ആദ്യമായി പുതിയ സ്കൂളിലേയ്ക്ക് പോകുന്ന കുട്ടികളുടെ കണ്ണുകളിലേക്ക് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? കണ്ണുകൾ നിറയെ കൗതുകവും മുഖത്തു നിഷ്കളങ്കമായ ചിരിയും കാണാം . വേനലവധിയുടെ കൊടും ചൂടും വേനൽ മഴയുടെ ആലസ്യവും മറന്നു പുത്തൻ ഉടുപ്പുകളും പുത്തൻ പ്രതീക്ഷകളുമായി വിദ്യാലയങ്ങളിലേക്ക് യാത്രയാകുന്ന കുഞ്ഞുങ്ങൾക്ക് മനസ്സ് നിറഞ്ഞു വിജയാശംസകൾ. ജീവിതത്തിലെ ഏറ്റവും സന്തോഷദായകമായ, സങ്കടങ്ങളുടെ ഭാരമില്ലാത്ത, ഒരിക്കലും തിരിച്ചുകിട്ടാത്ത ഒരു കാലഘട്ടമാണിത് എന്ന് നിങ്ങൾ അവരെ ഓർമ്മിപ്പിക്കണം. പുത്തൻ അധ്യായ വർഷത്തിലെ ഈ പുതു തീരുമാനങ്ങൾ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും നവ്യാനുഭവം നൽകും. സ്മാർട്ട് കിഡ്‌സുകൾക്കുള്ള ഏതാനും സ്മാർട്സ്മാർട്ടായുള്ള ആശയമാണ് ഈ ലേഖനത്തിൽ ചർച്ചചെയ്യുന്നത് .
1. Adaptability ( പൊരുത്തപ്പെടൽ)
നമ്മുടെ കുട്ടികൾക്ക് പുതിയ സഹിച്ചര്യങ്ങളുമായി നന്നായി പൊരുത്തപ്പെടാൻ അവസരം കൊടുക്കണം. ഒരു പക്ഷെ പുതിയ സ്കൂൾ,അദ്ധ്യാപകർ,കൂട്ടുകാർ,മാറിയ അന്തരീക്ഷം എന്നിവയൊക്കെ കനത്ത മാനസിക സമ്മർദ്ദങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കാറുണ്ട്. ക്ലാസുകൾ തുടങ്ങി ദിവസങ്ങൾ കഴിയുമ്പോഴേക്കും ചില കുട്ടികൾ സ്കൂൾ മാറുന്നതും,ക്ലാസ്സിൽ പോകാൻ മടികാണിക്കുന്നതും രോഗികൾ ആയി മാറുന്നത്തിനും കാരണമിതാണ് . എങ്ങനെ ഇതിനെ അതിജീവിക്കനാകും ? അധ്യാപകരും രക്ഷിതാക്കളും കുട്ടികളിൽ സമ്മർദ്ദം കുറക്കാനും പുതിയ സ്കൂൾ അന്തരീക്ഷത്തെ സ്നേഹിക്കാനും വേണ്ടി തുടക്കത്തിൽ തന്നെ initiation ക്ലാസ്സുകളും പ്രൊജെക്ടുകളും നടത്താറുണ്ട് .ഇത് കുട്ടികളിൽ മാറ്റങ്ങളെ സ്വാഗതം ചെയ്യാനും വൈകാരിക അടുപ്പം വർധിപ്പിക്കാനും പുതിയ ലക്ഷ്യങ്ങൾ നേടിയെടുക്കാനും പരാജയങ്ങളേക്കാൾ പരിശ്രമങ്ങളെ പ്രാധാന്യത്തോടെ കാണുവാനും സഹായിക്കും.അധ്യയന വർഷത്തിന്റെ ആരംഭ ഘട്ടത്തിൽ വ്യത്യസ്തമായ ഇത്തരം ആഘോഷങ്ങളും,പരിപാടികളും സംഘടിപ്പിക്കുന്നത് കുട്ടികളിൽ സമ്മർദ്ദം കുറയാനും പുതിയ ജീവിതരീതികൾ പുണരാനും സഹായിക്കും.
