ഡാലസ്: നടനും സംവിധായകനും പൊളിറ്റിക്കൽ സറ്റയറിസ്റ്റുും കലാപ്രതിഭയുമായിരുന്ന സലിംകുമാറിന്റെ ദേഹവിയോഗത്തിൽ ഡാലസ് മലയാളി അസോസിയേഷനും നോർത്ത് ടെക്സസ് മലയാളി അസോസിയേഷനും സംയുക്തമായി ചേർന്ന യോഗം അനുശോചനം രേഖപ്പെടുത്തി.
മികച്ച നടനുള്ള ദേശീയ പുരസ്ക്കാര ജേതാവ്, സിനിമാ നടൻ, മിമിക്രി ആർട്ടിസ്റ്റ്, അനുവാചകരെ ആവോളം ചിരിപ്പിക്കുന്ന ഒരു ഹാസസാമ്രാട്ട്, തുടങ്ങിയ നിലകളിൽ പ്രശസ്തനായിരുന്നെങ്കിലും അദേഹത്തിന്റെ രാഷ്ട്രീയപരവും ധാർമ്മീകപരവുമായ പ്രതിബദ്ധതയും കൂസലില്ലായ്മയും അനുകരണീമാണെന്ന് ഡാലസ് മലയാളി അസോസിയേഷൻ പ്രസിഡന്റ ജൂഡി ജോസ് അഭിപ്രായപ്പെട്ടു.
സമൂഹത്തിന്റെ താഴ്ത്തട്ടിൽ നിന്നും സ്വപ്രയത്നം കൊണ്ടും ശരിയായ ജീവിതനിരീക്ഷണം കൊണ്ടും ആരാലും ആദരിപ്പെടുന്ന തലങ്ങളിലേക്ക് ഉയർന്നു വന്ന വിസ്മരിക്കാനാവാത്ത ഒരു കലാപ്രതിഭയായിരുന്നു മലയാളത്തിന്റെ സ്വന്തം സലിംകുമാറെന്ന് മലയാള സിനിമാ നിർമ്മാതാവും ഫോമാ സൗത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റുമായ ബിജു ലോസൺ പറഞ്ഞു.
മനുഷ്യനെ തിരിച്ചറിയുന്ന ലളിത മനസിന്റെ ഉടമയായിരുന്ന സലിംകുമാർ എന്നും സ്നേഹവും സഹകരണവും സഹായവും തേടിയിരുന്ന സഹമനുഷ്യർക്കൊപ്പം ജീവിച്ചു. മലയാളം ഉള്ളിടത്തോളം അദേഹം എന്നും ഒാർമ്മിക്കപ്പെടുമെന്ന് നോർത്ത് ടെക്സസ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ഷാജി അലപ്പാട്ട് പറഞ്ഞു. അദേഹത്തിന്റെ വാക്യങ്ങളും സരസവാചക്യങ്ങളും എക്കാലവും ഹൃദയത്തിൽ സുക്ഷിക്കുമെന്നും അദേഹം പറഞ്ഞു.
ഡാലസ് മലയാളി അസോസിയേഷൻ ഹാളിൽ ചേർന്ന അനുശോചനയോഗത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിലെ ആളുകൾ പങ്കെടുത്തു.

