പന്ത്രണ്ടാം വയസിൽ അപ്പന്റെ സഹായത്തിനു പാതി മനസ്സോടെ പള്ളിയിൽ വന്നൊരു മനുഷ്യൻ. പിന്നീട് അങ്ങോട്ട് നീണ്ട അൻപതു വർഷക്കാലം ഒരു പരിശുദ്ധ ദേവാലയത്തിന് സഹായി യായും കാവൽക്കാരനായും നിന്നൊരാൾ.
വെറുമൊരു കപ്യാർ എന്നൊരു പദവിക്കപ്പുറം വെറ്റിലപ്പാറ ഇടവകാസമൂഹത്തിന്റെ പ്രിയപ്പെട്ടവനായിരുന്നു മുതിർന്നവവരുടെ ദേവസ്യാച്ചൻ, ഞങ്ങളുടെ ദേവസ്യാചേട്ടൻ. അൻപതു വർഷക്കാലം എന്ന് പറയുമ്പോൾ ഇടവകയിൽ സേവനമനുഷ്ഠിച്ചിരുന്ന 15 ഓളം വൈദികരുടെ സഹായി. വ്യത്യസ്തമായ സ്വഭാവസവിശേഷതകൾ നിറഞ്ഞ ഒരോ വൈദികർക്കൊപ്പവും യാതൊരു പരിഭവങ്ങളുമില്ലാതെ അയാൾ ദേവാലയശുശ്രൂഷകൾകൾക്കും സേവനങ്ങൾക്കും ഒപ്പം നിന്നു.അൾത്താരക്കൊപ്പം ദേവാലയവും പരിസരവും മനോഹരമായി ഒരുക്കി.
വ്യക്തി ജീവിതത്തിൽ എത്രയോ ത്യാഗങ്ങൾ സഹിച്ചിട്ടുണ്ടാവും ദേവസ്യചേട്ടൻ. ശുശ്രുഷിയായി സേവനം ചെയ്ത അഞ്ചു പതിറ്റാണ്ടോളം കാലത്ത് ഒരിക്കൽ പോലും തന്റെ കടമകളിൽ അദ്ദേഹം ഒരിഞ്ചു പോലും വീഴ്ച്ച വരുത്തിയിട്ടില്ല എന്നറിയുമ്പോൾ ആണ് അദ്ദേഹത്തിന്റെ മഹത്വം മനസിലാവുക തന്റെ ഒരാവശ്യങ്ങൾക്ക് വേണ്ടിയും സന്തോഷത്തിനു വേണ്ടിയും അദ്ദേഹം ദേവാലയശുശ്രുഷകളിൽ നിന്നും മാറിനിന്നിട്ടല്ല. എന്നും എന്നുമെന്നു പറഞ്ഞാൽ വർഷത്തിൽ എല്ലാ ദിവസവും ഏതു മഴയത്തും, ഏതു കൊടും ത ണുപ്പിലും, പുലർച്ചെ 4.30 നു അദ്ദേഹം പള്ളിയിൽ എത്തിയിരുന്നു. 6.00 മണിക്കുള്ള പള്ളിമണിയിൽ മുതലേ നമ്മൾ അദ്ദേഹത്തിന്റെ സാന്നിധ്യം അറിയുമായിരുന്നുള്ളു എങ്കിലും അതിനുമെത്രയോ മുന്നേ അദ്ദേഹം തന്റെ കടമകളി ലേക്ക് കടന്നിട്ടുണ്ടാവും.
അൾത്താരബാലൻ ആയിരുന്ന കാലത്തൊക്കെ ഞങ്ങളുടെ പേടി സ്വപ്നമായിരുന്നു ദേവസ്യചേട്ടൻ. പ്രാർത്ഥനകൾ ചൊല്ലുമ്പോൾ ഒരു വാക്കെങ്കിലും തെറ്റിയാൽ ദേവസ്യചേട്ടൻ അത് കണ്ടു പിടിക്കുമായിരുന്നു. ബൈബിൾ വായിക്കുമ്പോളോ, ലേഖനം വായിക്കുമ്പോളോ അശ്രദ്ധമായാൽ, തെറ്റിച്ചു വായിച്ചാൽ ഉറപ്പായും വഴക്ക് കേൾക്കേണ്ടി വരും.
അദ്ദേഹത്തെ പേടിച്ചു ഞങ്ങൾ പ്രാർത്ഥനകൾ നന്നായി ചൊല്ലിയിട്ടുണ്ട്. വിശുദ്ധ പുസ്തക വായനകൾ നേരത്തെ വായിച്ചു തെറ്റ് തിരുത്തി വെച്ചിട്ടുണ്ട്, അൾത്താരയിൽ തികഞ്ഞ അച്ചടക്കത്തോടെ നിന്നിട്ടുണ്ട്.പള്ളിമുറിയിലെ എല്ലാ വസ്തുക്കളും അദ്ദേഹത്തിന്റെ കർശന നിരീക്ഷണത്തിൽ ആയിരുന്നു. അനുവാദമില്ലാതെ ആർക്കും അതിൽ സ്പർശിക്കാൻ പോലുംകഴിഞ്ഞിരുന്നില്ല
വെറ്റിലപ്പാറ എന്ന ചെറിയ ഇടവകാ സമൂഹത്തിലെ എല്ലാ മനുഷ്യരുടെയും ജീവിതത്തിലെ ഏതെങ്കിലും ഒരു ചടങ്ങിൽ ദേവസ്യചേട്ടൻ സാന്നിധ്യമായിട്ടുണ്ടാവും എന്നുറപ്പാണ്. അത്രയേറെ ആഴത്തിൽ ആ സമൂഹത്തിൽ പതിഞ്ഞൊരു വ്യക്തിയാരുന്നു അദ്ദേഹം.
