വീട്ടിൽ മരം കൊണ്ടുള്ള ഒരു വലിയ ഉരലുണ്ട്. കൂന്താണി എന്നു പറയും..
വീട്ടിൽ
മരം കൊണ്ടുള്ള ഒരു വലിയ ഉരലുണ്ട്.
കൂന്താണി എന്നു പറയും..
കൂന്താണിയെന്ന പേരു തന്നെ
ഏറ്റവും യോജിച്ചത് ..
നെല്ലു കുത്തിയാലും
കല്ലു കുത്തിയാലും
എള്ളും ശർക്കരയും തേങ്ങയും ചേർത്തു കുത്തിയാലും
കൂന്താണിക്ക് ഒരേ ചിരിയായിരുന്നു .
ഒരേ കിലുക്കമായിരുന്നു.
നെല്ലും അരിയുമില്ലാത്ത വൈകുന്നേരങ്ങളിൽ
ഞങ്ങൾ
കാളിയ വയറുമായി
കൂന്താണിയിൽ കയറിയിരുന്നു.
കാൽമുട്ട് നെഞ്ചോട് ചേർത്ത് കൂനിയൊതുങ്ങിയിരിക്കുമ്പോൾ
കൂന്താണി
ഒരു ആട്ടുതൊട്ടിലെന്ന പോലെ ഞങ്ങളെ പാടിയുറക്കി ...
അച്ഛൻ കുടിച്ച്
തെറിപ്പാട്ടു പാടി
നാലു കാലിൽ വരുന്ന പാതിരാവുകളിൽ
അമ്മയും കൂന്താണിയും പരസ്പരം
പതം പറഞ്ഞ്
കണ്ണീരൊപ്പും.
അതുപോലൊരു
രാവിൽ
സഹിക്കവയ്യാതെയാവാം
അമ്മ
കൈയും കാലും ഒടിച്ചു മടക്കി
ഒരു പണ്ടാരക്കെട്ട്
കൂന്താണിയിലേക്കു തള്ളിവച്ചു...
തുറന്ന വായിലിത്തിരി
തുണികൂടി തിരുകി...
കൂന്താണിയിൽ നിന്നും
പിന്നീടൊഴുകിയത്
ദിവ്യസംഗീതമായിരുന്നു .
ചന്ദ്രതാര