വന്ധ്യതാ നിവാരണചികിത്സയ്ക്ക് പാങ്ങില്ലാത്ത നിർദ്ധനരായ സാധാരണക്കാർക്ക് സ്വകാര്യ ആശുപത്രികളിലെ ചെലവേറിയ ചികിത്സാ രീതി അപ്രാപ്യമാണല്ലോ.
സർക്കാർ തലത്തിൽ അന്ന് വന്ധ്യതാ ചികിൽസ ലഭ്യമായിരുന്നില്ല. കേന്ദ്ര- സംസ്ഥാന സർക്കാർ സംവിധാനങ്ങളിലെ മെല്ലെപോക്കും അനുബന്ധ സാഹചര്യങ്ങളുടെ പോരായ്മകളും നിമിത്തം പാവപ്പെട്ടവർക്ക് ആശ്രയിക്കാൻ മറ്റൊരിടമില്ലാത്ത കാലം .
“ ഞങ്ങൾ പാവങ്ങൾ എവിടെ പോകും സാർ , “ ആവലാതിക്കാരിലൊരാൾ ഓഡിയോ കോളിൽ ഉമ്മൻചാണ്ടിയോട് ചോദിച്ചു.
തിരുവനന്തപുരം എസ് എ ടി ആശുപത്രി ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. ഷീലാ ബാലകൃഷ്ണനാണ് മുഖ്യമന്ത്രിയെ ആശുപത്രിയുടെ അവസ്ഥ വിശദീകരിക്കാൻ തൽസമയം എത്തിയത്.
ഡോ. ഷീല സ്വന്തം വകുപ്പ് നേരിടുന്ന പ്രശ്നങ്ങളും വന്ധ്യതാ ചികിത്സാ രംഗത്തേയ്ക്കുള്ള തയ്യാറെടുപ്പുകളും വിശദീകരിച്ചു.
മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും സശ്രദ്ധം കേട്ടു. ആരെയും പഴിച്ചില്ല ന്യായവാദങ്ങൾ നിരത്തിയില്ല. തടസ്സങ്ങൾ മാറ്റാനാവശ്യമായ
സത്വര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.
ആവലാതിക്കാരനോട് മനുഷ്യത്വപരമായി സംസാരിച്ച് അയാളുടെ ആശങ്ക ദുരീകരിച്ചു. സർക്കാർ കാര്യമല്ലേ മുറ പോലെ നടന്നിട്ടുണ്ടാവണം എന്നേ ഞാനും പ്രതീക്ഷിച്ചിരുന്നുള്ളൂ. എന്നാൽ കെട്ടിടം കണ്ടെത്തുന്നതുൾപ്പെടെ കാര്യങ്ങൾ അതിവേഗം നീങ്ങുകയും ചികിത്സ ആരംഭിക്കുകയും ചെയ്തതായി ഈ രംഗത്ത് പ്രശസ്തയും എൻ്റെ
അടുത്ത സുഹൃത്തും കൂടിയായ
ഡോ. ഷീലാ ബാലകൃഷ്ണൻ പിന്നീട് പറയുകയുണ്ടായി.
ഞങ്ങൾ തെരഞ്ഞെടുത്ത് മുന്നിലെത്തിച്ച ഓരോ പരാതിയും രാഷ്ട്രീയഭേദമില്ലാതെ ഉമ്മൻചാണ്ടി കേട്ടു. പലതിൻ്റെയും നൂലാമാലകൾ സ്വയം അഴിച്ചു. തൻ്റെ അടുത്തെത്തിയ പ്രശ്നങ്ങളിൽ എത്രയെണ്ണം പരിഹരിക്കപ്പെട്ടുവെന്നറിയാൻ അദ്ദേഹം സ്വകാര്യമായി ഞങ്ങളെ ചട്ടം കെട്ടി.
ജോലിയിൽ വേണ്ടത്ര ശുഷ്കാന്തി കാട്ടാത്ത വടക്കേയിന്ത്യക്കാരനായ വാട്ടർ അതോറിറ്റി എം.ഡി യോട്
‘“ കൊടും വേനലാണ് വരുന്നത് ,ആളുകൾ വെള്ളം കിട്ടാതെ വലയരുത് “ എന്ന് ശബ്ദം താഴ്ത്തി പറയുന്നത് തൊട്ടരികെ നിന്നത് കൊണ്ട് കേട്ടു
എന്ന് മാത്രം .
സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങൾക്ക് വിലങ്ങുതടിയായ നിയമങ്ങളിൽ ഭേദഗതി വരുത്താൻ ഒട്ടും മടിച്ചില്ല.
അപാരമായ ഓർമശക്തിയായിരുന്നു ഉമ്മൻചാണ്ടിയുടേത്.
