കൊടുംപാതകങ്ങളും കടുത്ത അനീതിയും സംഭവിക്കുമ്പോൾ നിഷ്പക്ഷതയും നിശബ്ദതയും പാലിക്കുന്നത് ക്രിമിനൽ കുറ്റമാണ്…. ഒട്ടേറെ മഹദ് വ്യക്തികൾ പലവുരു ആവർത്തിച്ചിട്ടുള്ളതാണിത്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തെ ചവിട്ടിമെതിക്കാനും താറുമാറാക്കാനും ഗവർണറും കിങ്കരന്മാരും പാടുപെടുമ്പോൾ നമ്മുടെ മാധ്യമങ്ങളും നിഷ്പക്ഷത ചമയുന്ന ചില നിരീക്ഷകന്മാരും പുലർത്തുന്ന സമീപനം കാണുമ്പോൾ മേൽപറയുന്ന ഉദ്ധരണിക്ക് ഏറെ പ്രസക്തിയുണ്ട്. രാജ്യത്തുടനീളമുള്ള 1200 ലേറെ സർവകലാശാലകളിൽ ഗണ്യമായ പങ്കും വിവിധ സംസ്ഥാനങ്ങൾ സ്ഥാപിച്ച സർവ്വകലാശാലകൾ ആണ്. കേന്ദ്ര സർവകലാശാലകളുടെ പൂർണ നിയന്ത്രണം സ്വാഭാവികമായും കേന്ദ്രസർക്കാരിനാണ്. അവർ അത് മുറതെറ്റാതെ ചെയ്യുന്നുമുണ്ട്. നമ്മുടെ നിയമസഭ നിയമനിർമാണത്തിലൂടെ സ്ഥാപിച്ച സർവ്വകലാശാലകൾ, നമ്മുടെ നികുതിപ്പണം കൊണ്ട് നടത്തുന്നതാണ്… ഇവയെങ്ങനെ പ്രവർത്തിക്കണം എന്നുള്ളതാണ് ഇപ്പോഴത്തെ ചോദ്യം. തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനോ നിയമസഭയ്ക്കോ അക്കാദമിക് സമൂഹത്തിനോ ഒരു പങ്കും വേണ്ട, കേന്ദ്രത്തിൽ നിന്ന് നൂലിൽ കെട്ടിയിറക്കുന്ന ഗവർണറും അദ്ദേഹത്തിന്റെ കിങ്കരന്മാരും യഥേഷ്ടം ഇവയൊക്കെ നിയന്ത്രിക്കും…. ഇത്രയും ജനവിരുദ്ധവും അധാർമ്മികവുമായ ആഭാസം ഇവിടെ അരങ്ങേറിയിട്ടും ഇവയ്ക്കെതിരെയുള്ള പ്രതിഷേധത്തെ ഇടതുപക്ഷ-വിരുദ്ധ കണ്ണടയിലൂടെ നോക്കിക്കാണുന്നത്ര അശ്ലീലം മറ്റെന്തിനെങ്കിലുമുണ്ടോ? മലയാളികളുടെ ആത്മാഭിമാനത്തിന്റെ പ്രശ്നമാണിത്. നമ്മുടെ സർവ്വകലാശാലകളുടെ തലപ്പത്തുണ്ടായിരുന്ന വൈസ് ചാൻസലർമാരുടെ ഒരു പട്ടിക പരിശോധിച്ചാൽ നമുക്ക് അഭിമാനം പകരുന്ന ഒട്ടേറെ പേരുകൾ ഉയർന്നുവരും. ഇന്ന് ഗവർണർ അടിച്ചേൽപ്പിക്കുന്ന വ്യക്തികൾക്ക് ആ കസേരയുടെ കൈപ്പിടിയിൽ കൈവയ്ക്കാനുള്ള യോഗ്യത ഉണ്ടോ? ആർഎസ്എസിന്റെ ചട്ടുകമാകുന്ന ഏതെങ്കിലും വ്യക്തികളുടെ കൈപ്പിടിയിലേക്ക് നമ്മുടെ ഉന്നതവിദ്യാഭ്യാസത്തെ എറിഞ്ഞു കൊടുക്കേണ്ടതുണ്ടോ എന്ന് ഏതൊരാളും ചിന്തിക്കേണ്ട സന്ദർഭമാണ്.
