അന്നൊക്കെ ഞാനിറങ്ങുമ്പോള്‍
ഉമ്മറത്തിണ്ണയില്‍
ഏറുകണ്ണിട്ടെന്നെ നോക്കിയും
പിന്നെ-
യിരുളുമ്പോള്‍ വഴിക്കണ്ണുമായ്
ആദ്യമുമ്മറത്തും
പിന്നെ,
മഴവരുന്നെ-ന്നകത്തേക്കു നോക്കി
അമ്മയോട് കെറുവിച്ചും
പിന്നെ
പതിയെ വേലിക്കലെത്തിനോക്കിയും
പിന്നെ
മെല്ലെ ,വഴിവക്കിലൂടെ നടക്കാന്‍ തുടങ്ങിയും
അകലെയൊരു പൊട്ടു പോലെന്നെ
കാണുന്ന മാത്രയില്‍
കോലായില്‍ കയറി
പത്രം തുറന്നും മടക്കിയും
സ്നേഹമിടനെഞ്ചിലൊളിപ്പിച്ചൊരാള്‍.
ഇന്ന് ഞാനിറങ്ങുമ്പോള്‍
അകത്തെ മുറിയിലേകനായ്
വാതില്‍ക്കലോളം മിഴി പായിച്ചും
കുടയെടുക്കണമെന്ന് പറയാതെ പറഞ്ഞും
ഇരുട്ടുവോളമെന്‍റെ കാലൊച്ച കാത്തും
മിഴി പൂട്ടാതിന്നും
നോക്കിത്തളര്‍ന്നും
വാതില്‍ക്കല്‍ കാണുമ്പോള്‍ മിഴിയടച്ചും
നോവേറും നെറുകിലൊരു
മൃദുസ്പര്‍ശത്തിനായ്
കൊതിയോടെ കാത്ത് കിടക്കുന്നൊരച്ഛന്‍.
ഡോ.ഉഷ.കെ