമ്പലത്തിന്റെ വലിയത്തിണ്ണയിലിരുന്നു പൂക്കൂടച്ചെരിഞ്ഞുനോക്കി ഓരോരുത്തരും അഭിമാനം കൊള്ളും.പൂക്കൾ കുറവാണെങ്കിൽ കൂട്ടത്തോട് കുറച്ചു തുമ്പപ്പൂ കടം തരോന്ന് ചോദിച്ചോണ്ടേ ഇരിക്കും. ചിലപ്പോ കനിവുതോന്നി ആരെങ്കിലും കുറച്ചു തുമ്പപ്പൂ കൂടിത്തരും.ഞങ്ങൾ കുട്ട്യോള് സമയം വൈകുന്നു എന്ന് തോന്നിയാൽ അന്ന്വേഷണവുമായി അമ്മാവൻ അമ്പലപ്പറമ്പിലെത്തും .
 തിരുവോണത്തിനു പുലർച്ചെയാണ് പൂജ. പതിവുപോലെ മൂത്തമ്മാവനാണ് പൂജാരി. പൂജകഴിഞ്ഞാൽ ഒരാർപ്പുവിളിയുണ്ട്.പെൺകുട്ട്യോള് ആർ പ്പുവിളീല് കൂടില്ല.പല്ലുതേച്ചു കുളിച്ചുഓണാക്കോടിയൊക്കെ അണിഞ്ഞുവന്നാൽ ആദ്യം അമ്മൂമ്മ പൂജിച്ചപൂവടയിൽ നിന്ന് ഓരോ കഷ്ണം തരും. പിന്നെ ശർക്കരയടയും ഉപ്പേരിയുംപഴം നുറുക്കും കൂട്ടിയൊരു പാൽകാപ്പിയും.അമ്മവീട്ടിലെ ഓണക്കോടി സമ്മാനിക്കുന്നത് രണ്ടാമത്തെ അമ്മാവനാണ്. ഉച്ചയ്ക്ക് മുൻപേ കുമ്മാട്ടിയെത്തും.ഉള്ളിൽ അല്പം കുമ്മാട്ടിപ്പേടി ഉണ്ടെങ്കിലും അവരുടെ കുമ്മാട്ടിക്കളിയേക്കാൾ ഇഷ്ടം ആ പാട്ടിനോടായിരുന്നു.

"തള്ളേ ത്തള്ളേ ങ്ങട് പോണൂ 
ഭരണിക്കാവില് നെല്ലിന് പോണൂ 
അവിടുത്തെ തമ്പുരാൻ എന്തുപറഞ്ഞു 
തല്ലാൻ വന്നു കുത്താൻവന്നു 
ഓടിക്കേറി കൈത്തകാട്ടിൽ 
കൈതെനിക്കൊരു പൂവ് തന്നൂ..."
 ന്നൊക്കെയുള്ള കുമ്മാട്ടിയെ ആനയിക്കുന്ന ഒരു പാട്ടുണ്ട്.

