ജീത്തു ജോസഫിനേക്കാളും മോഹൻലാലിനേക്കാളും പ്രതീക്ഷയുടെ അമിതഭാരം ഉള്ളത്, ജോർജ്‌കുട്ടിയുടെ ചുമലിലാണ്. എന്തിനെയും അയാൾ മറികടക്കും എന്നുള്ള വിശ്വാസം; എന്തിനെയും അയാൾ മുൻകൂട്ടി കാണുകയും, അതിനുവേണ്ടിയുള്ള പണി അവർ അങ്ങനെയൊരു കാര്യം ചിന്തിച്ചു തുടങ്ങുന്നതിനും മുൻപേ ചെയ്യുകയും ചെയ്യും എന്നുള്ള ഉറപ്പ്! കാലത്തിനു മുൻപേ സഞ്ചരിക്കുന്ന കണക്കുക്കൂട്ടലാണ് ജോർജ്‌കുട്ടി.
അയാൾ ഒന്നിലും രണ്ടിലും ചെയ്തു വച്ചിരിക്കുന്ന ബ്രില്യൻസിന്റെ ഒരു ലെവലുണ്ട്; അതിൽ നിന്നും ഒരിഞ്ച് താഴ്ത്തിപ്പിടിക്കാൻ കഴിയാത്ത ഒരു ജോർജ്‌കുട്ടി ഫാൻബോയ് ആണ് ഞാൻ. മറ്റുള്ളവർ മനസ്സിൽ കാണുമ്പോൾ അത് മരത്തിൽ കാണുന്ന, മറ്റുള്ളവർ മരത്തിൽ കാണുമ്പോൾ അത് മാനത്തു കാണുന്ന ജോർജ്‌കുട്ടി! സ്വന്തം കുടുംബത്തെ രക്ഷിക്കാൻ ഏതറ്റം വരെയും ശക്തികൊണ്ടല്ല, ബുദ്ധികൊണ്ട് സഞ്ചരിക്കുന്ന ജോർജ്‌കുട്ടി.
ജോർജ്‌കുട്ടി ജയിക്കുന്നത് മറ്റുള്ളവരുടെ കരുണ കൊണ്ടും അവരുടെ കലവറയില്ലാത്ത കനിവ് കൊണ്ടുമല്ല; അയാളുടെ കണക്കുക്കൂട്ടലുകളുടെ കരുത്തു കൊണ്ടാണ്, ആയിരിക്കണം! അതാണ് അയാളോടുള്ള ഇഷ്ടത്തിന്റെ കാതൽ. അതിനെ അടിയറവ് വയ്ക്കുന്ന എല്ലാ ഒത്തുതീർപ്പും, മറ്റേതൊരു ജോർജ്‌കുട്ടിയെയും പോലെ അയാളെ വെറുമൊരു ജോർജ്‌കുട്ടി ആക്കും.
എന്റെ ജോർജ്‌കുട്ടി ഇതല്ല, എന്റെ ജോർജ്‌കുട്ടി ഇങ്ങനല്ല!


ഷിബു ഗോപാലകൃഷ്ണൻ

