കൊച്ചി: പിണറായി വിജയൻ മുഖ്യമന്ത്രി ആയിരിക്കെ അദ്ദേഹത്തിൻ്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി ശശിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ ഓഫീസ് കേന്ദ്രീകരിച്ച് സമാന്തര പൊലീസ് ഭരണം നടത്തുകയും കള്ളക്കേസ് ചുമത്തി വ്യവസായിയെ ജയിലിലടക്കുകയും ചെയ്ത പരാതിയിൽ ഉന്നതതല അന്വേഷണം വരുന്നു. ആഭ്യന്തര മന്ത്രിക്ക് ചെന്നൈ സ്വദേശിയായ വ്യവസായി മുഹമ്മദ് ഷർഷാദ് നൽകിയ പരാതിയിലാണ് അന്വേഷണം. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ കൊച്ചി ഡെപ്യൂട്ടി കമ്മീഷണറാണ് അന്വേഷണം നടത്തുക. ഇതു സംബന്ധമായ ഉത്തരവ് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പൊലീസ് ആസ്ഥാനത്തെ ഐജി ഹർഷിത അട്ടലൂരിയാണ് നൽകിയിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയൻ തന്നെ ഈ അന്വേഷണത്തിനും മേൽനോട്ടം വഹിക്കും. അന്വേഷണത്തിൻ്റെ ഭാഗമായി സെപ്റ്റംബർ 5 ശനിയാഴ്ച രാത്രി കൊച്ചി കമ്മീഷണറേറ്റിലേക്ക് വിളിച്ച് വരുത്തിയ പരാതിക്കാരൻ്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും, സംസ്ഥാന സെക്രട്ടറിയും, പർട്ടി സെക്രട്ടറിയുടെ മകനും സിപിഎം ബ്രിട്ടൻ ഘടകത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറായിരുന്ന വ്യവസായിയും ചേർന്ന് ഗൂഢാലോചന നടത്തി കള്ള കേസിൽ കുടുക്കി ജയിലിൽ അടപ്പിച്ചതായാണ് പരാതിയിൽ പറയുന്ന പ്രധാന ആരോപണങ്ങളിൽ ഒന്ന്. പി ശശിയുടെ പനമ്പിള്ളി നഗറിലെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നതെന്നും ഷർഷാദ് ആരോപിച്ചിട്ടുണ്ട്.
സിപിഎം ബ്രിട്ടൻ ഘടകത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും വിവാദ വ്യവസായിയുമായ വ്യക്തിയുടെ നിയമ വിരുദ്ധ പ്രവർത്തികൾക്ക് എതിരെ സിപിഎം പി.ബിയ്ക്ക് മുഹമ്മദ് ഷർഷാദ് നൽകിയ പരാതിയെ തുടർന്ന് അദ്ദേഹത്തെ തമിഴ്നാട്ടിൽ വച്ച് നടന്ന പാർട്ടി കോൺഗ്രസ്സിൽ പങ്കെടുക്കുന്നതിൽ നിന്നും സിപിഎം വിലക്കിയിരുന്നു. ഈ പകയാണ് കള്ളക്കേസിൽ കുടുക്കുന്നതിലേക്ക് നയിച്ചതെന്നും പരാതിയിൽ എടുത്ത് പറയുന്നുണ്ട്.
പരാതിയിൽ പറയുന്ന മറ്റ് പ്രസക്ത ഭാഗങ്ങൾ ചുവടെ :-
1.പർട്ടി സെക്രട്ടറിയുടെ മകൻ വഴിയാണ് ഞാൻ സിപിഐഎമ്മിന് വേണ്ടി ലണ്ടൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വിവാദ വ്യവസായിയെ പരിചയപ്പെടുന്നത്. ഇയാൾ സിപിഐഎമ്മിൽ പ്രവർത്തിക്കുന്ന നേതാക്കളുമായി എല്ലാം അടുത്ത ബന്ധമുള്ള ആളും, ഈ നേതാക്കൾക്ക് വേണ്ടിയും പി .ശശിക്ക് വേണ്ടിയും ബിനാമി ഇടപാടുകളും മറ്റും നടത്തി വരുന്ന വ്യക്തിയുമാണ്. ഇയാൾ തന്നെയാണ് സിപിഐഎം നേതാക്കൾ ലണ്ടനിൽ വിസിറ്റ് ചെയ്യുമ്പോൾ അവിടെ അവർക്കു വേണ്ട എല്ലാ സഹായങ്ങളും മറ്റും നൽകി വരുന്നത്.
