LITERATURE

ഓർമ്മയിലെ ഓണം

Blog Image
ഒന്നുരണ്ടു ദിവസത്തെ  സമൃദ്ധിയുടെ ആരവങ്ങളടങ്ങി, പുലിക്കളിയ്ക്കു ശേഷം നാലാം ഓണത്തിന് തൃക്കാക്കരയപ്പനെ ചായ്ക്കുമ്പോൾ, നേർത്ത ഒരു നൊമ്പരത്തോടെ പറയും. "എത്ര പെട്ടെന്നാണ് ഓണം പോയത്"!

ഓണമെന്ന് പറയുമ്പോൾ  ബാല്യകാലത്തിലെ ഓണങ്ങളാണ് കൂടുതൽ മിഴിവോടെ മനസ്സിൽ നിൽക്കുന്നത് എന്നതിനാൽ, അവയെക്കുറിച്ചുള്ള  ഓർമ്മകളാണ് എനിയ്ക്കു പങ്കുവയ്ക്കാനുള്ളത്.

ആർത്തുല്ലസിച്ചിരുന്ന കാലം.

ഉത്തരവാദിത്തങ്ങളില്ലാത്ത കാലം.

ഞങ്ങളെ സംബന്ധിച്ച്, പുത്തനുടുപ്പുകളും വിശേഷിച്ചെന്തെങ്കിലും കിട്ടാനില്ല എന്നറിയുമെങ്കിലും "നിറയെ തളിർത്തു പൂക്കാനായ് " ഒരുങ്ങിയിരിക്കുന്ന മനസ്സിൽ എന്തെന്നറിയാത്ത ആവേശം അലതല്ലുന്ന കാലം.

രസം കൊല്ലിയായി ഓണപ്പരീക്ഷ കടന്നു വരും. മൂലം, പൂരാടം വരെ നീളുന്ന വെറുപ്പിയ്ക്കൽ എങ്ങിനെയെങ്കിലും ഒന്ന് തീർന്നുകിട്ടിയാൽ മതിയെന്നാണ്. എല്ലാ പരീക്ഷകളും കഴിഞ്ഞ് ഒരു ഒന്നൊന്നര വരവുണ്ട് വീട്ടിലേക്ക്. ആമ്പൽപ്പൂക്കളും കാക്കപ്പൂവുമൊക്കെ മനം നിറച്ചു സ്വപ്നംകണ്ടുകൊണ്ട്.

ആളുകൾക്കൊപ്പം പ്രകൃതിയും അണിഞ്ഞൊരുങ്ങുമായിരുന്നു അന്നുകാലത്തൊക്കെ. അത്തത്തിന് മഴ പെയ്താൽ വലിയ ആശ്വാസമാണ്. പിന്നീട്,  തിരുവോണത്തിനു മാനം തെളിയുമല്ലോ. ഉത്രാടപ്പാച്ചിലിൽ ആമ്പൽ പറിയ്ക്കലും തുമ്പക്കുടങ്ങൾ ശേഖരിയ്ക്കലും കൂടിയുണ്ട്. നീണ്ടു പരന്നു കിടക്കുന്ന പാടത്ത് മുട്ടോളം വെള്ളത്തിൽ (ചിലയിടത്തൊക്കെ അരയ്ക്കൊപ്പം) നിന്നാണ് ആമ്പൽ പറിയ്ക്കൽ. പിന്നെ പല പല പറമ്പുകളിൽ നിന്നും തുമ്പച്ചെടികൾ ശേഖരിക്കും. ഒപ്പം കൂട്ടുകാരുമുണ്ടാകും. അവിടെയൊക്കെ ഓണത്തുമ്പികൾ കൂട്ടമായി പാറി ക്കളിക്കുന്നുണ്ടാകും.പല നിറങ്ങളിലുള്ള കാശിത്തുമ്പകൾ നിറയെ ചിരിച്ചുകൊണ്ടിരിക്കും..

കായ വറുക്കുന്ന മണം വഴിനീളെയുണ്ടാകും. നേന്ത്രപ്പഴത്തിന്റെ സുഗന്ധം എവിടെയും പടർന്നിട്ടുണ്ടാകും. എവിടെ നിന്നൊക്കെയോ കാറ്റിനൊപ്പം ഒഴുകിവരുന്ന കുമ്മാട്ടിമേളം ഏറിയും കുറഞ്ഞും കാതിലെത്തും.

ഉത്രാടത്തിന് സന്ധ്യ മയങ്ങുന്നതോടെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം മനസ്സ് നിറയ്ക്കും.  തൃക്കാക്കരയപ്പനെ അണിയിച്ചൊരുക്കണം.. പച്ചയരി കുതിർത്ത് വെണ്ടയുടെ ഇല ചേർത്തരച്ചത് അമ്മ അണിയാനായി തരും.
വീടിന്റെ പടികളും കട്ടിലപ്പടികളും അണിഞ്ഞൊരുക്കും. തൃക്കാക്കരയപ്പന് ചുറ്റും തുമ്പപ്പൂക്കുടങ്ങൾ  വയ്ക്കും. 
നേദിക്കാനുള്ള പൂവട തയ്യാറാക്കുമ്പോഴുള്ള ഗന്ധം മൂക്കിലേയ്ക്കെത്തുമ്പോൾ ഓണം വീട്ടിൽ വിരുന്നെത്തുകയായി.
മനസ്സിൽ ഓണത്തപ്പനെത്തുകയായി. മാവേലിത്തമ്പുരാൻ നമ്മൾ കാണാതെ ആ പൂവട സ്വീകരിക്കുമത്രേ.

തിരുവോണത്തിന് വീട്ടുകാരോടൊത്തുള്ള ഓണസദ്യയ്ക്കു ശേഷം ഞങ്ങൾ കുട്ടികൾ പൊരിഞ്ഞ കളിയാണ്.
കോട്ടച്ചാടി, കാൽപ്പന്ത്, കിളിമാസ്സ് എന്നിങ്ങനെ. വേലായുധ അച്ഛാച്ഛന്റെ വീട്ടിൽ ചിലപ്പോ ഓണക്കളിയുണ്ടാകും. പാടത്തിനരികിലാണ് ആളുടെ വീട്. അങ്ങോട്ടേയ്ക്കും പോണം.

ഒന്നുരണ്ടു ദിവസത്തെ  സമൃദ്ധിയുടെ ആരവങ്ങളടങ്ങി, പുലിക്കളിയ്ക്കു ശേഷം നാലാം ഓണത്തിന് തൃക്കാക്കരയപ്പനെ ചായ്ക്കുമ്പോൾ, നേർത്ത ഒരു നൊമ്പരത്തോടെ പറയും.

"എത്ര പെട്ടെന്നാണ് ഓണം പോയത്"!

രാംദാസ് പഴുവിൽ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.