LITERATURE

കരയിലെ മീനുകൾ - നിർമ്മല

Blog Image

"നിങ്ങൾ അദ്ധ്വാനിക്കാത്ത ഭൂമിയും നിങ്ങൾ പണിയാത്ത പട്ടണങ്ങളും നിങ്ങൾക്കു ഞാൻ തന്നു; നിങ്ങൾ ഇന്നിവിടെ വസിക്കുന്നു. നിങ്ങൾ നട്ടുവളർത്താത്ത മുന്തിരിത്തോട്ടത്തിന്റെയും ഒലിവുതോട്ടത്തിന്റെയും ഫലം നിങ്ങൾ അനുഭവിക്കുന്നു."

മസ്തിഷ്കത്തിലെ  ന്യൂറോണുകളുടെ വയറിങ്ങിൻ്റെ ചില ഏറ്റക്കുറിച്ചിലുകളാണ്  ഡിസ്‌ലെക്സിയ (Dyslexia) എന്ന അവസ്ഥയുടെ കാരണം. ഇതൊരു പഠന വൈകല്യമാണ്. 
പ്രധാനമായും  ഭാഷയെ പ്രോസസ്സ് ചെയ്യാനുള്ള മസ്തിഷ്‌കത്തിന്റെ കഴിവു കുറവാണ്  ഇതിലേക്ക് നയിക്കുന്നത്ൽ. വാക്കുകൾ തിരിച്ചറിയുക, അക്ഷരങ്ങളും ശബ്ദങ്ങളും ഡിക്കോഡ് ചെയ്യുക, വാചകങ്ങൾ മനസ്സിലാക്കുക എന്നിവ ഇവർക്ക് ദുര്‍ബലമാണ്. പല പ്രശസ്ത ശാസ്തജർ, കലാകാരന്മാർ, സാഹിത്യകാരന്മാർ  ഡിസ്‌ലെക്സിയയുടെ പിടിയിൽപെട്ടവരാണ്. ഐൻസ്റ്റൻ, എഡിസൻ, പിക്കാസ്സോ, അഗത കൃസ്തി മുതലായ പലരും  ഡിസ്‌ലെക്സിയയുള്ളവരായിരുന്നു. ഇതൊരു രോഗമല്ല, അതുകൊണ്ട് ചികത്സിക്കാവുന്നതുമല്ല.
നിർമ്മലയുടെ പുതിയ നോവലിലെ - കരയിലെ മീനുകൾ-ലെ മുഖ്യകഥാപാത്രം മാത്തുക്കുട്ടി (മാത്യു, മാററ്)  ഡിസ്‌ലെക്സിയയുടെ പിടിയിൽപ്പെട്ടതാണ്.

പഠനവൈകല്യമുള്ള, അക്ഷരങ്ങൾ വായിച്ചെടുക്കാൻ വളരെ വിഷമിക്കുന്ന മാത്തുക്കുട്ടിയെ കടിഞ്ഞൂൽ പൊട്ടനെന്നു വിളിച്ച് പരിഹസിക്കുകയും, ചെറിയ തെറ്റുകൾക്കുപോലും ചാച്ചൻ ക്രൂരമായി ശിക്ഷിക്കുകയും ചെയ്തിരുന്നു.    

ബാല്യകാലത്ത് എല്ലാവരാലും പരിഹാസ്യനായിരുന്നു മാത്തുക്കുട്ടി.  
സ്കൂളിൽ നിന്നും വീട്ടിൽ വന്നുകഴിഞ്ഞാൽപ്പിന്നെ മണ്ടനായ  മാത്തുക്കുട്ടിയെ മിടുക്കനാക്കാനുള്ള ചാച്ചൻ്റെ തീവ്രപഠിപ്പീരിൻ്റെ മരുന്നായ ചൂരൽ കഷായം മുറയ്ക്ക് എന്നും കിട്ടും. 
അനുജനും, അനുജത്തിയും പഠിപ്പിൽ വലിയ മിടുക്കരും. അവരുംകൂടും മാത്തുക്കുട്ടിയെ മുറിവേൽപ്പിക്കാൻ.  