ഊണിനു മുൻപ് മണ്മറഞ്ഞ കാരണവന്മാർക്ക് വീതു വയ്ക്കുന്ന ഒരു ചടങ്ങുണ്ട് ഉമ്മറത്തെ അകത്ത് പൂജ കഴിഞ്ഞാൽ പിന്നെ അവർ കഴിക്കട്ടെ എന്നു സങ്കല്പിച്ച് അമ്മാവൻ വാതിൽ പതിയെ ചാരി പുറത്തിറങ്ങും.ആരാണ് കഴിക്കുന്നേ എന്നറിയാൻ ജനൽ പാളിയിലൊടെ ഞാൻ പലവട്ടം ഒളിഞ്ഞു നോക്കിയിട്ടുണ്ട്... അപ്പോഴൊക്കെ അമ്മാവന്റെ സ്നേഹത്തിൽ കലർന്ന ശാസനയും കിട്ടും. 
ഉച്ചയ്ക്ക് ഊണ് കഴിഞ്ഞാ കൈക്കൊ ട്ടിക്കളി കാണാൻ അമ്മൂമ്മ ഞങ്ങളെ കൂട്ടിയൊരു പോക്കുണ്ട്. ജനക്യമ്പ്രാളെ കാണുമ്പളെ എല്ലാരും വിശേഷക്കെട്ടഴിക്കും. ഞങ്ങൾ കുട്ടികൾ അവിടെയൊക്കെ ഓടി നടക്കും... 
വീടുകളിൽകൈക്കൊ ട്ടിക്കളികണ്ടുകഴിഞ്ഞാ പിന്നെ അമ്പലത്തിന്റ അടുത്തുള്ള അടുത്ത കളി സ്ഥലത്തേക്കു പോവും അവിടെയും അമ്മൂമ്മയ്ക്ക് വർത്താനത്തിനു ആരെയെങ്കിലും കിട്ടും. അവിടെ ഒരു പ്രത്യേക താളത്തിൽ ഓടിയോടിയൊരു വട്ടക്കളിയാണ് അത് കാണാൻ നല്ല രസമാണ്. ഓണദിവസങ്ങളിലെല്ലാം അമ്മൂമ്മയുടെ സഹായികൾ എത്തും. അവർക്കുള്ള പങ്ക് അമ്മൂമ്മ എപ്പോഴും കരുതും. അവരൊക്കെ വീടിന്റെ പുറകിലെ എറേത്തു വന്നിരുന്നൊരു വിശേഷം പറച്ചിലുണ്ട് അതുകേൾക്കാൻ കുട്ടികൾക്കൊന്നും അവകാശമില്ലെങ്കിലുംഎന്നിലെ  കുട്ടിപ്പെണ്ണ് അത് ഒളിഞ്ഞും മറഞ്ഞുമൊക്കെ കേക്കാറുണ്ട് കേട്ടോ. 
ഇടയ്ക്കു പറമ്പുകൾ കടന്നു അമ്മാമ്മേടെ വീട്ടിലെത്തും അവിടുത്തെ അമ്മൂമ്മയോട് ഒരുപാട് വിശേഷങ്ങൾ പറയും. ഊഞ്ഞാലാടും. അമ്മാമ്മേടെ (തറവാട്ടിലെ കാരണവർ) ഓണകഥകൾകേൾക്കും.
ഓണദിവസങ്ങളിലെല്ലാം ഞാനും അനുജത്തിയും അനിയനും കൂട്ടരോടൊത്ത് ആവോളം കളിച്ചുനടക്കും. നിറയെ സന്തോഷമാണെങ്കിലും ഓണപരിക്ഷയുടെ മാർക്ക് വിവരങ്ങളുടെ തലപൊക്കൽ ഇടക്കൊക്കെ സന്തോഷത്തിന്റെ മാറ്റുകുറയ്ക്കും എന്നാലുംസന്ധ്യക്ക്‌ നാമംചൊല്ലുമ്പോ ഴൊക്കെ ഈശ്വരാ ഈ ഓണദിവസങ്ങൾ നീണ്ടുപോണേ.... ന്ന്  പ്രാർത്ഥിക്കും. എന്റെ പ്രാർത്ഥനകളെ തോൽപ്പിച്ചുകൊണ്ട് ഓണവും കടന്നുകളയും .സ്കൂൾ തുറക്കുന്നതിന്റ തലേന്ന്  തിരികെ ചെല്ലാനായ്അച്ഛൻ വണ്ടി അയക്കും അപ്പൊ ഉള്ള ഒരു സങ്കടമുണ്ട്..... ചിലപ്പോ ഞങ്ങടെ സങ്കടം കാണുമ്പോ അമ്മൂമ്മയും കുറച്ച്ദിവസത്തേക്കു കൂടെപോരും. തിരികേപ്പോരുമ്പോ കണ്ണുകൾ നിറയാറുള്ളത് പോലെ  ഇപ്പോഴും കണ്ണുകൾ നിറയുന്നു.
ഓണം ഓർമ്മകൾ ഓണനിലാവുപോൽസുന്ദരമാണ്.... നിറഞ്ഞ സ്നേഹം.... കൊതിതീരാത്ത വാത്സല്യം.... മടുക്കാത്ത സന്തോഷം.... ഒളിമങ്ങാത്ത ചിരികൾ..... ആ നല്ല ദിനങ്ങൾ ഒരു കൊച്ചുപെണ്ണിട്ട പൂക്കളംപോലെ അത്രമേൽ ഇപ്പോഴും പറ്റിച്ചേർന്നു കിടപ്പുണ്ട്.

ഡാലിയ ഉദയൻ

....

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.