PRAVASI

(വഴിവിളക്കുകള്‍-16) കുഗന്‍

Blog Image

കൗതുകം നിറഞ്ഞ ഒരു പേര്- 'കുഗന്‍'- തീര്‍ത്തും അപരിചിതമായ ആ പേരില്‍ ആണ് ആദ്യം കണ്ണുടക്കിയത്. ഇനി കുഗനിലേക്ക് എത്തിയ വഴി.
ശനിയും ഞായറും ഉള്‍പ്പെടെ നാല് ദിവസത്തെ പൂജാ അവധിക്ക് ഒരു യാത്രയായാലോ എന്ന ചിന്തയില്‍ പല വിനോദ സഞ്ചാരകേന്ദ്രങ്ങളും മനസ്സില്‍ തെളിഞ്ഞു. ഞങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന തീര്‍ത്തും സൗകര്യപ്രദമായ ഒരു മലേഷ്യന്‍ ടൂര്‍ പാക്കേജ് അങ്ങനെയാണ് ശ്രദ്ധയില്‍പ്പെട്ടത്. അവധിക്ക് വളരെ കുറച്ചു ദിവസങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും ഞങ്ങളുടെ മലേഷ്യന്‍ യാത്ര- വിസയും എയര്‍ ടിക്കറ്റും ഉള്‍പ്പെടെ എല്ലാം ശരിയായി. ഞാനും ഭര്‍ത്താവും അങ്ങനെ മലേഷ്യന്‍ യാത്രയ്ക്ക് സജ്ജരായി. മലേഷ്യയിലെ ഞങ്ങളുടെ ടൂര്‍ ഗൈഡും ഡ്രൈവറുമായ ആള്‍- കുഗന്‍. കുഗന്‍റെ ഫോണ്‍ നമ്പര്‍ ട്രാവല്‍ ഏജന്‍സിയില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടി. 'കുഗന്‍' എന്ന പേര് എന്തുകൊണ്ടോ കണ്ണിലുടക്കി.
ക്വലാലംപൂര്‍ എയര്‍പോര്‍ട്ടിന് വെളിയിലായി ഞങ്ങളെ കാത്ത് നിറഞ്ഞ ചിരിയോടെ കുഗന്‍ ഉണ്ടായിരുന്നു. പേരില കൗതുകത്തില്‍ അവസാനിക്കുന്നതായിരുന്നില്ല കുഗന്‍ എന്ന മനുഷ്യന്‍. കാഴ്ചയിലും സംസാരത്തിലും എല്ലാം വൈവിധ്യങ്ങളുടെ മഴവില്‍ അഴകായിരുന്നു കുഗന്.
തമിഴ് വംശജനായ അച്ഛന്‍റെയും ചൈനീസ് വംശജയായ അമ്മയുടെയും അഞ്ചുമക്കളില്‍ നാലാമത്തെയാള്‍. ദ്രവീഡിയന്‍ ശരീരഘടനയും നിറവുമുള്ള കുഗന്‍റെ മംഗളോയിഡ് മുഖം കാഴ്ചയിലും അയാളെ വ്യത്യസ്തനാക്കി. തമിഴും ചൈനീസും മലയ് ഭാഷയും അനായാസേന സംസാരിക്കുന്ന, ഭാഷയുടെ അടിസ്ഥാന ലക്ഷ്യം ആശയവിനിമയമാണെന്ന തികഞ്ഞ ബോധ്യത്തോടെ സങ്കോചം ഏതുമില്ലാതെ ഇംഗ്ലീഷ് സംസാരിക്കുന്ന, ടൂറിസ്റ്റുകളുമായുള്ള നിരന്തര സമ്പര്‍ക്കത്തിലൂടെ അത്യാവശ്യം അറബിഭാഷയും കൈകാര്യം ചെയ്യുന്ന ബഹുഭാഷിയായ മനുഷ്യന്‍. പൂവില്‍നിന്നും പൂവിലേക്ക് പാറിനടക്കുന്ന പൂമ്പാറ്റയെ പോല്‍, അത്രമേല്‍ ആയാസരഹിതമായി, ഭാഷകളില്‍ നിന്നും ഭാഷകളിലേക്ക് സഞ്ചരിക്കുന്ന കുഗനെ എന്നിലെ ഭാഷാധ്യാപിക തെല്ലൊരു അസൂയയോടെയും ആദരവോടെയും ആണ് കണ്ടത്.
