കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഉറപ്പുനൽകുന്ന സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ പ്രിയദർശിനിയുടെ ഉദ്ഘാടന വേദിയിൽ ചരിത്രനിമിഷം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിക്കുന്ന ബസിന്റെ ഡ്രൈവിങ് സീറ്റിൽ പെരുമ്പാവൂർ ഡിപ്പോയിലെ വി.പി. ഷീല എന്ന പെൺകരുത്ത് സാരഥിയാകും.
പൊതുഗതാഗത രംഗത്ത് സ്ത്രീ സുരക്ഷയ്ക്കും സൗകര്യത്തിനും പുതിയ മുഖം നൽകുന്ന പദ്ധതിയുടെ തുടക്കത്തിൽ തന്നെ ഡ്രൈവറായി നിയോഗിക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് ഷീല. വലിയൊരു ചരിത്ര നിമിഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഈ സുപ്രധാന വേളയിൽ സർക്കാർ എന്നെ മറക്കാതെ ഈ ദൗത്യം ഏൽപ്പിച്ചതിൽ അഭിമാനമുണ്ടെന്നാണ് ഷീല മാധ്യമങ്ങളോട് പറഞ്ഞത്.
കെ.എസ്.ആർ.ടി.സിയിൽ പി.എസ്.സി (PSC) വഴി നിയമനം ലഭിച്ച സംസ്ഥാനത്തെ ആദ്യ വനിതാ ഡ്രൈവറാണ് കോട്ടപ്പടി വെട്ടിക്കാമറ്റം വീട്ടിൽ വി.പി. ഷീല (53). പുരുഷാന്മാർ മാത്രമുള്ള മേഖലയിലേക്ക് 13 വർഷം മുൻപാണ് ഷീല കടന്നുവരുന്നത്. തന്റേതായ കഠിനാധ്വാനം കൊണ്ട് കെ.എസ്.ആർ.ടി.സിയുടെ ചരിത്രത്തിൽ സ്വന്തം പേര് ചേർത്തുവെച്ച ഷീലയ്ക്ക് വലിയ വാഹനങ്ങൾ ഓടിക്കുന്നത് പുത്തരിയല്ല.