പൊട്ടനായി, കഴുതയായി വീട്ടുകാരും കൂട്ടുകാരും മാത്യുവനെ മുദ്രകുത്തി. കരുണ കാണിച്ചത് അമ്മയും, പേരപ്പൻ്റെ മകൾ ഇന്ദിരയും മാത്രമാണ്.
അവഗണയും, കളിയാക്കലും, അവജ്ഞയും സഹിച്ചുമടുത്ത മാത്തുക്കുട്ടി അമേരിക്കയിലെ ന്യൂയോർക്കിൽ എത്തുന്നു. 

മാത്തുക്കുട്ടി - മാറ്റിൻ്റെ മിടുക്ക് കണ്ടറിഞ്ഞ യഹൂദനായ ലാൻഡ്ലോർഡ്  ഒരു വിമാന റിപ്പെയർ 
കമ്പനിയിൽ മെക്കാനിക്കായി ജോലികിട്ടുവാൻ സഹായിക്കുന്നു. 

തുടർന്ന് തങ്കമണിയുമായുള്ള വിവാഹം. തൻ്റെ ചാച്ചൻ്റെ പ്രതിരൂപമായ തങ്കമണിയുമായുള്ള കുടുംബ ജീവിതം എന്നും പൊരുത്തക്കേടുകൾ നിറഞ്ഞതായിരുന്നു. എന്തുചെയ്താലും കുറ്റപ്പെടുത്തലും, ഉപദേശ ശരങ്ങളും മാത്രം. ഇതു കണ്ടുശീലിച്ച മക്കളും നോവിക്കാൻ കൂടെ കൂടും.
മദ്യത്തിന്റെ ആസക്തിയിലേക്ക് വഴുതിവീഴുന്ന മാത്യു അതിന്റെ അടിമയായിത്തീരുന്നു. അതിന്റെ കരാളഹസ്തത്തിൽ നിന്നും രക്ഷപ്പെടാനുള്ള എല്ലാ ശ്രമങ്ങളും എത്തുന്നത് കൂടുതൽ കൂടുതൽ ആഴമുള്ള ഗർത്തത്തിലേക്കാണ്. 

കുടുംബബന്ധങ്ങളിലുള്ള വിള്ളൽ കൂടിക്കൂടി വന്നു, 
മാസ്റ്റർ ബെഡ്റൂമിൽ നിന്നും ബേസ്മെന്റിന്റെ സ്വതന്ത്രലോകത്തിലേക്ക് മാത്യുവിന്റെ കിടപ്പും ഉറക്കവും മാറുന്നു.     

മദ്യാസക്തിയുടെ പാരമ്യത്തിൽ കുറ്റബോധവും അപകർഷതാബോധവും വേട്ടയാടിയിട്ട്, ഭുമിയിൽനിന്നും സ്വയം യാത്രയാകാനുള്ള അടങ്ങാത്ത ത്വര കൂടുതൽ കൂടുതൽ മാത്യുവിനെ അലട്ടിക്കൊണ്ടിരുന്നു.

തന്നോടുതന്നെ പുച്ഛവും വെറുപ്പും കൂടിക്കൂടി വന്നപ്പോൾ ഈ ഭൂമിയിലനിന്നും രക്ഷപ്പെടുന്ന വഴികൾ മാത്യു തേടുന്നു.                                                                                                                                 

 പാലാ ഭാഷയിൽ മാത്യു തന്റെ കഥ പറയുന്നു. പാലായിൽ തുടങ്ങി പാലായിൽ തീരുന്ന കഥാരചന രീതി. എളുപ്പം വായിച്ചു പോകാൻ കഴിയുന്ന രചനയുടെ പ്രത്യേകത.

കരയിലെ മീനുകൾ - വടക്കേ അമേരിക്കൻ പ്രവാസ നോവൽ മാത്രമല്ല, ഇത് സാർവ്വലൗകീകമായ മനുഷ്യകഥയാണ്. വിശാലമായ ക്യാൻവാസിൽ വരച്ചിട്ടിരിക്കുന്ന ഒരു ചിത്രം. 
മാത്തുക്കുട്ടിയും തങ്കമണിയും മക്കളും കുടുംബാഗങ്ങളും ഭൂമിയിലെ ഏതുകോണിലേയും കുടുംബങ്ങളിലെ കഥാപാത്രങ്ങളാകാം. ഇതാണ് ഈ നോവലിൻ്റെ ഒരു പ്രത്യേകത.

