മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 87 വയസായിരുന്നു.
ഇടുക്കി ജില്ല രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ ഡിസിസി പ്രസിഡന്റായിരുന്നു. ഇടുക്കിയെ പ്രതിനിധീകരിച്ച് 1980ലും 1982ലുമാണ് അദ്ദേഹം നിയമസഭയില്‍ എത്തിയത്. ഹൈക്കോടതി അഭിഭാഷകനായ അദ്ദേഹം എഐസിസി, ദീർഘകാലം കെപിസിസി നിര്‍വാഹക സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് പാർട്ടി വിട്ട അദ്ദേഹം, പിന്നീട് തൃണമൂൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 2009ൽ എൻസിപി പിന്തുണയോടെ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തു. രാഷ്ട്രീയമായ നീണ്ട ഇടവേളയ്ക്ക് ശേഷം 2022 ഡിസംബറിൽ അദ്ദേഹം മാതൃസംഘടനയായ കോൺഗ്രസിലേക്ക് തന്നെ തിരിച്ചെത്തി.പെറ്റീഷൻസ് കമ്മിറ്റി ചെയർമാൻ (1982-84), ഇടുക്കി ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്, ന്യൂഡൽഹിയിലെ നാഷണൽ കോ-ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ, ഡയറക്ടർ, നാഫെഡ് വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. സംസ്കാരം പിന്നീട്.

