തെന്നിന്ത്യൻ സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തി ധനുഷിനെ നായകനാക്കി രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്തുവിട്ടു. ‘ഓം’ എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി അതീവ നിർണ്ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 2026 ഒക്ടോബർ 16-ന് ചിത്രം തിയേറ്ററുകളിലെത്തും.
ശിവകാർത്തികേയനെ നായകനാക്കി ഒരുക്കിയ മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘അമരന്’ ശേഷം രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ധനുഷിന്റെ വണ്ടർബാർ ഫിലിംസും ആർ ടേക്ക് സ്റ്റുഡിയോസും ചേർന്നാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്.
‘ഓം – ചാപ്റ്റർ വൺ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടാഗ് ലൈൻ ‘ഉധിരം: ദ ബ്ലഡ് വുഡ്’ എന്നാണ്. ചോരയും പ്രതികാരവും നിറഞ്ഞ ഒരു പക്കാ മാസ്സ് ആക്ഷൻ ഡ്രാമയായിരിക്കും ചിത്രമെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവന്ന ടൈറ്റിൽ ടീസർ നൽകുന്നത്.
2018-ൽ റാം സംവിധാനം ചെയ്ത ‘പേരൻപ്’ എന്ന ക്ലാസിക് ചിത്രത്തിന് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണിത്. ചിത്രത്തിൽ ‘കാർത്തികേയൻ’ എന്ന മാസ്സ് കഥാപാത്രമായാണ് മെഗാസ്റ്റാർ എത്തുന്നതെന്ന് സംവിധായകൻ സ്ഥിരീകരിച്ചിട്ടുണ്ട്. സായ് പല്ലവി മാജിക്: സൂപ്പർഹിറ്റ് ചിത്രം ‘മാരി 2’-ന് ശേഷം ധനുഷും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കൂടാതെ തെലുങ്ക് താരം ശ്രീലീലയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. മലയാളി താരം ഇന്ദ്രൻസും ചിത്രത്തിന്റെ ഭാഗമാണെന്നാണ് റിപ്പോർട്ടുകൾ. തെന്നിന്ത്യൻ മ്യൂസിക് സെൻസേഷനായ സായ് അഭ്യങ്കർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സായ് സംഗീതം നൽകുന്ന ആദ്യ ധനുഷ് ചിത്രമാണിത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഒരേസമയം ചിത്രം റിലീസിനെത്തും.

