PRAVASI

കാരണവർ വധക്കേസ് പ്രതി ഷെറിൻ അടക്കം 11 പേർക്ക് ജയിൽ മോചനം

Blog Image

തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ അടക്കം 11 പേർക്ക് ശിക്ഷായിളവ് നൽകി വിട്ടയക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകരിച്ചു. മൂന്നുകേസുകളിലായാണ് 11 പേർക്ക് മോചനം നൽകുന്നത്. ഭരണഘടനയുടെ 161-ാം അനുച്ഛേദപ്രകാരമുള്ള അധികാരമുപയോഗിച്ചാണ് മോചനത്തിന് മന്ത്രിസഭ നൽകിയ ശുപാർശ ഗവർണർ അംഗീകരിച്ചത്. 2009ലാണ് ഭർത്തൃപിതാവായ ഭാസ്കരകാരണവരെ ഷെറിനും മറ്റു മൂന്നുപ്രതികളും ചേർന്ന് വീടിനുള്ളിൽവെച്ച് കൊലപ്പെടുത്തിയത്.  കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഷെറിൻ ഇപ്പോൾ കണ്ണൂർ ജയിലിലാണ്.
ആഭ്യന്തര വകുപ്പ് ഉത്തരവിറക്കുന്നതോടെ ഷെറിൻ ജയിൽ മോചിതയാവും. ഷെറിനെ പുറത്തിറക്കുന്നതിനെ കൊല്ലപ്പെട്ട കാരണവരുടെ ബന്ധുക്കളടക്കം എതിർത്തിരുന്നു. നേരത്തേ ഷെറിന് ശിക്ഷായിളവ് നൽകി വിട്ടയക്കണമെന്ന് സർക്കാർ ശുപാർശചെയ്തിരുന്നു. എന്നാൽ, ഇവർക്ക് അടിക്കടി പരോൾ കിട്ടിയതും ജയിലിൽ സഹതടവുകാരുമായി ഏറ്റുമുട്ടലുണ്ടായത്‌ പുറത്തുവന്നതും സർക്കാർ ശുപാർശയ്ക്കുശേഷവും ജയിലിൽ പ്രശ്നം സൃഷ്ടിച്ചതും തിരിച്ചടിയായിരുന്നു. ഇതേത്തുടർന്ന് ഓരോ തടവുകാരുടെയും കുറ്റകൃത്യം, ശിക്ഷ, പരോൾ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങൾ പ്രതിപാദിക്കുന്ന ഫോറം രാജ്ഭവൻ ഏർപ്പെടുത്തി. ശുപാർശയോടൊപ്പം ഈ ഫോറം പൂരിപ്പിച്ച് സർക്കാർ വീണ്ടും ഫയൽ സമർപ്പിക്കുകയായിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിച്ച് 14 വർഷം തടവ് പൂർത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.