LITERATURE

മനോഹർ തോമസിന്റെ 'കിളിമഞ്ചാരോയിൽ മഴ പെയ്യുമ്പോൾ' ( ഒരു ആസ്വാദനക്കുറിപ്പ് )

Blog Image
 ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിൽ ഒതുക്കി നിർത്താനാവില്ല മനോഹർ തോമസ് എന്ന കഥാകൃത്തിനെ,ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉയർച്ച താഴ്ചകളിൽ സുഖദുഃഖങ്ങളിൽ നിറഞ്ഞാടിയ മനോഹറിന്റെ അനുഭവസമ്പത്തിന്റെ കലവറയിലെ ഒരു പിടി മുത്തുമണികൾ മാത്രമാണ് 'കിളിമഞ്ചാരോയിൽ മഴപെയ്യുമ്പോൾ' എന്ന ഈ കഥാസമാഹാരം.

ഒറ്റയിരിപ്പിന് വായിച്ച് തീർക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രിയ സുഹൃത്ത് മനോഹർ തോമസ് എഴുതിയ 'കിളിമഞ്ചാരോയിൽ മഴപെയ്യുമ്പോൾ' എന്ന ചെറുകഥാസമാഹാരം കൈയ്യിലെടുത്തത്. എന്നാൽ ആദ്യത്തെ കഥ  'രാഗം ഭൈരവി' വായിച്ചു കഴിഞ്ഞപ്പോൾ തന്നെ മനസ്സിലായി,ലളിത ശുദ്ധമായ മലയാള ഭാഷയാണ് ഉപയോഗിച്ചിരുന്നതെങ്കിൽ തന്നെയും കുറച്ചുകൂടി ആഴത്തിലുള്ള വായന അർഹിക്കുന്ന ഒരു കൃതിയാണ് ഇതെന്ന്,

 പമ്പാനദിയിലെ കുഞ്ഞോലകൾ, കാറ്റിലാടുന്ന തെങ്ങോലകൾ,പ്രഭാതത്തെ വിളിച്ചുണർത്തുന്ന കിളികളുടെ കളകളനാദം-, അത്തരം ഗൃഹാതുരത്വം തുളുമ്പുന്ന വാചകകസർത്തുക്കളോന്നും പിറന്ന നാടിനെയും പറഞ്ഞു തുടങ്ങിയ മലയാള ഭാഷയെയും എന്നും നെഞ്ചിലേറ്റുന്ന ഈ സ്നേഹിതന്റെ കഥകളിൽ ഇടം കാണുന്നില്ല.

 'പ്രവാസ സാഹിത്യം'എന്ന ചങ്ങലയിൽ തളയ്ക്കപ്പെടാതെ അതിരുകൾ കടന്ന് സ്വച്ഛന്ദം വ്യാപരിക്കുന്നു.മനോഹറിന്റെ ജീവിതഗന്ധിയായ കഥാനുഭവങ്ങൾ.

 കിഴക്കും പടിഞ്ഞാറും,തെക്കും വടക്കുമെല്ലാം ചേരുംപടി ചേർത്ത്,ഒരു വാക്കുപോലും അധികപ്പറ്റാകാതെ സ്ഫുടം ചെയ്തെടുത്തതാണ് 'കിളിമഞ്ചാരോയിൽ മഴപെയ്യുമ്പോൾ' എന്ന കഥാസമാഹാരത്തിലെ ഓരോ കഥകളും.പറയേണ്ടതെല്ലാം പറഞ്ഞിട്ടുണ്ട്,പറയേണ്ടതല്ലാത്തതൊന്നും  പറഞ്ഞിട്ടില്ല.

ഈ കഥാസമാഹാരത്തിലെ പ്രഥമ കഥയായ 'രാഗം ഭൈരവി' എന്ന  കഥയുടെ തുടക്കം തന്നെ ഗംഭീരമാണ്. നിരവധി വേഷങ്ങളാണ് ജീവിതത്തിൽ കെട്ടേണ്ടി വരുന്നത്.ഏറ്റവും യോജിച്ച വേഷം കിട്ടുന്നവരെ നമ്മൾ ജീവിതവിജയി എന്നൊക്കെ പറയും.ചോദിക്കാത്ത വേഷങ്ങളുമായി ആടിതീർത്ത് രംഗം വിടുന്ന എത്രയോ കഥാപാത്രങ്ങളുണ്ട്.ഈ കഥകളിലൂടനീളം വൈവിധ്യമാർന്ന ദേശക്കാരുണ്ട്,ഭാഷക്കാരുണ്ട്,പച്ചയായ മനുഷ്യരുണ്ട്,അവരുടെ തേങ്ങലുകളും വിങ്ങലുകളുമുണ്ട്.