2. Trust Building (വിശ്വാസം ഉറപ്പിക്കൽ )
കുഞ്ഞുങ്ങൾക്ക് വർഷാരംഭത്തിൽ ലഭിക്കേണ്ട മറ്റൊരു ഗുണം അവരുടെ സ്കൂളിനെ വിശ്വസിക്കാൻ കാരണങ്ങൾ കൊടുക്കുക എന്നതാണ് . ഇതിനു അധ്യാപകരും രക്ഷിതാക്കളും ഒരു പോലെ അധ്വാനിക്കേണ്ടി വരും. കുട്ടികള്ക്ക് മനസ് നിറഞ്ഞു പഠിക്കാൻ അവസരം കിട്ടണം.ഭയമില്ലതെ സംസാരിക്കാനും ചോദ്യങ്ങൾ ചോദിക്കാനും ഞങ്ങൾ വിലയുള്ളവരും സമൂഹത്തിനു മുതൽകൂട്ടുകളും ആണെന്നും അവർക്ക് തോന്നണം. ഇതിനായി സ്കൂളിൽ തുറന്ന സംസാരങ്ങൾ ഉണ്ടാകണം.കുട്ടികളോടുള്ള വാഗ്ദാനങ്ങൾ പാലിക്കപ്പെടണം . കുഞ്ഞുങ്ങൾക്ക് തുല്യ നീതി ലഭിക്കണം ,കുട്ടികളുടെ പ്രൈവസികൾ പാലിക്കപ്പെടണം . കുട്ടികളുടെ രണ്ടാം വീടായ സ്കൂൾ, അവർക്ക് വിശ്വസിച്ചു വരാനും, വളരാനും തോന്നുന്ന ഇടമാക്കി മാറണം. കുട്ടികളുമായി നല്ല സൗഹൃദബന്ധം കാത്തുസൂക്ഷിക്കുന്ന ചെറുപ്പക്കാരായ നല്ല അദ്ധ്യാപകരുടെ ഒരു വലിയനിര പ്രതീക്ഷ നൽകുന്നതാണ്
3- Asking Questions (എന്തുകൊണ്ട്?)
ആഴത്തിലുള്ള അറിവിന് നല്ല ചോദ്യങ്ങൾ സഹായിക്കും.ആത്മവിശ്വാസം വർധിപ്പിക്കാനും വിമർശനാത്മകമായ ചിന്തകൾക്കും സഹപാഠികളോടും നല്ല ബന്ധം നിലനിർത്താനും മടി,നാണക്കേട് ,പേടി എന്നിവ ഒഴിവാക്കാനും ചോദ്യങ്ങൾ ചോദിക്കുന്ന ശൈലി കുട്ടികളെ സഹായിക്കും.സംസാരിക്കുന്നവരുടെ പേരുകൾ മാത്രമേ ,ബ്ലാക്ക് ബോർഡിൽ രേഘപെടുത്തപ്പെട്ടിട്ടുള്ളു എന്ന പഴമൊഴി ഇതിനു കൂട്ടാണ്. കുട്ടികളുടെ കുട്ടി ചോദ്യങ്ങളെ പലപ്പോഴും വീടുകളിൽ നാം അവഗണിക്കാറുണ്ട്. അവരുടെ ശല്യം ഒഴിവാക്കാൻ മൊബൈലും കാർട്ടൂണും കൊടുക്കുമ്പോൾ അവരെ നമ്മുക്ക് നഷ്ടമാകുകയാണ് എന്ന സത്യം മാതാപിതാക്കളും അദ്ധ്യാപകരും മതിരിച്ചറിയണം .
