PRAVASI

പിഎം ശ്രീ പദ്ധതി ;യാഥാർഥ്യമെന്ത്

Blog Image

ഉയർന്ന സാക്ഷരതാ നിരക്കുള്ള സംസ്ഥാനമാണ് കേരളം. ശക്തമായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പോലുള്ള പദ്ധതികളിലൂടെയും സ്വകാര്യ ന്യൂനപക്ഷ മാതൃകയിലൂടെയും സ്വയംഭരണ മാതൃകയിലൂടെയും നല്ല അടിത്തറയുള്ള വിദ്യാഭ്യാസ മേഖല മാറിമാറിവന്ന സർക്കാരുകൾ കേരളത്തിൽ കെട്ടിപ്പടുത്തിയിട്ടുണ്ട്.

കേരളത്തിൽ പിഎംശ്രീ പദ്ധതി എന്ന കേന്ദ്രീകൃത പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് തുടക്കത്തിൽ തന്നെ ആശങ്കകളും തർക്കങ്ങളും ഉയർന്നിരുന്നു. എന്നാൽ പലപ്പോഴും പലതലങ്ങളിലും ഏറെ ഒച്ചപ്പാടുകൾക്കു കാരണമായിട്ടുണ്ടെങ്കിലും പലർക്കും എന്താണ് സംഭവം എന്ന് ഇതുവരെ ആർക്കും കാര്യമായി പിടികിട്ടിയിട്ടില്ല.

ഈ പശ്ചാത്തലത്തിൽ, പി.എം. ശ്രീ പദ്ധതി എന്താണെന്ന് നമുക്കൊന്നു പരിശോധിക്കാം . *1. എന്താണ് പിഎംശ്രീ പദ്ധതി* ? പ്രധാനമന്ത്രി സ്‌കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ (PM-SHRI) എന്ന പേരിൽ രാജ്യത്ത് മൊത്തം 14500 പുതിയ സ്‌കൂളുകൾ സ്ഥാപിക്കുന്ന പ്രൊജക്ടാണ് പിഎം ശ്രീ പദ്ധതി.

ഈ 14500 പുതിയ സ്‌കൂളുകൾ, ദേശീയ വിദ്യാഭ്യാസ നയം (NEP 2020) സമഗ്രമായി നടപ്പാക്കുന്ന തരത്തിലായിരിക്കും പ്രവർത്തിക്കുക. സാങ്കേതികമായി ഉയർന്ന നിലവാരമുള്ള മാതൃകാ സ്കൂളുകളായി രാജ്യമെങ്ങും ഈ സ്കൂളുകളെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ പി.എം. ശ്രീ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് എന്നാണ് ബിജെപിയും കേന്ദ്ര സർക്കാരും സംഘപരിവാറും അവകാശപ്പെടുന്നത്.

എന്നാൽ കേരളത്തിന്റെ തനതായ വിദ്യാഭ്യാസ പാരമ്പര്യത്തെയും ഫെഡറൽ സംവിധാനത്തെയും ബാധിക്കുന്ന സുപ്രധാനമായ ചില വെല്ലുവിളികൾ പിഎം ശ്രീ പദ്ധതി ഉയർത്തുന്നുണ്ട് എന്നത് വസ്തുതയാണ്. . സിപിഐ -യും എഐഎസ്എഫും, എസ്എഫ്ഐയും കോൺഗ്രസ്സും ഉൾപ്പടെയുയുള്ളവർ ഉന്നയിക്കാൻ ശ്രമിക്കുന്നത് പലവിധത്തിലുള്ള ആശങ്കകളാണ്. അവർ നിരന്തരമായി ചൂണ്ടിക്കാണിക്കുന്ന വെല്ലുവിളികൾ എന്തൊക്കെയാണെന്ന് നമുക്ക് ഒന്നൊന്നായി വിശകലനം ചെയ്തു നോക്കാം

