"ഒരു ബന്ധത്തിന്റെ തകർച്ച പൂർത്തിയാകുന്നത് എപ്പോഴാണെന്ന് അറിയാമോ? അത് രണ്ടുപേർ പരസ്പരം വഴക്കടിക്കുമ്പോഴോ, കുറെ നാൾ മിണ്ടാതിരിക്കുമ്പോഴോ , വീടുവിട്ട് ഇറങ്ങിപോകുമ്പോഴോ ഒന്നുമല്ല, മറിച്ച് മറ്റേയാൾ എന്തുചെയ്താലും, അയാൾക്ക് എന്തുസംഭവിച്ചാലും എനിക്ക് ഒന്നുമില്ല എന്ന അവസ്ഥ വരുമ്പോഴാണ്. ഇംഗ്ലീഷിൽ apathy എന്നൊരു വാക്കുണ്ട്, മനസ് മരവിച്ച് നിസ്സംഗതയിൽ എത്തുന്ന അവസ്ഥ. അതാണ് ഒരു ബന്ധത്തിന്റെ അവസാന ആണി.. "ഞാൻ ഇപ്പോൾ ആ അവസ്ഥയിലാണ്, പുള്ളിക്ക് എന്ത് സംഭവിച്ചാലും എനിക്കൊന്നും തന്നെ ഫീൽ ചെയ്യുന്നില്ല. ഞങ്ങൾ ഒരുമിച്ച് ഒരേ വീട്ടിൽ ഉണ്ടായിരുന്നപ്പോൾ പോലും മനസ് കൊണ്ട് ഞങ്ങൾ മൈലുകൾ അകലെയായിരുന്നു..." ഈയിടെ വിവാഹമോചനം നടത്തിയ ഒരു സ്ത്രീസുഹൃത്തിനോട് സോറി പറഞ്ഞപ്പോൾ, അവൾ പറഞ്ഞതാണ്.
പലപ്പോഴും നമ്മൾ കരുതുന്നത് ഒരു ബന്ധം അവസാനിക്കുന്നത് ഒരു വഴക്കിലോ ഇറങ്ങിപ്പോക്കിലോ ഒക്കെയാണെന്നാണ്. വഴക്കും ഇറങ്ങിപോകലുകളും മിണ്ടാതിരിക്കലും ഒക്കെ തങ്ങളെ തങ്ങളുടെ പങ്കാളി എന്തുകൊണ്ട് മനസിലാക്കുന്നില്ല എന്നതിന്റെ ബഹിർസ്ഫുരണങ്ങൾ മാത്രമാണ്. എന്നാൽ യാഥാർത്ഥത്തിൽ ഒരു ബന്ധം അവസാനിക്കുന്നത് ആ ബന്ധത്തിൽ apathy അഥവാ നിസ്സംഗത വരുമ്പോഴാണ്.
നിങ്ങൾ എന്തുവേണമെങ്കിലും ചെയ്തോളൂ എനിക്കൊന്നുമില്ല എന്ന് വെറുതെ പറയുന്നത് പോലെയല്ല, apathy വന്നുചേരുമ്പോൾ. അപ്പോൾ ശരിക്കും പങ്കാളി എന്തുചെയ്താലും ചെയ്തില്ലെങ്കിലും നമുക്ക് ഒന്നും തോന്നില്ല. അതുവരെ ഒരുമിച്ചിരുന്ന് ടിവി കണ്ടിരുന്നവർ, ഒറ്റക്കിരുന്നു ടിവി കാണും. ഒരുമിച്ച് നടക്കാനിറങ്ങിയവർ ഒറ്റക്ക് അല്ലെങ്കിൽ അവരവരുടെ കൂട്ടുകാരുമായി നടക്കാനിറങ്ങും. അതുവരെ വീട്ടിൽ വൈകി വരുന്നതിന് വഴക്കിട്ടവർ അതേപ്പറ്റി മിണ്ടാതാകും. വഴക്കുകൾ അവസാനിച്ചത് കണ്ട പലപ്പോഴും നമ്മുടെ പങ്കാളികൾ പ്രശ്‌നം തീർന്നുവെന്നു കരുതും. ഏറ്റവും വലിയ പ്രശ്നം തുടങ്ങിയതേ ഉള്ളൂ എന്നത് തിരിച്ചറിയുമ്പോഴേക്കും വൈകിപോയിരിക്കും.