4- Navigating Failure Calmly -(പരാജയഭയം മാറണം )
വീഴുന്നതല്ല വീണിട്ടും എണീക്കാത്തതാണ് ശ്രദ്ധിക്കേണ്ടത് അതാണ് പരാജയം എന്ന് കേട്ടിട്ടുണ്ട് . ഇന്ന് പലരും ആവറേജ് ആയി ഒതുങ്ങി പോയതിന്റെ കാരണം പരാജയഭയം മാത്രമായിരുന്നു.നമ്മുടെ കുട്ടികളെയും ഇത് സാരമായി ബാധിക്കുന്നുണ്ട് . തോൽവിയല്ല, വിജയിച്ചു തിരികെ വരാനുള്ള കരുത്താണ് കൂടുതൽ ഉണ്ടാകേണ്ടത് .പരാജയങ്ങൾ വിജയത്തിന്റെ ചവിട്ടുപടികൾ മാത്രമായി കാണാൻ മാതാപിതാക്കളും അവരെ പഠിപ്പിക്കണം. എത്രയോ വീണിട്ടാണ് നമ്മളും നടത്തം പഠിച്ചത് . കുട്ടികൾക്ക് ആത്മവിശ്വാസം വർധിക്കാനും സമ്മർദ്ധം കുറക്കാനും പരാജയ സങ്കടത്തെ അംഗീകരിക്കാനും തോൽവിയുടെ കാരണം കണ്ടത്താനും അതിനെ മറികടക്കാനും വേണ്ട പരിശീലനം സ്കൂളിലും വീട്ടിലും ലഭിക്കണം.പരാജയത്തെ അംഗീകരിച്ചാൽ തന്നെ വലിയ ആപത്തുകൾ/അനർത്ഥങ്ങൾ ഒഴിവാകുമല്ലോ! വിജയിച്ചവരുടെ മാത്രമല്ല പരാജയപെട്ടവരുടെയും കഥകൾ അവർ കേൾക്കട്ടെ.ചെറിയ ചെറിയ ലക്ഷ്യങ്ങൾ കീഴടക്കി വലിയതിലേക്ക് അവർ സഞ്ചരിക്കട്ടെ .നല്ല ആരോഗ്യം,മതിയായ ഉറക്കം,വ്യായാമം ,ചിട്ടയായ പരിശ്രമം ഇവയാണല്ലോ വിജയത്തിന്റെ സൂത്രവാക്യങ്ങൾ .
5.Cultural Fluency : സാംസ്‌കാരിക വൈവിധ്യങ്ങളെ അംഗീകരിക്കുകഎന്നത് (inclusivity ) സുപ്രധാനമായ ഗുണമാണ് . എല്ലാവരെയും ഉൾകൊള്ളാനും എല്ലാവരാലും പരിഗണിക്കപ്പെടാനുമുള്ള കഴിവുണ്ടാകണം നമ്മുടെ ഈ പുതുതലമുറക്ക്. ജാതി,മതം,വംശം,ഭാഷ,നിറം, തൊഴിൽ എന്നിവ വലിയ വിടവുകൾ സൃഷ്ടിച്ചിരിക്കുന്ന ഈ കാലത്തും കുഞ്ഞുങ്ങളെ global citizens ആയി രൂപപ്പെടുത്തേണ്ടതുണ്ട് . അവർ മറ്റുള്ളവരുടെ നന്മകൾ തിരിച്ചറിയട്ടെ. മത സംസ്കാര കേന്ദ്രങ്ങൾ സന്ദർശിക്കട്ടെ.വ്യത്യസ്ത മതങ്ങളിലെ ആഘോഷങ്ങളുടെ അർത്ഥം പഠിക്കട്ടെ .അവരുടെ ഇടയിൽ തുല്യ പരിഗണനയും തുറന്ന ചർച്ചകളും ഉണ്ടാകട്ടെ .അന്യന്റെ സംസ്കാരത്തെ ബഹുമാനിക്കാനും മനസ്സിലാക്കാനും നന്മകളും മൂല്യങ്ങളും ഉൾകൊള്ളാനും അവരെ പഠിപ്പിക്കിക -അവർ നല്ല പൗരന്മാരാകട്ടെ .