2. പർട്ടി സെക്രട്ടറിയുടെ മകൻ പല രഹസ്യങ്ങളും അനധികൃത സാമ്പത്തിക ഇടപാടുകളും ഈ ലണ്ടൻ വ്യവാസായിക്ക് അറിയാമായിരുന്നു. അതിനാൽ പർട്ടി സെക്രട്ടറിയെകൊണ്ട് പോലും പല കാര്യങ്ങൾ ഭീഷണിപ്പെടുത്തി ഇയാൾ ചെയ്യിക്കുമായിരുന്നു.
3. എന്റെ ഭാര്യ ഫിലിം ഫീൽഡിൽ ജോലി ചെയ്യുന്ന ആൾ ആണ്, പല സിനിമകളും മമ്മുട്ടിയുടേത് ഉൾപ്പെടെ പ്രൊഡ്യൂസ് ചെയ്യുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ആയതിലേക്ക് പല പണമിടപാടുകളും സിപിഐഎം നേതാക്കളുടെ ബിനാമി പേരിൽ നിന്നും ലണ്ടനിൽ നിന്നും കള്ള പണം ആയി എത്തിച്ചിരുന്നത് ഈ ലണ്ടൻ വ്യവാസായാണ്.
4. ഇദ്ദേഹം പിന്നീട് എന്റെ ഭാര്യയുമായി അടുക്കുകയും ഞങ്ങളെ തമ്മിൽ പിരിക്കുകയും മറ്റും ചെയ്തു. അപ്പോഴാണ് ലണ്ടൻ വ്യവാസായിക്കെതിരെ ഞാൻ ശ്രീ കോടിയേരി ബാലകൃഷ്ണൻ അവർകളെ നേരിട്ട് കണ്ട് പരാതി നൽകുന്നത്. ശ്രീ കോടിയേരി ബാലകൃഷ്ണൻ ആണ് എന്നോട് സിപിഐഎം പോളിറ്റ് ബ്യൂറോയിൽ പരാതി നൽകുവാൻ നിർദ്ദേശിച്ചത്.
5. അങ്ങനെ ആണ് ഞാൻ ലണ്ടൻ വ്യവാസായിക്ക് എതിരെ സിപിഐഎം പോളിറ്റ് ബ്യൂറോയിൽ പരാതി തെളിവ് ഉൾപ്പെടെ നൽകുന്നത്. ഇതിൽ സിപിഐഎം നേതാക്കളുമായുള്ള വഴി വിട്ട സാമ്പത്തിക ഇടപാടുകളും, പി ശശിയെ കൊണ്ട് അന്യായമായി പോലീസ് വഴി പല കാര്യങ്ങൾ ചെയ്യിക്കുന്നതും ഉൾപ്പടെ ഉൾക്കൊള്ളിച്ചിരുന്നു.
6. ഈ പരാതി നൽകിയതിൽ വിവാദ വ്യവാസായിക്കും, പർട്ടി സെക്രട്ടറിയുടെ മകനും പൊളിറ്റിക്കൻ സെക്രട്ടറി, പാർട്ടി സെക്രട്ടറിയുടെ മകനും എന്നോട് ദേഷ്യവും ശത്രുതയും ഉണ്ടായിരുന്നു. പലപ്പോഴും ഇവർ എന്നെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. എന്നെ പല രീതിയിൽ കൊല്ലും എന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ടും ഉണ്ട്. എന്റെ ജീവിതം തകർക്കാൻ എന്ത് വേണമെങ്കിലും ചെയ്യും എന്ന് അവർ പറഞ്ഞിരുന്നു.
7. ലണ്ടൻ വ്യവാസായിക്ക് എതിരെ രണ്ടായിരത്തി ഇരുപത്തിരണ്ടു മുതൽ രണ്ടായിരത്തി ഇരുപത്തിയഞ്ചു വരെ പത്തനംതിട്ട എറണാകുളം കടവന്ത്ര കണ്ണൂർ സിറ്റി പോലീസ് മറ്റും സൈബർ സെൽ എന്നീ സ്ഥലങ്ങളിൽ പരാതി നൽകുകയുണ്ടായി. ഈ പരാതികൾ നടപടി ആക്കാതിരുന്നപ്പോൾ തുടർന്ന് അന്നത്തെ പത്തനംതിട്ട എസ് പി ആയിരുന്ന നിശാന്തിനി ഐപിഎസ്, ഹേമ കമ്മിറ്റി റിപ്പോർട്ട് അന്വേഷിച്ചിരുന്ന എസ്.ഐ.ടി. ടീമിൽ അംഗമായിരുന്ന ജി പൂങ്കുഴലി ഐപിഎസ് തുടർന്ന് അന്നത്തെ ബഹുമാനപ്പെട്ട കേരള ഡിജിപി ആയിരുന്ന ഷെയ്ഖ് ദർവേഷ് സാഹേബ് തുടർന്ന് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ബഹുമാനപ്പെട്ട പിണറായി വിജയൻ അവർകൾക്കും നൽകുകയുണ്ടായി.
