PRAVASI

ലോങ് ഐലൻഡ് സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയ തിരുനാൾ 2026 മെയ് 15 മുതൽ 17 വരെ

Blog Image

ന്യൂയോർക്ക്:ലോങ് ഐലൻഡ് സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാൾ മെയ് 15, 16, 17 തീയതികളിൽ ഭക്തിനിർഭരമായി ആഘോഷിക്കുന്നു.

മെയ് 15 വെള്ളിയാഴ്ച വൈകുന്നേരം 7.30ന് ഇടവക വികാരി ഫാ. പത്രോസ് ചമ്പക്കരയുടെ കാർമികത്വത്തിൽ നടക്കുന്ന കൊടിയേറ്റോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് ലദീഞ്ഞ്, നൊവേന, മരിച്ചവരെ അനുസ്മരിച്ചുള്ള വിശുദ്ധ കുർബാന എന്നിവ നടക്കും.

മെയ് 16 ശനിയാഴ്ച വൈകുന്നേരം 5ന് ന്യൂജേഴ്‌സി ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. ബിപി തറയിലിന്റെ മുഖ്യകാർമികത്വത്തിൽ ലദീഞ്ഞും വിശുദ്ധ കുർബാനയും നടത്തുന്നതാണ്‌. ഡീക്കൻ മോസസ് പുതുപ്പള്ളിമ്യാലിൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് സ്‌നേഹവിരുന്നും വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ കലാസന്ധ്യയും അരങ്ങേറും. ഇടവകയിലെ വിവിധ പ്രായത്തിലുള്ള പ്രതിഭകളുടെ കലാവാസനകൾ കോർത്തിണക്കി അവതരിപ്പിക്കുന്ന കലാസന്ധ്യ വിജയകരമാക്കുന്നതിനായി കൂടാരയോഗം പ്രതിനിധികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

പ്രധാന തിരുനാൾ ദിനമായ മെയ് 17 ഞായറാഴ്ച രാവിലെ 10 ന് മിയാമി സെന്റ് ജൂഡ് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. സജി പിണർകയിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ റാസ അർപ്പിക്കും. ന്യൂജേഴ്‌സി ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. ബിപി തറയിൽ തിരുന്നാൾ സന്ദേശം നൽകുന്നതാണ്. റോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. ജോബി പൂച്ചകണ്ടത്തിൽ, ഡീക്കൻ മോസസ് പുതുപ്പള്ളിമ്യാലിൽ എന്നിവർ സഹകാർമികനായിരിക്കും.

തിരുനാൾ റാസയ്ക്ക് ശേഷം ലോങ് ഐലൻഡ് താളലയം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പ്രൗഢഗംഭീരമായ തിരുനാൾ പ്രദക്ഷിണം നടത്തപ്പെടും. തുടർന്ന് സ്‌നേഹവിരുന്നും പള്ളിയങ്കണത്തിൽ വിവിധ മിനിസ്ട്രികളുടെ നേതൃത്വത്തിലുള്ള കാർണിവലും സംഘടിപ്പിച്ചിട്ടുണ്ട്.

വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ കല്ലുംതൂവാല എഴുന്നള്ളിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ലീജിയൻ ഓഫ് മേരി അംഗങ്ങളാണ് ഈ വർഷത്തെ തിരുനാൾ പ്രസുദേത്തിമാർ.

തിരുനാൾ തിരുകർമ്മങ്ങളിൽ പങ്കുചേർന്ന് അനുഗ്രഹങ്ങൾ പ്രാപിക്കാൻ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. ഇടവക വികാരി ഫാ. പത്രോസ് ചമ്പക്കര, ട്രസ്റ്റിമാരായ എബ്രഹാം തേർവാലക്കട്ടേൽ, ജെയിംസ് നികർത്തിൽ, ജെയിംസ് പുള്ളോർകുന്നേൽ, നോയൽ കുഴിപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ തിരുനാളിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.