ഗവർണർമാർ ചാൻസലറായി പ്രവർത്തിക്കുക എന്നത് ബ്രിട്ടീഷ് കാലഘട്ടത്തിലെ ഏർപ്പാടാണ്. സ്വാതന്ത്ര്യം കിട്ടി ഭരണഘടന അംഗീകരിച്ച് ജനാധിപത്യ സംവിധാനങ്ങൾ നിലവിൽ വന്നെങ്കിലും നമ്മൾ ആ പതിവ് തുടർന്നു. ഗവർണർമാർ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ ഇംഗിത പ്രകാരം പ്രവർത്തിക്കുമെന്ന് ഭരണഘടന സ്പഷ്ടമായി പറഞ്ഞതുകൊണ്ടും ഇക്കൂട്ടർ മാന്യന്മാരായിരിക്കുമെന്ന് ഭരണഘടന ശില്പികൾ കരുതിയതുകൊണ്ടും ഉണ്ടായ വലിയൊരപകടം!
കേന്ദ്ര കിങ്കരന്മാർ ഭരണഘടന വിരുദ്ധമായി പ്രവർത്തിച്ചു തുടങ്ങിയപ്പോൾ തന്നെ സന്ദേഹങ്ങൾ ഉയർന്നിരുന്നു. ഭരണഘടനയുടെ പ്രവർത്തനം വിലയിരുത്താനും കേന്ദ്ര സംസ്ഥാന ബന്ധങ്ങളുടെ പുനർനിർണയം ലക്ഷ്യം വെച്ചുകൊണ്ടും ഇന്ത്യയിൽ പ്രധാനമായും മൂന്ന് കമ്മീഷനുകൾ നിലവിൽ വരികയുണ്ടായി. യഥാക്രമം ഇന്ദിരാഗാന്ധി, എ.ബി.വാജ്പേയ്, ഡോ. മൻമോഹൻ സിംഗ് എന്നിവർ പ്രധാനമന്ത്രിമാരായിരുന്നപ്പോൾ നിയമിക്കപ്പെട്ട സർക്കാറിയ കമ്മീഷൻ(1983), എം.എൻ.വെങ്കിടാചലയ്യ കമ്മീഷൻ(2000), എം.എം.പൂഞ്ചി കമ്മീഷൻ(2007) എന്നിവ. ഈ കമ്മീഷനുകൾ ഏകകണ്ഠേന പറയുന്ന ഒരു കാര്യമുണ്ട്; ചാൻസലർ പദവിയിൽ നിന്ന് ഗവർണർമാരെ ഒഴിവാക്കണം. ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ഈ റിപ്പോർട്ടുകളിലൂടെ കണ്ണോടിക്കാവുന്നതാണ്.
വർത്തമാനകാലത്തെ ഏറ്റവും വലിയൊരു കാപട്യവും കൂടി ചൂണ്ടിക്കാണിക്കട്ടെ. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ നിയമസഭയിൽ അവതരിപ്പിച്ച പാസാക്കിയ ഒരു ബില്ലുണ്ട് - 2013ലെ ഗുജറാത്ത് യൂണിവേഴ്സിറ്റി നിയമഭേദഗതി ബിൽ. ഇത് അൽപകാലം കേന്ദ്രത്തിൽ തടഞ്ഞു വയ്ക്കപ്പെട്ടെങ്കിലും അദ്ദേഹത്തിൻറെ പാർട്ടി ഡൽഹിയിൽ അധികാരത്തിൽ വന്നപ്പോൾ കേന്ദ്ര അനുമതിയോടെ നിയമം യാഥാർത്ഥ്യമാക്കി. ഇന്ന് അദ്ദേഹം എന്താണ് ചെയ്യുന്നത്? പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസമേഖല ഗവർണർമാരുടെ ചാൻസലർ പദവിയിലൂടെ താറുമാറാക്കാൻ ശ്രമിക്കുന്നു. കാപട്യത്തിനും വഞ്ചനയ്ക്കും ഇത്രത്തോളം കാഠിന്യം വേണ്ടതുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല.
കേരളത്തിലെ ജനങ്ങളുടെ അദ്ധ്വാനത്തിന്റെയും വിയർപ്പിന്റെയും സൃഷ്ടിയാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല. ഇവ കേന്ദ്ര സർക്കാറിന്റെ കിങ്കരന്മാരുടെ കേളി രംഗമായി മാറ്റാൻ ഒരിക്കലും അനുവദിക്കരുത്. അതിനെതിരെ പോരാടുന്നവർക്കൊപ്പമായിരിക്കണം ഓരോ മലയാളിയും. അല്ലാതെ എസ്എഫ്ഐയും ഗവർണറും നേർക്കുനേർ, സർവകലാശാല പോർക്കളം, ഗവർണർ പിടിമുറുക്കുന്നു തുടങ്ങിയ തലവാചകങ്ങളിൽ നിഷ്പക്ഷത ചമയാനുള്ള നീക്കം കൊടുംപാതകം ആണെന്ന് ഇന്നല്ലെങ്കിൽ നാളെ ചരിത്രം വിധിയെഴുതും.


ജോൺ ബ്രിട്ടാസ്