സർവീസ് ചട്ടങ്ങളിൽ കാലാകാലങ്ങളായി വന്ന തിരുത്തലുകളെപ്പറ്റി തികഞ്ഞ ധാരണയുണ്ടായിരുന്നു അദ്ദേഹത്തിന്. .
‘“എന്തൊരു മനുഷ്യനാ ഹേ ഇത് “
എന്ന് ഒരിക്കൽ
ചീഫ് സെക്രട്ടറി പോലും അത്ഭുതപ്പെടുന്നത് കണ്ടിട്ടുണ്ട്.
സഹകരണ ബാങ്കിന് പണയപ്പെടുത്തിയ മൂന്ന് സെൻ്റിൻ്റെ ആധാരം ഇരട്ടിയിലധികം പണം തിരിച്ചടച്ചിട്ടും ബാങ്ക് മുട്ടാപ്പോക്ക് പറഞ്ഞ് മുട്ടാപോക്കു പറഞ്ഞ് നീണ്ടകാലമായി നടത്തുന്നു എന്ന പരാതിക്ക് സുല്ലിട്ടത് അരമിനിട്ടിൽ .
പിറ്റേന്നാൾ വലം കൈയ്യിൽ ഉയർത്തി പിടിച്ച ആധാരവുമായി വിജയശ്രീലാളിതനായി ഓഫീസിലെത്തിയ ആൾ ഉച്ചത്തിൽ ചോദിച്ചു.
‘“എവിടെ , എവിടെയാണാ മനുഷ്യൻ. ഇതൊന്ന് കാണിക്കാനാ..”
2013.
പി ആർ ഡി മേഖലാ ഡപ്യൂട്ടി ഡയറക്ടറായി എറണാകുളത്താണ് ഞാൻ.
കലക്ട്രേറ്റിൽ പരാതിപരിഹാര സെൽ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കണം എന്നായിരുന്നു എൻ്റെ ആഗ്രഹം. . മൊബൈൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കാറിൽ
എങ്ങോട്ടോ യാത്രയിലാണ്.
കാര്യം പറഞ്ഞപ്പോൾ നിമിഷ നേരം മൗനത്തിലാണ്ടു.
‘“ ഞാൻ , ഞാനിപ്പം വന്നാ ശരിയാകുമോ . “
ആ ശബ്ദം അജ്ഞാതമായ ഏതോ നോവിൽ ലേശം ഇടറിയോ എന്തോ എൻ്റെ തോന്നലാവാം. വിവാദച്ചുഴിയിലാണ് അന്നാളുകളിൽ ഉമ്മൻചാണ്ടി . തെരുവിലാകെ പ്രതിഷേധപ്രകടനങ്ങളുടെ വൻ തിരകളാണ്.
“ ബാബുവോ (മന്ത്രി കെ ബാബു ) ബെന്നിയോ ( MLA ബെന്നി ബഹനാൻ ) മതിയോ. ഞാൻ പറയാം ”
മറുപടി ഒരു നിശബ്ദതയായി വന്ന് എൻ്റെ വാ പൊത്തി.
“ ഈ ബഹളമൊന്നടങ്ങീട്ട്
ഒരു ദിവസം ഓഫീസ് കാണാൻ വരാം “
കേരളത്തിൻ്റെ മുഖ്യമന്ത്രിയാണ് പറയുന്നത് എന്നോർക്കുക. പ്രോട്ടോക്കോൾ പ്രകാരം എവിടെയാണ് എൻ്റെ സ്ഥാനം എന്നും ഓർക്കുക.
മുഖ്യമന്ത്രിയുടെ ഓഫീസിൽ ബന്ധപ്പെട്ട് സമയം ചോദിക്കേണ്ടതില്ല. മുഖം കാണിക്കൽ ചടങ്ങിനായി ആരുടേയും അനുവാദം തേടേണ്ടതില്ല. ഏതാൾക്കൂട്ടത്തിരക്കിലും നമ്മൾ കണ്ടില്ലെങ്കിലും നമ്മളെ കാണുന്ന മനുഷ്യൻ.
ഉമ്മൻചാണ്ടീ മരിച്ചിട്ടും ജീവിക്കുന്ന നിങ്ങളൊരത്ഭുതം തന്നെ.
ഏത് വിശ്വമഹാ വിദ്യാലയത്തിൽ പോയി അഭ്യസിച്ചാലും ചില്ലറ ഗുണവിശേഷങ്ങൾ ആർജിക്കാമെന്നല്ലാതെ
നിങ്ങളെ പിന്തുടരാൻ ,നിങ്ങളാവാൻ ഒരാൾക്കുമാവില്ല , അത് കട്ടായം.

സുധക്കുട്ടി