മനുഷ്യൻ ഒരു വിചിത്ര ജീവിയാണ്. പലപ്പോഴും നമ്മൾ നമ്മുടെയല്ലാം മനസ്സിൽ ഒരു ദീർഘ സംഭാഷണം നടത്തികൊണ്ടിരിക്കുന്നവരാണ്. നമ്മൾ എങ്ങിനെയുള്ളവരാണെന്ന് നമുക്ക് നന്നായറിയാം. നമ്മളോടെ മറ്റുള്ളവർ എങ്ങിനെ പെരുമാറണം എന്നതിനെ കുറിച്ച് നമുക്ക് നല്ലൊരു ധാരണയുണ്ട്. അത് പക്ഷെ നമ്മൾ പറയാതെ മറ്റുള്ളവർക്കറിയില്ല എന്നത് നമ്മൾ പലപ്പോഴും മറന്നുപോകുന്നു എന്നതാണ് നമ്മുടെ പ്രധാന പ്രശ്നം, അത് പലപ്പോഴും നമ്മൾ അറിയാതെ പോവുന്നു. നമ്മുടെ പങ്കാളിക്ക് നമ്മൾ എന്തുകൊണ്ട് മിണ്ടാതിരിക്കുന്നു എന്ന് മനസിലാകുന്നതേ ഇല്ല. നമ്മൾ ആഗ്രഹിക്കുന്നത് ഒരുപക്ഷെ സ്വാഭാവികം എന്ന് നമ്മൾ കരുതുന്ന പ്രതികരണങ്ങൾ ആകാം, അത് നമ്മുടെ പങ്കാളിക്ക് സ്വാഭാവികമാകണം എന്നില്ല. നമ്മൾ എന്തുകൊണ്ട് മിണ്ടാതിരിക്കുന്നുവെന്ന് പങ്കാളി ചോദിക്കുമ്പോൾ നമ്മളിൽ പലരും ഒന്നുമില്ല എന്ന് മറുപടി പറയും, നമ്മുടെ ദേഷ്യത്തിന്റെ കാരണം പങ്കാളി ഓട്ടോമാറ്റിക് ആയി അറിഞ്ഞിരിക്കും എന്നാണ് നമ്മുടെ വിചാരം, പക്ഷെ തീർത്തും തെറ്റായ ഒരു വിചാരമാണത്.
Apathy പ്രണയബന്ധങ്ങളിലോ വിവാഹ ബന്ധങ്ങളിലോ മാത്രമല്ല, സുഹൃദബന്ധങ്ങളിലും വരാം. പല തകർന്ന സുഹൃദ്ബന്ധങ്ങളുടെയും പിന്നിലെ കാരണം ആലോചിച്ച് നോക്കിയാൽ നമ്മൾ ആഗ്രഹിക്കുന്ന തരത്തിൽ പെരുമാറാത്ത മറ്റു സുഹൃത്തുക്കളെ നമുക്ക് കാണാൻ കഴിയും. എന്തുകൊണ്ട് ഒരാൾ കൂട്ടത്തിൽ നിന്ന് വേറിട്ടുപോകുന്നു എന്ന് ആലോചിച്ച് വണ്ടറടിച്ചിരിക്കുന്ന കൂട്ടുകാർ മറുഭാഗത്തുണ്ടാകും. അതേപോലെ പങ്കാളികളുടെ കാര്യത്തിലും ഇതേ അവസ്ഥ തന്നെയാണ്. രണ്ടുപേർ ജീവിതകാലം മുഴുവൻ ഒരുമിച്ച് താമസിക്കുക എന്നത് ഒട്ടും സ്വാഭാവികമായ ഒരു കാര്യമേ അല്ല. അതിന് നല്ല പരിശ്രമം രണ്ടുപേരുടെയും ഭാഗത്ത് നിന്ന് ആവശ്യമുണ്ട്. പങ്കാളികൾ നല്ല വണ്ണം കമ്മ്യൂണിക്കേറ്റ് ചെയ്യാത്ത, ഒരാളുടെ ആവശ്യങ്ങൾ മറ്റെയാൾ അനുഭാവപൂർവം പരിഗണിക്കാത്ത എല്ലാ ബന്ധങ്ങളും അവസാനിക്കുന്നത് നിസ്സംഗതയിൽ ആയിരിക്കും. തുറന്നു സംസാരിച്ചാൽ ഒരു നിമിഷം കൊണ്ട് തീരാവുന്ന പല പ്രശ്നങ്ങളും നമ്മൾ മനസ്സിൽ ആലോചിച്ച് വലുതാക്കി , കുറെ കഴിയുമ്പോൾ ദേഷ്യവും സങ്കടവും അവസാനിച്ച് ബന്ധം നിസ്സംഗതയിലേക്ക്, തിരിച്ചുവരാനാകാത്ത വണ്ണം മരണക്കുതിപ്പ് കുതിക്കും.
നമ്മൾ പലപ്പോഴും കൂടുതൽ കരുതൽ കൊടുക്കുന്നതും, കൂടുതൽ സംസാരിക്കുന്നതും, നമ്മുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ നമുക്ക് വേണ്ടപെട്ടവരോടല്ല എന്നതാണ് യാഥാർഥ്യം. അതിൽ നമ്മുടെ പങ്കാളികളും മാതാപിതാക്കളുമെല്ലാം പെടും. കുറച്ചു നേരം ക്വാളിറ്റി ടൈം നമുക്ക് അവർക്കുവേണ്ടിയും മാറ്റിവയ്ക്കാം. പരസ്പരം തുറന്നു സംസാരിച്ചാൽ തീരാത്ത പിണക്കങ്ങൾ ഉണ്ടോ, അതും നമുക്ക് ഏറ്റവും പ്രിയപെട്ടവരുമായി....
നസീർ ഹുസ്സൈൻ കിഴക്കേടത്ത് ,ന്യൂജേഴ്‌സി