മൂന്നാം മോദി മന്ത്രിസഭയിലും നിർണ്ണായക സ്ഥാനങ്ങൾ ബിജെപിക്ക് തന്നെ. മന്ത്രിസഭയിൽ രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്ത രാജ്‌നാഥ് സിങ് പ്രതിരോധ വകുപ്പും മൂന്നാമനായ അമിത് ഷാ ആഭ്യന്തര വകുപ്പും നിലനിർത്തി. ഇവർക്ക് പുറമെ മുതിർന്ന നേതാവായ നിതിൻ ഗഡ്കരിയും രണ്ടാം മന്ത്രിസഭയിലെ തന്റെ വകുപ്പുകൾ തന്നെ നിലനിർത്തി. റോഡ് ഗതാഗതവും ഹൈവേ വികസനവുമാണ് നിതിൻ ഗഡ്കരിയുടെ വകുപ്പുകൾ. എസ് ജയശങ്കർ വിദേശകാര്യവും നിർമല സീതാറാം ധനമന്ത്രാലയവും അശ്വിനി വൈഷ്‌ണവ് റെയിൽവേയും ഭരിക്കും. അശ്വിനി വൈഷ്‌ണവവിനെ കൂടാതെ അജയ് തംതയും ഹർഷ് മൽഹോത്രയും റോഡ് ഗതാഗത മന്ത്രാലയത്തിലെ രണ്ട് സഹമന്ത്രിമാരായി ചുമതലയേറ്റു.
ആരോഗ്യ വകുപ്പ് ബിജെപിയുടെ ദേശീയ അധ്യക്ഷനായ ജെപി നദ്ദയ്ക്കാണ് നൽകിയിട്ടുള്ളത്. മധ്യപ്രദേശിൽ നിന്ന് ഏഴ് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ശിവരാജ് ചൗഹാനാണ് കൃഷി വകുപ്പ്. കൃഷി വകുപ്പിന് പുറമെ ഗ്രാമ വികസനവും അദ്ദേഹം തന്നെ കൈകാര്യം ചെയ്യും. മനോഹർ ലാൽ ഖട്ടർ നഗരാസൂത്രണവും ധർമേന്ദ്ര പ്രസാദ് വിദ്യഭ്യാസവും എൽജെപിയുടെ മൻസൂഖ് മാണ്ഡവ്യ കായികവും പിയൂഷ് ഗോയൽ വ്യവസായവും കൈകാര്യം ചെയ്യും. ജിതൻ റാം മാഞ്ചി എംഎസ്എംഇ വകുപ്പും രാം മോഹൻ നായ്ഡു വ്യോമയാനവും ഷിപ്പിങ് തുറമുഖ മന്ത്രിയായി സർബാനന്ദ സോനോവാളും അധികാരമേറ്റു. എച്ച് ഡി കുമാരസ്വാമി സ്റ്റീൽ വകുപ്പും ഹർദീപ് സിംഗ് പുരി പെട്രോളിയം വകുപ്പും കൈകാര്യം ചെയ്യും. പീയൂഷ് ഗോയൽ വാണിജ്യവും വ്യവസായവും കൈകാര്യം ചെയ്യും.
കേരളത്തിൽ നിന്നുള്ള എംപിയായ സുരേഷ് ഗോപി ടൂറിസം പെട്രോളിയം സഹമന്ത്രിയാകും . സുരേഷ് ഗോപിക്ക് പുറമെ സഹമന്ത്രിയായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത ജോർജ് കുര്യൻ ക്ഷേമം, ഫിഷറീസ്, മൃഗ സംരക്ഷണം എന്നീ വകുപ്പുകളിൽ സഹമന്ത്രിയാകും.
ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും 72 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 30 ക്യാബിനറ്റ് അംഗങ്ങൾ, സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹമന്ത്രിമാർ, 36 കേന്ദ്ര സഹമന്ത്രിമാർ എന്നിവരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ജവഹർലാൽ നെഹ്റുവിന് ശേഷം ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയാകുന്ന നേതാവാണ് നരേന്ദ്രമോദി. ഇത് മൂന്നാം തവണയാണ് മോദി സർക്കാർ അധികാരത്തിലെത്തുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമു എല്ലാവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ഹിന്ദിയിലും ഇംഗ്ലീഷിലും എംപിമാർ സത്യവാചകം ചൊല്ലി. മോദിക്ക് ശേഷം, രണ്ടാമതായി രാജ്നാഥ് സിങ്ങും മൂന്നാമനായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. 2019 ൽ നിന്ന് വ്യത്യസ്തമായി സഖ്യമന്ത്രിസഭയാണ് ഇത്തവണ അധികാരത്തിലേറിയിരിക്കുന്നത്.
ഒമ്പത് പുതുമുഖങ്ങളാണ് മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭയിലുള്ളത്. 10 പേർ എസ് സി വിഭാഗത്തിൽ നിന്നുള്ളവരും അഞ്ച് പേർ എസ് ടി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. രാഷ്ട്രപതിഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിലുള്ള പ്രമുഖർ ചടങ്ങിനെത്തി. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു തുടങ്ങി വിവിധ രാജ്യങ്ങളുടെ തലവൻമാർ ചടങ്ങിനെത്തിയിരുന്നു.