*1. ഫെഡറൽ തത്വങ്ങളുടെ ലംഘനത്തിനുള്ള സാധ്യത*

*എ* *നയരൂപീകരണ സ്വാതന്ത്ര്യത്തിലെ ഇടപെടൽ:* നമ്മുടെ ഭരണഘടന പ്രകാരം വിദ്യാഭ്യാസ കാര്യങ്ങളിൽ സംസ്ഥാനങ്ങൾക്ക് സ്വന്തമായി നയങ്ങൾ രൂപീകരിക്കുകയും തീരുമാനീക്കുകയും ചെയ്യാം. വിദ്യാഭ്യാസം സംസ്ഥാനങ്ങൾക്ക് സ്വന്തമായി തീരുമാനം എടുക്കാവുന്ന കൺകറണ്ടു ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമായതിനാൽ, കേന്ദ്രം സാമ്പത്തിക സഹായം നൽകുമ്പോൾ സംസ്ഥാനങ്ങളുടെ നയരൂപീകരണ സ്വാതന്ത്ര്യത്തിൽ അമിതമായ ഇടപെടൽ നടത്തുക അനുവദനീയമല്ല.

എന്നാൽ പിഎം ശ്രീ പദ്ധതി കേന്ദ്രത്തിന്റെ പൂർണ്ണമായ നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണ് നടത്തപ്പെടുക. ഇത് കേന്ദ്രത്തിന്റെ അമിതമായ ഇടപെടലൈന് കാരണമാവും. കേരളത്തിന്റെ പാഠ്യരീതി ചിന്താപരമായി പൊതുവെ "പുരോഗമനപരമാണ്. പിഎം ശ്രീ പദ്ധതി സംസ്ഥാനത്തു വ്യാപിപ്പിക്കുമ്പോൾ കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടിവരുന്നത് കേരളത്തിന്റെ "പുരോഗമനപരമായ പാഠ്യരീതിയ്ക്ക് അത് തടസ്സമുണ്ടാക്കുമെന്ന് ഉറപ്പാണ്.

*ബി* *സിലബസ് ഏകീകരണ ഭയം:* ദേശീയ പാഠ്യപദ്ധതിയുടെ (NCF) ചട്ടക്കൂട് അനുസരിച്ച് സിലബസ് രൂപപ്പെടുത്തൽ നിർബന്ധമാകുന്ന സാഹചര്യം ഇന്ന് സംസ്ഥാനത്തില്ല. മഹാബലിയെയും നാരായണഗുരുവിനെയും അയ്യങ്കാളിയെയും മാറുമറക്കൽ സമരത്തെയും അയിത്തോശ്ചാടനത്തെയും ക്ഷേത്രപ്രവേശന വിളംബരത്തെയും കുറിച്ച് പഠിക്കാൻ ഇന്ന് നമ്മുടെ കുട്ടികൾക്ക് കഴിയുന്നത് അതുകൊണ്ടാണ്.

എന്നാൽ പിഎം ശ്രീ പദ്ധതി നടപ്പിലാക്കപ്പെടുമ്പോൾ, കേരളത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളും പ്രാദേശിക സംസ്കാരത്തിന് പ്രാധാന്യം നൽകുന്ന പാഠ്യപദ്ധതിയും സംരക്ഷിക്കാൻ കഴിയാതെ വന്നേക്കാം.

*2*. *പാഠ്യപദ്ധതിയിലെ രാഷ്ട്രീയ സ്വാധീനം*

*എ* *ആശയപരമായ വെല്ലുവിളികൾ:* ദേശീയ പാഠ്യപദ്ധതിയുടെ ചട്ടക്കൂടിന് അനുസരിച്ചു പാഠ്യവിഷയങ്ങൾ മാറ്റേണ്ടിവന്നാൽ, കേരളം പിന്തുടരുന്ന മതേതരവും പുരോഗമനപരവുമായ സമീപനങ്ങൾ ദുർബലമാക്കപ്പെടുമെന്ന ആശങ്കയുണ്ട്. ചില ചരിത്രങ്ങളും ചില സംസ്കാരങ്ങളും പ്രതിപാദിക്കുമ്പോൾ കേന്ദ്രീകൃതമായ സമീപനങ്ങളും സംഘപരിവാർ പൊതുവെ പ്രചരിപ്പിക്കുന്ന തരത്തിലുള്ള പക്ഷപാതപരമായ കാഴ്ചപ്പാടുകളും സംസ്ഥാനത്തിന്റെ പാഠ്യപദ്ധതിയിൽ അടിച്ചേൽപ്പിക്കപ്പെടാം.

