കഴിഞ്ഞ മൂന്നു ദിവസമായി അമേരിക്കയിലെ ന്യൂയോർക്കിനോടു ചേർന്നു കിടക്കുന്ന കണക്ടികറ്റ് സ്റ്റേറ്റിലെ സ്റ്റാംഫോർഡിലെ ഹിൽറ്റൺ സ്റ്റാംഫോർഡ് ഹോട്ടലിൽ നടക്കുന്ന ഫെഡറേഷൻ ഓഫ് ശ്രീനാരായണഗുരു ഓർഗനൈസേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ വാർഷിക കൺവെൻഷനിൽ പങ്കെടുക്കുകയായിരുന്നു. അമേരിക്കയിലെ പല ഭാഗത്തുനിന്നുവന്ന മുന്നൂറ്റമ്പതോളം പേർ പങ്കെടുക്കുന്ന പരിപാടി. നാരായണഗുരുവിന്റെ ദർശനങ്ങളെ അടുത്തു പരിചയിക്കാനും പരസ്പരം സൗഹൃദം പകരാനുമുള്ള ഒന്നിച്ചു ചേരൽ.
രണ്ടു ദിവസവും രാവിലെ ആറുമണിമുതൽ ഏഴുമണിവരെയുള്ള ക്ലാസ്സും രണ്ടു പ്രഭാഷണങ്ങളുമായിരുന്നു എനിക്ക് ചെയ്യാനുണ്ടായിരുന്നത്. എന്നെ സ്പർശിച്ച ഗുരു, കാലം തേടുന്ന ഗുരു എന്നീ വിഷയങ്ങളെ അധികരിച്ചായിരുന്നു പ്രഭാഷണം.
ഗുരുവിനെ അറിയാനും അറിയിക്കാനും ശ്രമിക്കുന്ന പല ധാരകളുണ്ട്. ശിവഗിരിയിലൂടെയും എസ് എൻ ഡി പിയിലൂടെയും നാരായണഗുരുകുലത്തിലൂടെയും പുരോഗമന പ്രസ്ഥാനങ്ങളിലൂടെയും ഇതിനെല്ലാം പുറത്ത് സ്വതന്ത്രമായി ചിന്തിക്കുന്ന മനുഷ്യരിലൂടെയും മറ്റു പല സ്വതന്ത്ര സംഘടനകളിലൂടെയും ഗുരുവിന്റെ ദർശനം പല തരത്തിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്. ഇതിലേതാണ് ശരി എന്ന തീരുമാനത്തെ മാറ്റിവെച്ച് എല്ലാറ്റിലുമുള്ള വെളിച്ചങ്ങളെ സ്വീകരിച്ചും ഇരുട്ടിനെ തള്ളിക്കളഞ്ഞുമുള്ള ഒരു വീക്ഷണം രൂപപ്പെടുത്തിയെടുക്കുകയെന്നത് കാലത്തിന്റെ ആവശ്യമാണ്. കാരണം നാരായണഗുരു മുന്നോട്ടു വെച്ച സൗഹൃദമെന്ന ആശയം അത്രമാത്രം പ്രസക്തമായിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്.
വ്യക്തികൾ തമ്മിൽ, മതങ്ങൾ തമ്മിൽ, ആശയങ്ങൾ തമ്മിൽ, മറ്റു വ്യത്യസ്തമായ ജീവിതവീക്ഷണങ്ങൾ തമ്മിൽ പരസ്പരം പോരടിക്കുന്ന മനോഭാവത്തിൽനിന്നും മാറി പാരസ്പര്യപ്പെടാവുന്ന ആകാശങ്ങളെ കണ്ടെത്താൻ നാം അന്തരീക്ഷമൊരുക്കിയേ മതിയാകൂ. ആ ഒരു സാദ്ധ്യതയെ എങ്ങനെ സാദ്ധ്യമാക്കാം എന്ന ആലോചനയായിരുന്നു കാലം തേടുന്ന ഗുരു എന്ന പ്രഭാഷണത്തിലൂടെ പറയാൻ ശ്രമിച്ചത്.
പ്രധാനമായി പറഞ്ഞ രണ്ടു കാര്യങ്ങളിൽ ഒന്ന് ഇവിടെ പങ്കുവെയ്ക്കാമെന്നു കരുതിയാണ് ഈ കുറിപ്പ്. അടുത്തത് അടുത്ത കുറിപ്പിലൂടെ അവതരിപ്പിക്കാം.
നാലഞ്ചു വർഷങ്ങൾക്കു മുമ്പ് ഒരുകൂട്ടം ചെറുപ്പക്കാർ വിളിച്ച് നാരായണഗുരുവിനെ അടുത്തറിയാൻ സഹായിക്കണമെന്നു പറഞ്ഞു. ഒരു പ്രഭാഷണമല്ല ഞങ്ങൾ പ്രതീക്ഷിക്കുന്നത്. മൂന്നു ദിവസമെങ്കിലും ഒരിടത്ത് താമസിച്ച് ഗുരുവിന്റെ ജീവിതവും ദർശനവും മനസ്സിലാക്കാനാണ്. അതിന്റെ ഒരു തുടക്കമെന്ന നിലയിൽ ഏവർക്കും അയച്ചു കൊടുക്കാനായി ഗുരുവിനെ കുറിച്ചുള്ള ഏതെങ്കിലും ഡോക്യുമെന്ററിയുടെ ലിങ്ക് അയച്ചു കൊടുക്കാനും പറഞ്ഞു.
