PRAVASI

മന്ത്രി മോൻസ് ജോസഫ് കോട്ടയം ബിഷപ്പ് ഹൗസ് സന്ദർശിച്ചു

Blog Image

പുതിയ മന്ത്രിയായി ചുമതലയേറ്റ ശേഷം കോട്ടയം അതിരൂപതാ കേന്ദ്രം സന്ദർശിച്ച ജലവിഭവ-ഭവനനിർമാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫിന് അതിരൂപതാ ആസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം നൽകി. കോട്ടയം അതിരൂപത ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് പിതാവ്, വികാരി ജനറാൾ ഫാ. തോമസ് ആനിമൂട്ടിൽ, അതിരൂപത പ്രൊക്യൂറേറ്റർ ഫാ. ഏബ്രഹാം പറമ്പേട്ട് എന്നിവർ ചേർന്നാണ് മന്ത്രിയെ പൊന്നാടയണിയിച്ചും പൂച്ചെണ്ടുകൾ നൽകിയും സ്നേഹനിർഭരമായി അതിരൂപതാ കേന്ദ്രത്തിലേക്ക് സ്വീകരിച്ചത്.

തുടർന്ന് ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് പിതാവിനോടും വൈദികശ്രേഷ്ഠരോടുമൊപ്പം മന്ത്രി അഡ്വ. മോൻസ് ജോസഫ് സൗഹൃദസംഭാഷണം നടത്തി. നാടിന്റെ വികസന കാര്യങ്ങളും ജനക്ഷേമ പദ്ധതികളും കൂടിക്കാഴ്ചയിൽ ചർച്ചയായി. തിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിലും തുടർന്നുണ്ടായ മന്ത്രിപദവിയിലും മാർ മാത്യു മൂലക്കാട്ട് പിതാവ് അദ്ദേഹത്തെ പ്രത്യേകം അഭിനന്ദിക്കുകയും, ജനനന്മയ്ക്കായി മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സാധിക്കട്ടെ എന്ന് ആശംസിച്ചു.

തന്റെ രാഷ്ട്രീയ-പൊതുപ്രവർത്തന ജീവിതത്തിൽ കോട്ടയം അതിരൂപതയും ആർച്ച് ബിഷപ്പും സഭാ നേതൃത്വവും നൽകിയിട്ടുള്ള നിരന്തരമായ പിന്തുണയെയും പ്രാർത്ഥനകളെയും മന്ത്രി അഡ്വ. മോൻസ് ജോസഫ് ഹൃദയപൂർവ്വം സ്മരിച്ചു. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം തനിക്ക് തണലായി നിന്നത് അതിരൂപതയുടെ പ്രാർത്ഥനകളാണെന്നും, വരുംകാല ഔദ്യോഗിക പ്രയാണത്തിലും ഈ വലിയ പിന്തുണയും മാർഗ്ഗനിർദ്ദേശവും തനിക്ക് ഒപ്പമുണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് പിതാവിനും, വികാരി ജനറാൾ ഫാ. തോമസ് ആനിമൂട്ടിലിനും, പ്രൊക്യൂറേറ്റർ ഫാ. ഏബ്രഹാം പറമ്പേട്ടിനും തനിക്ക് നൽകിയ ഹൃദ്യമായ സ്വീകരണത്തിന് മന്ത്രി പ്രത്യേക നന്ദി രേഖപ്പെടുത്തി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.