8. പക്ഷേ പരാതിയിൽ പറഞ്ഞിരിക്കുന്ന വ്യക്തികളുടെ പേരുകൾ കാരണം യാതൊരു നടപടിയും എടുക്കാതെ പകരം എന്റെ കമ്പനിയുടെ ഇൻവെസ്റ്റേഴ്സിനെ സിനിമയിൽ പ്രൊഡ്യൂസർ ആക്കാമെന്ന് പറഞ്ഞുകൊണ്ട് അവരെക്കൊണ്ട് എനിക്ക് എതിരെ അന്നത്തെ എറണാകുളം ടൗൺ സൗത്ത് എസിപി ആയ രാജ് കുമാറിന്റെ അധികാരം ഉപയോഗിച്ചുകൊണ്ട് ഒക്ടോബർ 15നു ക്രൈം നോ.756/2025, 757/2025 എന്ന നമ്പറിൽ ബിഎൻഎസ് 316, 318(1), 318(3), 318(4), 61(2), 3(5) എന്നീ ഗുരുതരമായ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും അന്നത്തെ ദിവസം മുതൽ ഒക്ടോബർ 29 വരെ എന്റെ മൊബൈൽ ഫോൺ പോലീസ് ട്രാക്ക് ചെയ്യുകയും ഞാൻ ദുബായ് അടക്കം പല സ്ഥലങ്ങളിൽ യാത്രയിലാണെന്ന് മനസിലാക്കുകയും പിന്നീട് ഒക്ടോബർ 29 ആം തീയതി ഞാൻ ചെന്നൈ എത്തിയതായി അവർ മൊബൈൽ ട്രക്കിങ്‌ലൂടെ മനസിലാക്കുകയും തുടർന്ന് ഒക്ടോബർ 30ആം തീയതി രാത്രി എറണാകുളം സൗത്ത് സ്റ്റേഷൻ പ്രിൻസിപ്പൽ എസ്.ഐ. ആയ ശ്രീജിത്തും സംഘവും ഒരു സ്വകാര്യ വാഹനമായ മഹിന്ദ്ര XUV 700 ബ്ലാക്ക് കളർ കൊച്ചിയിൽ നിന്നും ചെന്നൈയിലേക്ക് യാത്ര തിരിക്കുകയും ഒക്ടോബർ 31 ആം കാലത്തേ 8.30 നു ഏകദേശം 300 ഓളം വീടുകൾ ഉള്ള എന്റെ ചെന്നൈയിലെ റെസിഡന്റിൽ സൊസൈറ്റിക്ക് അകത്ത് അതിക്രമിച്ചു കടന്നു എന്റെ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന അഞ്ചാമത്തെ ബ്ലോക്ക് ആയ ഇ ബ്ലോക്കിൽ നാലാം നിലയിലുള്ള എന്റെ വീടിന്റെ അകത്തു കയറിവന്നു യാതൊരുവിധ വാറണ്ടോ നോട്ടീസോ നൽകാതെ വീട് പരിശോധിക്കുകയും എന്റെ മൊബൈൽ ഫോണുകൾ പിടിച്ചു എടുക്കുകയും തുടർന്ന് ഒരു തീവ്രവാദിയെ പിടികൂടുന്ന രീതിയിൽ യാതൊരുവിധ മുന്നറിയിപ്പും കൂടാതെ നിയമവിരുദ്ധമായി പിടിച്ചുകൊണ്ടു സൊസൈറ്റിയിൽ താമസിക്കുന്ന അനവധി പേരുടെ മുന്നിലൂടെ പുതിയ നിയമവ്യവസ്ഥയായ ബിൻസ് പ്രകാരം പറയുന്ന അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് പാലിക്കേണ്ട യാതൊരു നിയമങ്ങളും ബഹുമാനപ്പെട്ട സുപ്രീം കോടതി പല ഉത്തരവുകളിലും പറഞ്ഞിരിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പുള്ള യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ ഉദ്ദേശം 17-18 മണിക്കൂറിൽ കൂടുതൽ എടുത്തു കൊണ്ടു മുകളിൽ പറഞ്ഞിരിക്കുന്ന വാഹനത്തിൽ എന്നെ എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ കൊണ്ടുവരുകയും അർദ്ധരാത്രി രണ്ടു മണിക്ക് ഏകദേശം 20 ഓളം മീഡിയകളുടെ സാനിധ്യത്തിൽ എന്നെ ലോക്കപ്പിൽ അടക്കുകയും ചെയ്തു.