തീര്‍ത്തും സൗഹൃദപരമായ പെരുമാറ്റവും സംസാരവും. മലേഷ്യയുടെയും ക്വാലാലംപൂരിന്‍റെയും സമഗ്ര ചിത്രം കുഗന്‍റെ വാക്കുകളിലൂടെ ഞങ്ങളിലേക്ക് എത്തി. ചരിത്രം, ഭൂമിശാസ്ത്രം, മതം, മനുഷ്യര്‍, ഭക്ഷണരീതികള്‍, സംസ്കാരം, ടൂറിസം- കുഗന്‍റെ സംസാരത്തില്‍ കടന്നുവരാത്ത വിഷയങ്ങള്‍ കുറവായിരുന്നു. വിവിധ ഭാഷകളുടെ  സ്വാധീനമുള്ള കുഗന്‍റെ  ഇംഗ്ലീഷ് ഉച്ചാരണം നന്നായി ശ്രദ്ധിച്ചാല്‍ മാത്രമേ മനസ്സിലാകുമായിരുന്നുള്ളൂവെങ്കിലും അയാളുടെ ഓരോ വാക്കും അതീവ ശ്രദ്ധയോടെയാണ് ഞാന്‍ കേട്ടിരുന്നത്. കേള്‍വിക്കാരെ പിടിച്ചിരുത്തുന്ന എന്തോ ഒരു ഘടകം കുഗന്‍റെ ഭാഷയ്ക്ക് ഉണ്ടായിരുന്നു. ശബ്ദത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍, താളം, ഇടയ്ക്കിടെയുള്ള പൊട്ടിച്ചിരി, തലയുടെ, കൈയുടെ ചലനങ്ങള്‍, അവിടെയായി ഉപയോഗിക്കുന്ന തമിഴ് വാക്കുകള്‍- എന്നിലെ കേള്‍വിക്കാരി ആ സംസാരത്തെ ആഘോഷമാക്കി.
ഹിന്ദുവിശ്വാസവും തമിഴ് ഭാഷയും ഭക്ഷണരീതികളും പിന്തുടരുന്ന, മധുരയില്‍ കുടുംബവേരുകള്‍ ഉള്ള, രജനീകാന്ത് പടങ്ങളുടെ തികഞ്ഞ ആരാധകനായ, തമിഴ് സിനിമ പാട്ടുകള്‍ മൂളുന്ന, അമീര്‍ഖാന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന, ദൃശ്യം-2 കണ്ടിട്ടുള്ള, ചൈനീസ് കണ്ണുകളും മുഖവുമുള്ള മലേഷ്യക്കാരനായ കുഗന്‍. 37 വയസ്സുള്ള കുഗന് 5 വയസ്സ് പ്രായമുള്ള ഒരു പെണ്‍കുട്ടിയും അഞ്ചുമാസം പ്രായമുള്ള ഒരു ആണ്‍കുട്ടിയും ഉണ്ട്. കല്യാണത്തിന് മുന്‍പുവരെ എല്ലാ രജനീകാന്ത് പടങ്ങളും കൃത്യമായി കണ്ടിരുന്ന, ഒരു കട്ട രജനി ഫാനായ കുഗന്‍, ജെന്‍റിങ് ഹൈലാന്‍ഡ്സിലേക്കുള്ള ഞങ്ങളുടെ യാത്രയില്‍ പറഞ്ഞുവെച്ച ഒരു കാര്യം ഇപ്പോഴും ഉള്ളില്‍ കൊത്തിവലിക്കുന്നുണ്ട്.
രജനീകാന്തിന്‍റെ സ്റ്റൈലന്‍ ആരാധന മൂത്ത് തുടങ്ങിയതാണ് കുഗന്‍റെ പുകവലി ശീലം. ഒരു സിനിമാതാരത്തോടുള്ള കടുത്ത ആരാധനയില്‍ ആ താരത്തിന്‍റെ ശൈലിയെ അനുകരിക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ ഒരു ശീലം, ഇന്ന് ഭാര്യയുമായി ഏറ്റവും അധികം വഴക്കിടുന്നതും ഈ പുകവലിയുടെ പേരിലാണ്. ആരാധനാമൂര്‍ത്തിയായ സിനിമാതാരത്തെ അനുകരിച്ച് വെറും കൗതുകത്തിന് തുടങ്ങിയ പുകവലിശീലം രജനീകാന്ത് നേരിട്ട് വന്ന് പറഞ്ഞാലും ഇനി മാറ്റാനാവില്ല എന്ന് ആ മനുഷ്യന്‍ നേടുവീര്‍പ്പിട്ടപ്പോള്‍, ചില ശീലങ്ങളുടെ തടവറകളില്‍ നിന്ന് മനസ്സ് എത്ര ആഗ്രഹിച്ചാലും പുറത്തുവരാന്‍ ആവാത്ത നിസ്സഹായരായ ഒരുപാട് മനുഷ്യരുടെ ഹൃദയ നൊമ്പരങ്ങള്‍ എന്നെ അസ്വസ്ഥയാക്കി.
