അത്തം കഴിഞ്ഞാൽ മുത്തച്ഛൻ കായക്കുലകൾ വാങ്ങിക്കൊണ്ടുവന്ന് പഴുപ്പിക്കാനുള്ള ഏർപ്പാടുകൾ തുടങ്ങും. ഓണത്തിന് രണ്ടുദിവസം മുമ്പ് ഉപ്പേരിക്കുള്ള കുലയും എത്തും. ബോണസ് കിട്ടുന്നതുവരെ അമ്മയും അച്ഛനും കൂട്ടിലിട്ട വെരുകിനെപ്പോലെ ടെൻഷൻ അടിച്ചുനടക്കും. വീടുപണിക്കെടുത്ത ലോൺ തിരിച്ചടവുണ്ടായിരുന്നതിനാൽ മിച്ചം വെച്ചതൊന്നും ഉണ്ടാവാറില്ല. ഓണത്തിന് രണ്ടുദിവസം മുമ്പാണ് മിക്കവാറും ബോണസ് കിട്ടുക.
പിന്നെ പുതിയ വസ്ത്രങ്ങൾ വാങ്ങാൻ പോകും പോസ്റ്റ് ഓഫീസ് റോഡിലെ മൊയ്‌തീൻഷാ എന്ന കടയായിരുന്നു അച്ഛന്റെ ഇഷ്ടസ്ഥലം.
ഓണം നാൾ വെളുപ്പിന് എഴുന്നേൽക്കുന്നു, അച്ഛൻ തൃക്കാക്കരപ്പന് നാളികേരം കൊട്ടുന്നു, അമ്പലത്തിൽ പോകുന്നു. പുഴുങ്ങിയ പഴം വാട്ടിയ ഇലയിൽ ഇട്ട് ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നു കൂടെ നാലായി മുറിച്ച കായ വറുത്തതും, നേദിച്ച അടയും.
അത് കഴിഞ്ഞാൽ പിന്നെ അമ്മയും അച്ഛനും അടുക്കളയിലേക്ക്. പായസത്തിന്റെ മധുരം നോക്കാൻ ഇടയ്ക്കിടെ അടുക്കളയിലേക്ക് ഓടുന്നു. ഊണ് കഴിക്കാൻ സമയമായാൽ അച്ഛൻ വാഴയില മുറിക്കാൻ തൊടിയിലേക്ക് ഇറങ്ങുന്നു.
ഊണുകഴിഞ്ഞ് അമ്മയും ചേച്ചിയും ചെറിയമ്മയും മറ്റും മനയ്ക്കലോ വാരിയത്തോ കൈകൊട്ടിക്കളിക്കാൻ പോകുന്നു. വൈകുന്നേരം തൊട്ടടുത്തുള്ള രശ്മി തിയ്യറ്ററിൽ ഫസ്റ്റ് ഷോ കാണാൻ കുടുംബസമേതം പോകുന്നു. ആറേമുക്കാലിനാണ് സിനിമ. അഞ്ചുമണി ആവുമ്പോൾ അച്ഛൻ അച്ഛന്റെ ചെറിയമ്മയെ കാണാൻ ഇടക്കുന്നിയിലേക്ക് പോകും. മിക്കവാറും അച്ഛൻ വരുമ്പോഴേക്കും ആറേമുക്കാൽ ആയിക്കാണും പിന്നെ ഒരോട്ടമാണ്, തിയ്യറ്ററിൽ എത്തുമ്പോൾ ഫിലിം ഡിവിഷന്റെ ഷോർട് ഫിലിം കഴിയാറായിട്ടുണ്ടാവും. അന്ന് ശ്വാസകോശം പിറന്നിട്ടില്ല. ഇന്റെർവെലിന് ലാവിഷായി ശങ്കരൻകുട്ടി കൊണ്ടുവരുന്ന കപ്പലണ്ടി വാങ്ങിക്കഴിക്കും. സിനിമ കഴിഞ്ഞ് വീട്ടിലെത്തി സിനിമയുടെ ചർച്ച നടക്കും പിന്നെ ഉച്ചക്കലത്തെ സദ്യയുടെ ബാക്കി രാത്രി ഉണ്ണുന്നു. രണ്ടാം ഓണം തൈക്കാട്ടുശ്ശേരി ഉള്ള തറവാട്ടിലാണ് പതിവ്.
പുത്തൻ ട്രൗസറിന്റെയും ഷർട്ടിന്റെയും കോടിമണം ഇന്നും മനസ്സിലുണ്ട്. ബാക്കിവെക്കാൻ ഒരുപാട് ഓർമ്മകൾ തന്ന് ഓണം പോകുന്നു. ഓണം കഴിഞ്ഞ് അടുത്തദിവസം മുതൽ ഓണാവധി കഴിഞ്ഞുകിട്ടാൻ പോകുന്ന മാർക്കിനെ ഓർത്തുള്ള ടെൻഷൻ തുടങ്ങും.
ഡൽഹിയിൽ അവധിദിവസമാണെങ്കിൽ ഉച്ചക്കോണം അല്ലെങ്കിൽ രാത്രിയോണം.
സമയസ്ഥലപരിമിതികൾക്കനുസരിച്ച് ഓണസങ്കല്പങ്ങൾ മാറിവരുന്നു, നമ്മുടെ മനസ്സിലെ ഓണം നിലനിർത്താൻ ശ്രമിക്കാം. കുട്ടികൾ അവർ ഇഷ്ടപ്പെടുന്ന ആഘോഷങ്ങൾ ആഘോഷിക്കട്ടെ, എന്റെ മക്കൾക്ക് ഹോളിയും ദസറയും ദീപാവലിയുമാണ് ആഘോഷിക്കാൻ ഇഷ്ടം. ആ ഇഷ്ടത്തെ ഞാനും ബഹുമാനിക്കുന്നു. പക്ഷേ ഓണസദ്യയും വിഷുകൈനീട്ടവും അവർ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു, അഭിമാനത്തോടെ കൂട്ടുകാരോട് പറയുന്നു
എല്ലാവർക്കും ഓണാശംസകൾ
ഗിരി.ബി.വാര്യർ