മനുഷ്യബന്ധങ്ങളുടെ പരപ്പും, സംഘർഷങ്ങളും, ആഴവും വളരെ സൂഷ്മമായി നിരീക്ഷിച്ച്, അത് 
വായനക്കാരിലേക്ക് പകർന്നുനല്കുന്നതിൽ നിർമ്മല വിജയിച്ചിട്ടുണ്ട്. 

ഡിസ്‌ലെക്സിയപോലുള്ള വൈകല്യങ്ങളുള്ള കുഞ്ഞുങ്ങളെ സഹാനുഭൂതിയോടെ, കരുണയോടെ, വാൽസല്യത്തോടെ  കുടുംബവും സമൂഹവും കരുതണമെന്നും അതല്ലെങ്കിൽ അവർ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി പിന്നീട് കൊലയാളികളാകുകയോ, മാനസികരോഗികളാകുകയോ,  സ്വയം ജീവിതം അവസാനിപ്പിക്കുകയൊ ചെയ്യുമെന്ന ശക്തമായ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ നോവൽ.  

നോവലിൻ്റെ വായന പുരോഗമിച്ചപ്പോൾ എൻ്റെ സ്കൂൾ ദിനങ്ങളിലെ നൊമ്പരപ്പെടുത്തുന്ന ചില ഓർമ്മകൾ കണ്ണുകളെ ഈറനണിയിച്ചു. 

മലയാള പാഠങ്ങൾ വായിക്കാനാകാതെ ചൂരലിനെ പേടിച്ചുവിറച്ചു നിൽക്കുന്ന ഒരു പാവം സഹപാഠിയുടെ ചിത്രം. ചൂരലിൻ്റെ ദാക്ഷ്യണ്യം ഇല്ലാത്ത തലോടലിൽ ധാരധാരയായി ഒഴുകിയിരുന്ന കണ്ണീർ. ഒരു അദ്ധ്യാപകന്റെ സാഡിസ്റ്റിക് ശിക്ഷണരീതിയുടെ ബാക്കിപത്രമായ കണ്ണീർ. 
ഇത് മിക്കദിവസങ്ങളിലും തുടർന്നിരുന്നു. ഒട്ടും സഹിക്കൻ കഴിയാതെ ഒരു ദിവസം ഈ അദ്ധ്യാപകനോട്  ഞാൻ പ്രതികരിച്ചു. സ്കൂളിൽ അതൊരു വലിയ കോളിളക്കമായി. കുറ്റവിചാരണ കഴിഞ്ഞ് പ്രധാന അദ്ധ്യാപകൻ സ്കൂൾ അസംബ്ലിയിൽവെച്ച് എന്നെ ശിക്ഷിക്കുന്നതിലേക്ക് കാര്യങ്ങളെത്തി. കുറച്ചു വർഷങ്ങൾ കഴിഞ്ഞ് ഈ കൂട്ടുകാരൻ്റെ ആത്മഹത്യയാണ് വേദനയോടെ കേട്ടത്.
 അന്നൊന്നും  ഡിസ്‌ലെക്സിയയുടെ പിടിയിലുള്ള വിദ്യാർത്ഥികളെ തിരിച്ചറിയാൻ നമ്മുടെ നാട്ടിൽ സൗകര്യമില്ലായിരുന്നല്ലോ.

നിർമ്മലയുടെ ഈ നോവൽ ഡിസ്‌ലെക്സിയ എന്ന അവസ്ഥയുടെ ബലിയാടായ കുട്ടികളെ കണ്ടെത്താനും, അവർക്കും അവരുടെ മാതാപിതാക്കൾക്കും കൂടുംബത്തിനും അവശ്യമായ കൌൺസിലിങ്ങ് നൽകുവാനും ഇടയാകും എന്ന് വിചാരിക്കുന്നു. ഈ അവസ്ഥയെക്കുറിച്ച് സമൂഹത്തിൽ ഒരു പുതിയ ധാരണ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.           