കൊറോണകാലത്തു മൂത്തമകൻ വിൽസൻ അപ്രതീക്ഷിതമായി ദൈവത്തിങ്കലേക്ക് തിരിച്ചു വിളിക്കപെട്ടപ്പോളും അദ്ദേഹം ദൈവത്തോട് പിണങ്ങിയില്ല
" ഒരു പുരുഷായുസ്സു മുഴുവൻ നിന്റെ ആലയത്തിന് കാവാലായിരുന്നിട്ടും നീ എന്നോട് ക്രൂരത കാണിച്ചില്ലേ? "
എന്നൊരു പരിഭവം ചിലപ്പോൾ ഒറ്റക്കായിരുന്നപ്പോൾ അദ്ദേഹം ദൈവത്തോട് പറഞ്ഞിട്ടുണ്ടാവും. അതിനപ്പുറം ഒരു പിണക്കം പോലും അദ്ദേഹം ദൈവത്തോട് കാണിച്ചിട്ടില്ല.
വാർദ്ധക്യസഹജമായ ക്ഷീണണവും കടുത്ത ശ്വാസം മുട്ടലും ഒക്കെ തളർത്തിതുടങ്ങിയതിനാൽ കഴിഞ്ഞ വർഷത്തോടെ ദേവാലയ ശുശ്രുഷി എന്ന നിലയിൽ നിന്നും അദ്ദേഹം മെല്ലെ മെല്ലെ അവധിയെടുത്തു
ഇടവകാസമൂഹത്തിന്റെ മുഴുവൻ സാന്നിധ്യത്തിൽ മേജർ ആർച്ച് ബിഷപ്പിൽ നിന്നും ആദരവ് ഏറ്റു വാങ്ങി പാതി മനസ്സോടെ അദ്ദേഹം വിശ്രമജീവിതത്തിലേക്ക് കടന്നിരുന്നു.
ഇന്ന് ദേവസ്യചേട്ടന്റെ ദേഹം പള്ളിയിലേക്ക് എത്തുമ്പോൾ മരണമണി മുഴങ്ങും. പക്ഷെ അത് പതിറ്റാണ്ടുകളോളം ആയി വെറ്റിലപ്പാറക്കാർ കേട്ടൊരു ഈണത്തിൽ ആയിരിക്കില്ല. ആ മരണ മണിയുടെ താളം തെറ്റും
പള്ളിയിലെ ചടങ്ങുകൾ ക്ക് ശേഷം ദേഹം പുറത്തെക്ക് എടുക്കും മുന്നേ മരിച്ചയാൾ ദേവാലയത്തോട് യാത്ര പറയുന്ന പോലൊരു പ്രാർത്ഥനയുണ്ട് ശുശ്രൂഷി ചൊല്ലുന്നത്
" ദൈവത്തിന്റെ ഭവനമേ, ഞാൻ നിന്നോട് യാത്ര പറയുന്നു....... പ്രിയപെട്ട ദേവാലയമേ ഞാൻ നിനക്ക് വന്ദനം പറയുന്നു "
എത്രയോ പേർക്ക് ദേവസ്യചേട്ടൻ ചൊല്ലികൊടുത്ത ആ പ്രാർത്ഥന മറ്റാരോ ഇന്ന് അദ്ദേഹത്തിനു വേണ്ടി ചൊല്ലും.
ദേവസ്യചേട്ടന്റെ വീട്ടിൽ നിന്നും വിളിച്ചാൽ കേൾക്കുന്ന ദൂരത്തിലുള്ള സെമിത്തെരിയിൽ അദ്ദേഹത്തെ അടക്കിക്കഴിഞ്ഞു എല്ലാവരും പള്ളിമുറ്റത്തിരിക്കുമ്പോൾ ഒരു ഇളം കാറ്റ് ചിലപ്പോൾ തഴുകി വീശും
ആ കാറ്റിൽ പള്ളിമുറിയുടെ താഴത്തെ മുറിയിലെ ദേവസ്യചേട്ടന്റെ മുറിയിൽ അലക്കിതേച്ചു മനോഹരമായി തൂക്കിയിട്ടിരിക്കുന്ന ഒരിളം നീല ഷർട്ട് ചെറുതായൊന്നു ഇളകും.
വെറ്റിലപ്പാറയുടെ ദേവാലയകാവൽക്കാരന് സ്നേഹത്തോടെ വിട


ദീപു തോമസ്.