ആദ്യത്തെ കഥയുടെ ആദ്യ വാചകവുമായി ചേർന്നു നിൽക്കുന്നതാണ് രണ്ടാമത്തെ കഥയായ 'എപ്പിസ്‌കോഷയുടെ തുടക്കം'

"നമ്മൾ ചിലരെ പരിചയപ്പെടുമ്പോൾ മനസ്സ് പറയും ഇയാൾ ഒരിക്കലും ഇങ്ങനെ ആകേണ്ട ഒരാൾ അല്ല എന്ന് പോലീസുകാരനും പട്ടാളക്കാരനും സ്കൂൾ മാഷും ഒക്കെ അതിൽപ്പെടും .

എത്ര ശരിയായ ഒരു നിരീക്ഷണമാണിത്. വേറിട്ടൊരു ജീവിതശൈലിയുള്ള ഒരു പുരോഹിതന്റെ കഥയാണിത്.കുപ്പായത്തിന്റെ പുറംചട്ട അഴിഞ്ഞു വീഴുമ്പോൾ ,അയാളും മറ്റുള്ളവരെ പോലെ തന്നെ കുറ്റങ്ങളും കുറവുകളും മോഹങ്ങളും മോഹഭംഗങ്ങളുമൊ ക്കെയുള്ള ഒരു സാധാരണ മനുഷ്യനാണ് എന്ന സത്യം നർമ്മത്തിലൂടെ വരച്ചുകാട്ടുന്നു. നമ്മൾ സങ്കൽപ്പിക്കുന്ന ഒരു പുരോഹിതന് ചേരാത്ത പല പ്രവർത്തികളും ഇദ്ദേഹം കാട്ടിക്കൂട്ടുന്നു.എന്നാൽ അദ്ദേഹം വലിയൊരു മനുഷ്യസ്നേഹിയായിരുന്നു എന്ന സത്യം കഥയുടെ അവസാന വാചകത്തിലുണ്ട് . 

സമ്പത്തിന്റെ നട കയറുമ്പോൾ എപ്പോഴോ കേട്ടു മറന്ന ദൈന്യതയുടെ നിലവിളികൾ ഓർക്കാതെ പോകരുത്.ഉടയ തമ്പുരാൻ നിനക്ക് കൂട്ടിനുണ്ടാവും.

 റിയാലിറ്റിയും ഫാന്റസിയും ഇഴ ചേർത്ത് നെയ്‌തെടുത്ത ഒരു കഥയാണ് 'കൊക്കരണി'. മനുഷ്യവികാരങ്ങളുടെ വിവിധ തലങ്ങളിലേക്ക് അത് നമ്മെ കൈപിടിച്ചു നടത്തുന്നു.

 'ന്യൂയോർക്കിലെ വിശപ്പ്'എന്ന കഥ ഒരു വലിയ സത്യത്തിന്റെ ചെറിയ പതിപ്പാണ്.ഒരു സാൻവിച്ചിന് കൈയ്യിലുണ്ട് ,കാശ് തികയാതെവരുമ്പോൾ, ഒരു കാവൽ മാലാഖയെപോലെ പ്രത്യക്ഷപ്പെടുന്ന ആറടി ഉയരമുള്ള ഒരു കറുമ്പൻ- ഒരു മുൻവിധിയോടെ നമ്മൾ കാണുന്ന കറുത്ത വർഗ്ഗക്കാരുടെ നന്മയെ, അയാളുടെ ഒരു വാചകത്തിലൂടെ മനോഹർ നമ്മളെ തിരുത്തി കാണിക്കുന്നു. "തികയില്ല, അല്ലേ ? സാരമാക്കേണ്ട, ഞാൻ കവർ ചെയ്തോളാം.. ഞാൻ ഈ വഴിയിലൂടെ ഒരുപാട് ദൂരം അമർത്തി ചവിട്ടി നടന്നു പോയതാണ്"

അവസാന ഭാഗമായി ചേർത്തിട്ടുള്ള 'മുത്തലാക്ക്‌' എന്ന കഥ വായനക്കാരനെ ഒരു twilight zone-ലേക്ക് നയിക്കുന്നു യഥാർത്ഥ ലോകത്തിൽ നിന്നും ഏതോ ഒരു പുതിയ പ്രതലത്തിൽ എത്തിയ പ്രതീതി.