*ബി* *ബ്രാൻഡിംഗ് വിമർശനം:* ഈ പദ്ധതി നടപ്പിലാവുമ്പോൾ ‘പി.എം. ശ്രീ’ എന്ന പേര് നിർബന്ധമാക്കുകയും പ്രധാനമന്ത്രിയുടെ ചിത്രം സ്കൂളുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യണം എന്നാണ് വ്യവസ്ഥ. ഇതിനെ പലരും രാഷ്ട്രീയ ബ്രാൻഡിംഗിനുള്ള ശ്രമമായാണ് കാണുന്നത്.

സാധാരണഗതിയിൽ നമ്മുടെ സ്‌കൂളുകളിലെ ഓഫിസിനുള്ളിൽ പ്രധാനമന്ത്രിമാരുടെ ഫോട്ടോകൾ സ്ഥാപിക്കാറുണ്ട് . ചില സ്‌കൂൾ ബോർഡുകളിൽ ചിലർ രാഷ്ട്രപിതാവിന്റെ ചിത്രം വെക്കാറുണ്ട്. പക്ഷെ അതൊഴിച്ചാൽ മറ്റാരുടെയും ചിത്രങ്ങൾ "നിർബന്ധപൂർവ്വം" സ്ഥാപിപ്പിക്കുന്ന ചരിത്രമില്ലല്ലോ. രാഷ്ട്രീയ ബ്രാൻഡിംഗിനുള്ള ശ്രമം എന്ന ആക്ഷേപമുയരുന്നത് അതുകൊണ്ടാണ്.

*3*. *സാമ്പത്തിക ബാധ്യതയും പദ്ധതിയുടെ സുസ്ഥിരതാ വെല്ലുവിളികളും*

*എ* *ഫണ്ടിംഗ് അനുപാതം (60:40):* പദ്ധതിയുടെ 40% ചെലവ് സംസ്ഥാനം വഹിക്കേണ്ടതുണ്ട്. മറ്റ് സാമ്പത്തിക പരിമിതികൾ നേരിടുന്ന സാഹചര്യത്തിൽ, ഈ വലിയ തുക സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കിയേക്കാം.

*ബി* *പദ്ധതിയുടെ കാലാവധി:* പദ്ധതിയുടെ സാമ്പത്തിക സഹായം 2026-27 വരെയാണ് ലഭിക്കുക. അതിനുശേഷം, പദ്ധതിയിലൂടെ വന്ന പുതിയ അധ്യാപക തസ്തികകളുടെ ശമ്പളം, സാങ്കേതിക സൗകര്യങ്ങളുടെ സംരക്ഷണച്ചെലവ് , മെയിന്റനൻസ് ചെലവ് തുടങ്ങിയവ സംസ്ഥാനത്തിന് തന്നെ വഹിക്കേണ്ടിവരും. ഇത് പദ്ധതിയുടെ സുസ്ഥിരതയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നു.

*സി* *വിഭവങ്ങളുടെ വിതരണത്തിലെ അസമത്വം:* കേരളത്തിലെ സ്കൂളുകൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി അടിസ്ഥാന സൗകര്യങ്ങൾ ഇതിനോടകം മെച്ചപ്പെടുത്തിയവയാണ്. ഇപ്പോഴും കുറവുകൾ ഏറെ ഉണ്ടെങ്കിലും ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തും ഇല്ലാത്ത വികസനം ഇക്കാര്യത്തിൽ നമ്മുടെ ഒട്ടുമിക്ക സ്‌കൂളുകളും കൈവരിച്ചിട്ടുണ്ട്.