അത് പെട്ടെന്ന് തിരിച്ചറിഞ്ഞിട്ടാവണം- കുഗന്‍ വിഷയം മാറ്റി. "ഹണിമൂണ്‍ ഒക്കെ എങ്ങനെയുണ്ട് സാറേ" എന്ന കുഗന്‍റെ ചോദ്യം കേട്ട് അറിയാതെ ഞങ്ങള്‍ രണ്ടുപേരും ചിരിച്ചു. ഒന്നിച്ചുള്ള എല്ലാ ദൂരയാത്രകളെയും ഹണിമൂണ്‍ എന്ന് വിളിക്കാമെങ്കില്‍ ഞങ്ങളുടെ എട്ടാമത്തെയോ പത്താമത്തെയോ ഹണിമൂണ്‍ ആയിരിക്കും ഇത്. ഞങ്ങള്‍ക്ക് അഞ്ചു വയസ്സും മൂന്നു വയസ്സും പ്രായമുള്ള രണ്ട് കുട്ടികള്‍ ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ ചെറിയ ഒരു ആശ്ചര്യം കുഗന്‍റെ മുഖത്ത് കണ്ടു. എങ്കിലും പുതിയ ഒരു വിഷയം കിട്ടിയ സന്തോഷത്തില്‍ കുഗന്‍ സംസാരം തുടര്‍ന്നു. ഇന്ത്യയിലേക്ക്- തമിഴ്നാട്ടിലേക്കും കേരളത്തിലേക്കുമുള്ള കുഗന്‍റെ ഹണിമൂണിനെ  കുറിച്ചായി പിന്നെ സംസാരം. ആലപ്പുഴയും ഹൗസ്ബോട്ടും കായല്‍ ഓളങ്ങളും എല്ലാം കുഗന്‍റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ്. കേരളത്തെക്കുറിച്ചും ആലപ്പുഴയെക്കുറിച്ചും ഒക്കെ പറയാന്‍ നൂറു നാവായിരുന്നു കുഗന്. നാവിന്‍തുമ്പില്‍ ഇപ്പോഴും ഊറുന്ന കരിമീന്‍ പൊള്ളിച്ചതിന്‍റെ രുചിയെ വര്‍ണ്ണിക്കാനാവാതെ കുഗന്‍ വിഷമിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറവും ആ കരിമീന്‍രുചിയെ അയാള്‍ നെഞ്ചോട് ചേര്‍ത്ത് വെച്ചിരിക്കുകയാണ്.
കല്യാണശേഷം ജീവിതത്തില്‍ വന്ന അച്ചടക്കത്തെക്കുറിച്ചും കുഗന്‍ വാചാലനായി. നന്നായി ജോലി ചെയ്യുകയും കിട്ടുന്ന പണം മുഴുവന്‍ ചെലവാക്കുകയും ചെയ്തിരുന്ന ബാച്ചിലര്‍ ലൈഫ്. കല്യാണശേഷം സമയക്രമം കൃത്യമായി പാലിക്കുന്ന ഒരു ജോലിയിലേക്ക് മാറുകയും കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തുകയും ചെയ്ത കുഗന്‍ സാമ്പത്തിക കാര്യങ്ങളിലും പിന്നീട് കൃത്യമായ അച്ചടക്കം പാലിച്ചുപോന്നു. കഷ്ടപ്പെട്ട് സമ്പാദിക്കുന്ന ഒരു തുകയും അനാവശ്യമായി ചെലവഴിക്കാത്ത വ്യക്തിയായി കുഗന്‍ മാറി. 25 വയസ്സിലെ ജീവിതവീക്ഷണവും ചിന്താഗതിയും 30 വയസ്സിലേക്ക് എത്തിയപ്പോഴേക്കും സമൂല മാറ്റങ്ങള്‍ക്ക് വിധേയമായി. ജീവിതത്തെ, ലോകത്തെ, മനുഷ്യരെ, മതത്തെ, സമ്പത്തിനെ, കുടുബ ബന്ധങ്ങളെ ഒക്കെ എത്ര പക്വമായ രീതിയിലാണ് ആ മനുഷ്യന്‍ നോക്കിക്കാണുന്നത്! അനുഭവങ്ങളില്‍നിന്നും പാളിച്ചകളില്‍നിന്നും പഠിക്കാന്‍ തയ്യാറുള്ളവര്‍ക്ക് ജീവിതത്തേക്കാള്‍ മെച്ചപ്പെട്ട ഒരു ഗുരുവില്ലെന്ന ചിന്ത എന്നില്‍ കൂടുതല്‍ ആഴത്തില്‍ വേരൂന്നി.
മൂന്ന് ദിവസത്തെ മലേഷ്യന്‍ യാത്രയ്ക്ക് ശേഷം അംബരചുംബികളുടെ നഗരമായ ക്വാലാലംപൂരിനോട് വിടപറയുമ്പോല്‍ ഗഘ ടവറിനേക്കാളും, പെട്രോണസ് ട്വിന്‍ ടവറിനേക്കാളും, 118 നിലകളിലുള്ള 2227 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമായ മെര്‍ഡേക്ക ടവറിനേക്കാളും തലപ്പൊക്കം എന്‍റെ മനസ്സില്‍ കുഗനായിരുന്നു.

(ആന്‍സി സിറിയക് ഇലക്കാട്ട് (കോട്ടയം ബിസിഎം കോളജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക) രചിച്ച്, മഷിക്കൂട്ട് പബ്ലീഷേഴ്സ് പ്രസിദ്ധീകരിച്ച, നാട്ടുവഴിയിലെ വിളക്കുമരങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.