6-System Thinking
നമ്മുടെ സ്കൂൾ ഒറ്റയാന്മാരുടെ താവളമല്ല . ഒറ്റപ്പെട്ട കാര്യങ്ങളുടെ കേളിരംഗവും അല്ലല്ലോ . കൂട്ടായ്മയിൽ ചിന്തിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾ തീർച്ചയായും പഠിക്കണം . നാം കാണുന്നതും കേൾക്കുന്നതും ചെയ്യുന്നതുമെല്ലാം പരസപരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം . കാടിനെകുറിച്ചു പറയുമ്പോൾ മരം മാത്രമല്ല,മണ്ണ്,മഴ,മൃഗങ്ങൾ തുടങ്ങിയവയെല്ലാം ഉണ്ട് എന്ന് അവർക്ക് ബോധ്യം ഉണ്ടാകണം എന്നുപറയുന്നതുപോലെ, ഒരു സ്കൂൾ നല്ല സ്കൂൾ ആയി മാറുന്നത് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും നല്ലവരായ നാട്ടുകാരുമെല്ലാം ഒരേ ലക്ഷ്യത്തിനായി ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ ആണ് .അതുപോലെ കാണാപ്പാഠം പഠിക്കുന്നതിനു പകരം കാരണങ്ങളും പ്രത്യാഘാതങ്ങലും അവർ മനസ്സിലാക്കട്ടെ .ഇത് കുട്ടികളിൽ പ്രശ്നപരിഹാര ശേഷി വർധിപ്പിക്കുന്നു, പരിസ്ഥിതിബോധവും കൂട്ടുന്നു. Cross Cariccular Learning , Causal Loop Diagrams തുടങ്ങിയവയുടെ സഹായത്തോടെ അധ്യാപകർക്ക് ഇത് നന്നായി പ്രയോജനപ്പെടുത്താലോ? എന്നെ കുറിച്ച് മാത്രം ചിന്തിക്കാതെ ഇത് വഴി സമൂഹത്തിനു എന്ത് ലഭിക്കുന്നു,അതും ഇതും എങ്ങനെ ബന്ധിപ്പിക്കേണ്ടത് , തുടങ്ങിയ കാര്യങ്ങൾ ഇത്തരം വേറിട്ട രീതിയിലൂടെ ലഭിക്കുന്നു . Ice Berg Models പഠനരീതി ഇവിടെ ഉപയോഗിക്കാവുന്നതാണ്. അങ്ങനെ കുട്ടികളെ നാം system Thinkers ആയി രൂപപ്പെടുത്തുന്നു.
7- Initiatives
ജീവിതത്തിൽ വിജയിച്ച മഹാന്മാർക്കെല്ലാം ഉണ്ടായിരുന്ന വലിയ ഗുണമാണ് ഉത്തരവാദിത്വത്തോടെ ഉണർന്നുപ്രവർത്തിക്കുക എന്ന ഗുണം . അധ്യാപകരും മാതാപിതാക്കളും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമിതാണ്. ഓടുക , ഓടാൻ പറ്റുന്നില്ലെങ്കിൽ നടക്കുക, ഇല്ലങ്കിൽ ഇഴയുക എങ്കിലും ചെയ്തോണ്ടിരിക്കുക എന്ന വാക്ക് പ്രസിദ്ധമാണല്ലോ .മാതാപിതാക്കൾ ചെറിയ ചെറിയ കാര്യങ്ങളിൽ കുട്ടികളെക്കൊണ്ട് തീരുമാനം എടുപ്പിക്കുക, അവരുടെ കാര്യങ്ങൾ തനിയെ ചെയ്യാൻ പഠിപ്പിക്കുക. അദ്ധ്യാപകർ കുട്ടികൾക്ക് ക്ലാസ് ലീഡർമാരും ,കോർഡിനേറ്റര്മാരും അകാൻ അവസരം മാറി മാറി കൊടുക്കുക .വ്യത്യസ്തമായ ചർച്ചകൾ നടത്താൻ open forum , സന്നദ്ധ സേവനത്തിനായി Volunteers forum ,ആതമവിശ്വാസം വർധിപ്പിക്കാനും നേതൃത്വപാടവം വർധിപ്പിക്കാനും പ്രശ്നപരിഹാര ശേഷിയും സർഗാത്മകതയും വര്ധിപ്പിക്കാന് Pro Active മനോഭാവം സ്വന്തമാക്കാനുമുള്ള അവസരണങ്ങൾ സ്കൂളുകളിൽ കൊടുക്കണം. SchoolParliament ,Students Police Cadates ഇവയൊക്കെ വഴി ചെയ്യുന്ന കാര്യങ്ങൾ മഹത്തരമാണ്.ഇത് തുടരുകതന്നെ വേണം.