അടുത്ത ദിവസം ഉച്ചക്ക് 12 മണിയോടെ വീണ്ടും മീഡിയകളെ വിളിച്ചുവരുത്തി എന്നെ അപമാനിക്കണം എന്ന ഉദ്ദേശത്തോടൊകൂടി കൈവിലങ്ങു അണിയിച്ചുകൊണ്ടു മീഡിയകളുടെ മുന്നിലൂടെ പരേഡ് നടത്തുകയും ശേഷം ചെന്നൈയിൽ നിന്നും കസ്റ്റഡിയിൽ എടുത്തു 30 മണിക്കൂറിനു ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി മുകളിൽ പറഞ്ഞ ജ്യാമമില്ല വകുപ്പ് പ്രകാരം റിമാൻഡ് ചെയ്യിച്ചു കാക്കനാട് എറണാകുള ജില്ലാ ജയിലിൽ അടച്ചു. അന്നേ ദിവസം നവംബർ 1, 2025 ശനിയാഴ്ച ആയതിനാൽ തൊട്ടടുത്ത തിങ്കളാഴ്ച നവംബർ 3 നു എന്റെ വക്കീൽ ജ്യാമാ പേക്ഷ നൽകുകയും നവംബർ 4 നു ജ്യാമം ലഭിച്ചു നവംബർ 5 നു പുറത്തു ഇറങ്ങുകയും ചെയ്തു.
9. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയോടും ബഹുമാനപ്പെട്ട കേരള ആഭ്യന്തര മന്ത്രിയോടും എന്റെ നിയമ വിരുദ്ധ അറസ്റ്റിൽ പ്രവർത്തിച്ച എല്ലാവരെയും അന്വേഷിച്ച് കണ്ടെത്തുകയും 2025 സെപ്റ്റംബർ മുതൽ 2025 നവംബർ വരെ പൊളിറ്റിക്കൽ സെക്രട്ടറി, പൊളിറ്റിക്കൽ സെക്രട്ടറിയുടെ മകൻ, പാർട്ടി സെക്രട്ടറിയുടെ മകൻ, വിവാദ ലണ്ടൻ വ്യവാസായി, എസിപി രാജ്‌കുമാർ, എന്നിവർ അവർക്കു വേണ്ടി കംപ്ലൈന്റ്റ് നൽകിയ എന്റെ കമ്പനിയുടെ ഇൻവെസ്റ്റർസ് ആയ സജു കെ പി, രാകേഷ് മാധവ്, എന്നിവർ ചേർന്നു പൊളിറ്റിക്കൻ ,സെക്രട്ടറിയുടെ പനമ്പിള്ളി നഗറിലെ ഓഫിസിൽ വച്ച് നടത്തിയ ഗൂഢാലോചനയുടെ തെളിവുകൾ സീകരിക്കുന്നതിനു വേണ്ടി അവരുടെ ഫോൺ കാൾസ് വാട്സ് ആപ്പ് ചാറ്റുകളും സമാനമായ കമ്മ്യൂണിക്കേഷൻ റെക്കോർഡും പരിശോദിക്കണമെന്നും ആവശ്യപെടുന്നു.
10. ജീവിതത്തിൽ ഇന്നേ വരെ ഒരു കേസിലും ഉൾപ്പെടാത്ത എനിക്ക് ഉണ്ടായ ഈ അനുഭവം തീർത്തും ഒരു സംസഥാന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശ്വസ്തത നഷ്ടപെടുത്തുന്നതും ദുരുപയോഗം ചെയ്തതിനും വ്യക്തമായ തെളിവാണ്. ( എല്ലാവരുടെയും കൃത്യമായ പേര് വിവരങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത് )
മേൽ പറഞ്ഞ കാര്യങ്ങളാണ് പരാതിയിൽ മുഹമ്മദ് ഷർഷാദ് ഉന്നയിച്ചിരിക്കുന്നത്. പി ശശിയുടെയും മറ്റും ഫോൺകോൾ വിശദാംശങ്ങൾ, വാട്സ് ആപ്പ് ചാറ്റുകൾ എന്നിവ പരിശോധിച്ചാൽ, അദ്ദേഹം പൊളിറ്റിക്കൽ സെക്രട്ടറിയായ കാലത്ത് നടന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുമെന്നാണ് പരാതിക്കാരൻ പറയുന്നത്. ഇതോടെ പുതിയ ഒരു കുരുക്കിലേക്കാണ് പി ശശി പോകുന്നത്. പിണറായി മുഖ്യമന്ത്രി ആയിരിക്കുമ്പോൾ പൊലീസിനെ അടക്കി ഭരിച്ച പി ശശി ചോദ്യം ചെയ്യലിന് ഹാജരാകേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