ഒരു പ്രത്യേക ആവിശ്യത്തിന് എന്ന് പറഞ്ഞ് ഈ സ്‌കൂളുകളിലേക്ക് പിഎം ശ്രീ പദ്ധതി വഴി വീണ്ടും ഫണ്ട് വരുമ്പോൾ അത് ഇരട്ടിപ്പിനു കാരണമാവും. ഇത്തരം ഫണ്ടുകൾ വകമാറ്റി ചെലവഴിക്കാൻ കഴിയാതെ വരുമെന്നതിനാൽ ലാപ്സാക്കപ്പെടാനാണ് കൂടുതൽ സാധ്യത. ഉദാഹരണം, (ഫർണിച്ചർ, ചുറ്റുമതിൽ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ തുടങ്ങിയ നിരവധി ഹെഡ്ഡുകൾ )

*സന്തുലിത സമീപനത്തിന്റെയും രാഷ്ട്രീയ ഇച്ഛാശക്തിയുടെയും അനിവാര്യത*

പി.എം. ശ്രീ പദ്ധതിയിൽ നിന്ന് ലഭിക്കുന്ന സാമ്പത്തികവും അക്കാദമികവുമായ ഗുണങ്ങൾ ഉപയോഗപ്പെടുത്തുമ്പോൾ, മതേതരത്വം, പ്രാദേശികത, വിദ്യാർത്ഥി കേന്ദ്രീകൃതത എന്നീ മൂല്യങ്ങൾ വിട്ടുവീഴ്ചയില്ലാതെ നിലനിർത്തുക എന്നതാണ് യഥാർത്ഥ വെല്ലുവിളി.

കേരളത്തിന്റെ തനത് സ്വതന്ത്ര വിദ്യാഭ്യാസ മാതൃകയും ഫെഡറൽ തത്വങ്ങളും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാർ ഗൗരവമായി അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്തില്ലങ്കിൽ ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാവും.

വേണ്ടത്ര കൂടിയാലോചനയില്ലാതെ തല കൊണ്ടു വെച്ചുകൊടുത്ത സ്ഥിതിക്ക് ഇനി പിണറായി സർക്കാറിന് പദ്ധതിയുമായി മുന്നോട്ടു പോകാതെ തരമില്ല. അങ്ങനെ അവർ മുമ്പോട്ടു പോവുകയാണെങ്കിൽ മുന്നോട്ടുള്ള പദ്ധതി നടത്തിപ്പിൽ അവരെ നിയന്ത്രിക്കുവാൻ പോകുന്ന സംഘപരിവാർ സർക്കാരിന്റെ ചരടുകളും അതിലെ കുരുക്കുകളും വളരെ സങ്കീർണ്ണവും വെല്ലുവിളി നിറഞ്ഞതുമായിരിക്കും..

കേന്ദ്ര സഹായം സ്വീകരിക്കുമ്പോൾത്തന്നെ, കേരളത്തിന്റെ വിദ്യാഭ്യാസ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പദ്ധതിയുടെ നടപ്പാക്കൽ പ്രാദേശികവൽക്കരിക്കുക എന്ന സന്തുലിത സമീപനം ഉറപ്പു വരുത്തുക മാത്രമാണ് ഇനി സംസ്ഥാനത്തിന് മുന്നിലുള്ള ഏക വഴി.

അതിനു കൃത്യവും ശക്തവുമായ രാഷ്ട്രീയ ഇച്ഛാശക്തി സംസ്ഥാന സർക്കാർ കാണിക്കേണ്ടതുണ്ട്. 1350 കോടിയുടെ മുമ്പിൽ നാളിതുവരെ പിഎംശ്രീ പദ്ധതിക്ക് എതിരായി പറഞ്ഞതെല്ലാം ഒറ്റയടിക്കു വിഴുങ്ങിയ ഒരു മുഖ്യമന്ത്രിയിൽനിന്നും അത്തരമൊരു രാഷ്ട്രീയ ഇച്ഛാശക്തി പ്രതീക്ഷിക്കാമോ എന്നതാണ് വിഷമിപ്പിക്കുന്ന അവശേഷിക്കുന്ന ചോദ്യം. ‎

ഡോ. ബിജു കൈപ്പാറേടൻ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.