ചിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് (CML) ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മിഷൻ ലീഗ് കുട്ടികൾക്കായി ‘Faith and Mission’ എന്ന വിഷയത്തെ ആസ്പദമാക്കി ആത്മീയസമൃദ്ധമായ സെമിനാർ സംഘടിപ്പിച്ചു.
വിശ്വാസജീവിതത്തിന്റെ ആഴവും ദൗത്യബോധത്തിന്റെ പ്രാധാന്യവും വിശദീകരിച്ചുകൊണ്ടുള്ള പ്രഭാഷണം ഡീക്കൻ മൈക്കൽ ജെയിംസ് നയിച്ചു. വിശ്വാസം ഒരു ജീവിതശൈലിയായി ആക്കുന്നതിനുള്ള പ്രചോദനമായി ഈ സെമിനാർ പങ്കെടുത്ത കുട്ടികൾക്ക് ആത്മീയ ഉണർവായിത്തീർന്നു.
ന്യൂയോർക്കിൽ ജനിച്ച് ന്യൂജഴ്‌സിയിൽ വളർന്ന ഡീക്കൻ മൈക്കൽ, കോളേജ് പഠനം കഴിഞ്ഞ് ഒരു വർഷം കെമിസ്റ്റായി ജോലി ചെയ്തശേഷമാണ് സെമിനറിയിൽ പ്രവേശിച്ചത്. നിലവിൽ ഇലിനോയിസിലെ മണ്ടലൈൻ സെമിനറിയിൽ അവസാന വർഷ പഠനം പൂർത്തിയാക്കുകയാണ്. ദൈവചിത്തപ്രകാരം, ഈ ജൂൺ മാസത്തിൽ അദ്ദേഹം സീറോ മലബാർ രൂപതയ്ക്ക് പുരോഹിതനായി അഭിഷേകം ചെയ്യപ്പെടും.
ആസ്രിയൽ വാളതാറ്റ് കുട്ടികൾക്കായി ഡീക്കൻ മൈക്കലിനെ പരിചയപ്പെടുത്തി സ്വാഗതം ചെയ്തു. പ്രഭാഷണത്തിനു ശേഷം, കുട്ടികൾക്ക് പ്രചോദനമായ ആത്മീയ സന്ദേശം നൽകിയതിലും, സമയം കണ്ടെത്തി പങ്കെടുത്തതിലും, സി.എം.എൽ. യൂണിറ്റ് ഡയറക്ടർ ജോജോ ആനാലിൽ ഡീക്കൻ മൈക്കലിന് ഹൃദയംഗമമായ നന്ദിയും അഭിനന്ദനവും അറിയിച്ചു.
മിഷൻ ലീഗ് കുട്ടികളുടെ ആത്മീയ വളർച്ചയും വിശ്വാസബോധ വികസനവും ലക്ഷ്യമാക്കി സംഘടിപ്പിച്ച ഈ പരിപാടി, കുട്ടികൾക്ക് സഭാ ദൗത്യജീവിതത്തോടുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ സഹായകമായി.