നോവലിൽ നിന്ന്

'രാവിലെ ഉണർന്നിട്ടും എഴുന്നേൽക്കാൻ മടിച്ച് കിടക്കയിൽ കുറച്ചു നേരം കിടന്നു.
ചെറുപ്പത്തിൽ മുതിർന്നവരെ ഭയപ്പെട്ടിരുന്നതു പോലെ ഇപ്പോൾ ഞാൻ തങ്കമണിയെയും മക്കളെയും ഭയപ്പെടുന്നു. 
എപ്പോഴാണു് പിടിക്കപ്പെടാൻ പോകന്നതെന്നും എങ്ങനെയായിരിക്കും ശിക്ഷിക്കപ്പെടാൻ പോകുന്നതെന്നുമുള്ള ആധി എന്നെ കീഴടക്കി
പല്ലുതേപ്പും കുളിയും കഴിഞ്ഞ് സാവധാനത്തിൽ കോണി കയറി അടുക്കളയിലേക്കു പോയി.
സ്കൂളിലേക്ക് നടക്കുന്ന കുട്ടിയെപ്പോലെ.
സ്കൂളിലേക്ക് നടക്കുമ്പോൾ എൻ്റെ കാലുകൾക്ക് വേഗത കുറയും.
നെഞ്ചിടിപ്പു കൂടും. വീട്ടിൽനിന്നുതന്നെ പരാതികൾ എൻ്റെ നേരെ വരും.
'രാവിലെ എഴുന്നേറ്റ് ചൊടിയിട്ടു വേണ്ടേ പള്ളിക്കൂടത്തി പോവാൻ.
ഇതേതാണ്ട് അറക്കാൻ കൊണ്ടു,പോവൂന്നപോലാണല്ലോ അവൻ്റെ മട്ടും മതി രീം .'
' കണ്ടില്ലേ കൂനിപ്പിടിച്ച് അവൻ്റെ നടപ്പ്! നേരെ നടക്കാമ്മേല്ലെട?'
വഴിയിൽവെച്ച് പൗലോസ് സാർ എൻ്റെ തലയുടെ പിന്നിൽ ആഞ്ഞൊന്നു കുഴക്കം.
അപ്പോൾ പുറം ഒന്നുകൂടി കൂടും.
അങ്ങനെ നടക്കുമ്പോൾ ഒരു കാറോ ലോറിയോ വന്നിട്ടിക്കുന്നതും ചോരയൊലിപ്പിച്ച് ആശുപത്രിയിൽ കിടക്കുന്നതും സ്വപ്നം കണ്ടിട്ടുണ്ട്‌.
............
ഞാൻ സ്വപ്നം കണ്ടതൊന്നും സംഭവിച്ചില്ല. ഓർക്കാതിരിക്കാൻ ശ്രമിച്ചതു മാത്രമാണ് സംഭവിച്ചത്. ഞാനൊരു മണ്ടനായിപ്പോയല്ലോ!
എന്നും കൂടുതൽ കൂടുതൽ അടികൊള്ളുന്നതും എല്ലാവരും കളിയാക്കുന്നതും ക്ലാസ്സിനു പുറത്തും ബെഞ്ചിനു മുകളിലും നിൽക്കുന്നതും,
പരീക്ഷകൾക്കെല്ലാം തോൽക്കുന്നതും എപ്പോഴും ഒറ്റയ്ക്ക് നടക്കുന്നതും സ്വപ്നം കണ്ടാൽ മതിയായിരുന്നു.
അതൊന്നും സംഭവിക്കില്ലായിരുന്നു. ഇത്രകാലവും ജീവിച്ചിട്ടും ആ തത്ത്വം മനസ്സിലാകാതെ പോയത്  കഷ്ടമാണ്!
നാലു മണിക്ക് സ്കൂളുവിടുന്ന സമയത്ത് നെഞ്ച് സന്തോഷംകൊണ്ടു തുളുമ്പി നിറയും. സ്കൂളിൽനിന്നും മുന്നും പിന്നും നോക്കാതെ ഞാൻ വീട്ടിലേക്കോടും. 

ബെന്നി ന്യൂജേഴ്സി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.