ഞാൻ യൂട്യൂബിൽ ഗുരുവിനെ കുറിച്ചുള്ള ഡോക്യുമെന്ററി പരതി. സീരിയൽ പോലുള്ള ചില ഭക്തിഗാന പരിപാടികളും ഒന്നോ രണ്ടോ സിനിമകളും പലരുടെയും പ്രഭാഷണങ്ങളുമല്ലാതെ ഗുരുവിനെ കുറിച്ച് ലോകത്തിനു മുന്നിൽ അവതരിപ്പിക്കാവുന്ന മൂല്യവത്തായ ഒരൊറ്റ ദൃശ്യാവിഷ്ക്കാരവും ഇല്ല എന്ന യാഥാർത്ഥ്യം എന്നെ ഏറെ വേദനിപ്പിച്ചു. ഇത്രയധികം പ്രസ്ഥാനങ്ങൾ ഗുരുവിന്റെ പേരിലുണ്ടായിട്ടും അങ്ങനെ ഒരു ശ്രമം ആരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്നത് നമ്മെ ലജ്ജിപ്പിക്കേണ്ടതാണ്. വ്യക്തികളെക്കുറിച്ചും പ്രസ്ഥാനങ്ങളെക്കുറിച്ചും ദിവസവും അനേകം ഡോക്യുമെന്ററികൾ ഇറങ്ങിക്കൊണ്ടിരിക്കുന്ന കാലത്താണ് ഈ അനുഭവമെന്നത് സങ്കടകരം തന്നെയാണ്.
അന്നു ഞാൻ മനസ്സിൽ എഴുതാൻ തുടങ്ങിയ ഒരു സ്ക്രിപ്റ്റുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ഡോക്യുഫിക്ഷൻ. എഴുതുന്നത് മലയാളത്തിലാണ്. അത് ഇംഗ്ലീഷിലാണ് വരേണ്ടത്. എഴുതിക്കഴിഞ്ഞതിനുശേഷം വിഷയവുമായി അടുത്ത ബന്ധമുള്ളവരെ കണ്ടെത്തി വിവർത്തനം ചെയ്യിക്കണം. ഗുരുവിന്റെ ജീവിതവും ദർശനവും അതിശയോക്തിയോ അതിഭാവുകത്വമോ ഇല്ലാതെ പറയുന്ന ഒരു ദൃശ്യാവിഷ്ക്കാരം. അസാധാരണ അനുഭവങ്ങളിലൂടെ ഗുരു കടന്നുപോയിട്ടുള്ളത് അവഗണിച്ചല്ല ഇതു പറയുന്നത്. ഏച്ചുകെട്ടലുകൾ ഒഴിവാക്കിക്കൊണ്ടുള്ള ആവിഷ്ക്കാരം എന്നു മാത്രമാണ്.
നമ്മുടെ നാട്ടിലെ ഏറ്റവും പ്രതിഭാധനരായവരെക്കൊണ്ട് അത് ചെയ്യിപ്പിക്കണമെന്നാണ് ആഗ്രഹം. എന്തായാലും ഈ വർഷം തന്നെ ആ സ്ക്രിപിറ്റിന്റെ എഴുത്ത് പൂർത്തിയാകും. തുടർന്ന് വൈകാതെതന്നെ അടുത്ത പടിയിലേക്ക് കടക്കണം. ഗുരദർശനങ്ങളെ സ്നേഹിക്കുന്ന, മാനവികതയെ സ്നേഹിക്കുന്ന ഏവരും അതിനൊപ്പമുണ്ടാകണം. എങ്കിലേ നാം ഉദ്ദേശിക്കുന്ന തരത്തിൽ അത് യാഥാർത്ഥ്യമാകുകയുള്ളൂ. മൂന്നു മണിക്കൂറോളം നീണ്ടുനില്ക്കുന്ന പല ഭാഗങ്ങളായുള്ള ആവിഷ്ക്കാരമാണ് എഴുതിത്തുടങ്ങിയിട്ടുള്ളത്.
ഈ ഒരു കൺവെൻഷനിൽ പങ്കെടുക്കാനായതും ഇതിൽ പങ്കെടുത്ത പലരുമായും സംവദിക്കാനായതും പകരുന്ന ഒരു പ്രതീക്ഷയുണ്ട്. കാലങ്ങളായി പേറിക്കൊണ്ടു നടക്കുന്ന ശൈലിയും ചിന്തയും വിട്ട് കുറച്ചുകൂടി വിശാലമായി ഗുരുവിനെ അറിയുകയും അറിയിക്കുകയും വേണം എന്നു ചിന്തിക്കുന്ന മനുഷ്യർ കൂടിവരുന്നു എന്ന പ്രതീക്ഷ. കേരളത്തിലും പുറത്തും ജീവിക്കുന്ന മലയാളികളിൽ ഗുരുത്വം വിഭാഗീയതയെ വിട്ട് വിശാലമാകുന്നു എന്ന അറിവ് പകരുന്ന ആശ്വാസം ചെറുതല്ല.
ഷൗക്കത്ത്