കഥാകൃത്ത് തന്നെ ഒറ്റ വാചകത്തിലൂടെ അത് വെളിവാക്കുന്നു. വായനക്കാരന്റെ നേരെ തൊടുത്തു വിടുന്ന ഒരു ചോദ്യത്തിലൂടെ-

 "അതൊരു സ്വപ്നമായിരുന്നോ ?
 
'കിളിമഞ്ചാരോയിൽ മഴപെയ്തപ്പോൾ'എന്ന പുസ്തകത്തിലെ ഒരു കഥയിൽപ്പോലും അവസാനവാക്ക് കഥാകൃത്തിന്റെതല്ല.ആ തീരുമാനം പൂർണമായും വായനക്കാരന് വിട്ടുകൊടുത്തിരിക്കുകയാണ്, അത് തന്നെയാണ് ഈ കഥകൾ വീണ്ടും വായിക്കുവാൻ നമ്മളെ പ്രേരിപ്പിക്കുന്ന രസതന്ത്രം.

 'ഗന്ധർവ്വപാല സാക്ഷി'എന്ന കഥയിൽ രേഖപ്പെടുത്തിയിട്ടുള്ളത് പോലെ നിഗൂഢ വൈഖരികൾ നിറഞ്ഞ ഒരു താളിയോല ക്കെട്ടാണ് ജീവിതം -'അത് ഓരോ വായനക്കാരനും,അവരവർക്കു വേണ്ടത് പോലെ വ്യാഖാനിക്കാം.

 ഈ പുസ്തകത്തിൻറെ ടൈറ്റിൽ കഥയായ 'കിളിമഞ്ചാരോയിൽ മഴപെയ്യുമ്പോൾ' എന്ന കഥ വലിയൊരു ക്യാൻവാസിൽ തീർക്കേണ്ട സംഭവബഹുലമാണ്,എന്നാൽ കൈയ്യടക്കമുള്ള ഒരു സംവിധായകനെ പോലെ മനോഹരമായ ഒരു ഷോർട്ട് ഫിലിമിൽ ഒതുക്കിയിരിക്കുന്നു.

 ഓരോ സാഹിത്യകാരനും അവരുടെതായ ചില രചനാരീതികളും ശൈലികളും ആവിഷ്‌ക്കാര തന്ത്രങ്ങളുമൊക്കെയുണ്ട്.ആ പ്രത്യേക സ്വഭാവങ്ങളാണ് അയാളെ മറ്റൊരാളിൽ നിന്ന് വേർതിരിച്ചു നിർത്തുന്നത്.

 ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിൽ ഒതുക്കി നിർത്താനാവില്ല മനോഹർ തോമസ് എന്ന കഥാകൃത്തിനെ,ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉയർച്ച താഴ്ചകളിൽ സുഖദുഃഖങ്ങളിൽ നിറഞ്ഞാടിയ മനോഹറിന്റെ അനുഭവസമ്പത്തിന്റെ കലവറയിലെ ഒരു പിടി മുത്തുമണികൾ മാത്രമാണ് 'കിളിമഞ്ചാരോയിൽ മഴപെയ്യുമ്പോൾ' എന്ന ഈ കഥാസമാഹാരം-

 മലയാള സാഹിത്യ സദസ്സിലെ മുൻനിരയിലേക്ക് ഒരു കസേര വലിച്ചു നീക്കിയിട്ട് അതിൽ അധികാരത്തോടെ ഉപവിഷ്ടനായിരിക്കുന്നു. പ്രിയ സുഹൃത്ത് മനോഹർ തോമസിന് അർഹിക്കുന്ന ആദരവും അംഗീകാരവും ലഭിക്കുമെന്ന് എനിക്കുറപ്പുണ്ട് ആശംസകൾ നേരുന്നു.

 രാജു മൈലപ്ര

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.