8-Metacognition :
നമ്മുടെ പഠനത്തെക്കുറിച്ചു ചിന്തിക്കുന്ന രീതിയാണിത് .എങ്ങനെയാണു ഒരു കാര്യം പഠിക്കുന്നത്, അതിൽ നമുക്കുള്ള അറിവുകൾ എത്രത്തോളമാണ് എന്ന് സ്വയം തിരിച്ചറിയുന്ന പ്രക്രിയയാണിത് .കുട്ടികളെ ഇതിനായി നമ്മൾ പാകപ്പെടുത്തണം . സ്വയം പഠിക്കാനുള്ള കഴിവുകൾ (Self Directed Learning),പ്രശ്നപരിഹാര സിദ്ധി (Problem Solving Skills ),Long Lasting Memory എന്നിവയൊക്കെ സ്വന്തമാക്കാൻ metacognitionലൂടെ സാധിക്കും . അതിനായി കുട്ടികളെ അവരുടെ ജീവിതത്തിൽ ആസൂത്രണം ,നിരീക്ഷണം,വിലയിരുത്തൽ (Planning, Monitoring,Evaluation ) എന്നിവ നടത്താൻ പരിശീലിപ്പിക്കുക. അദ്ധ്യാപകർ കുട്ടികൾക്ക് Thinking Aloud Method ,Learning Journal Preperation എന്നിവയുടെ ഗുണഗണങ്ങൾ വിവരിച്ചു കൊടുക്കുക .നമ്മുടെ കുട്ടികൾ പഠിതാക്കൾ മാത്രമല്ല ചിന്തിക്കുന്ന പഠിതാക്കൾ ആയി മാറട്ടെ .
9-Ethical Judgement :
ധാർമിക വിധിനിർണയം .ജീവിതത്തിൽ മൂല്യങ്ങൾക്കും ധാര്മികതക്കും വലിയ പ്രാധാന്യം കൊടുക്കുന്ന ആർഷഭാരത സംസകരമാണ് നമ്മുടേത്. പരീക്ഷയിൽ വിജയത്തിനുമപ്പുറം ഈ കാലത്തു ജീവിത വിജയം സ്വന്തമാക്കാനാണ് നാം കുട്ടികൾക്ക് കൂടുതൽ പരിശീലനം കൊടുക്കേണ്ടത് .പരീക്ഷകളിൽ മാത്രമല്ല, ജീവിതത്തിലും വിജയിച്ചുകാണാൻ മാതാപിതാക്കൾ കൂടി കൂടുതൽ പരിശ്രമിക്കണം . പഠന വിജയത്തിനപ്പുറം സ്വഭാവരൂപീകരണം ,സത്യസന്ധത, ഉത്തരവാദിത്വബോധം ,സഹാനുഭൂതി ,തീരുമാനം എടുക്കാനുള്ള കഴിവ്,സാമൂഹിക പ്രതിബദ്ധത,മറ്റുള്ളവരോടുള്ള ആദരവ്,ബഹുമാനം,സമൂഹത്തിനു ഗുണകരമായ ജീവിതരീതി എന്നിവക്കും പ്രാധാന്യം കൊടുക്കുന്ന യുവതലമുറയാണ് ഇനി ഇവിടെ വളരേണ്ടത് .ജീവിതാവസാനം കണ്ടു വളരാൻ (മരണം) ഇവർക്ക് നാം പരിശീലനം കൊടുക്കണം. ഇവിടെ മാതൃകയാകേണ്ടത് മാതാപിതാക്കളും അദ്ധ്യാപകരും ആണല്ലോ.തങ്ങൾക്ക് അനുദിനം ലഭിക്കുന്ന പലകാര്യങ്ങളും ജീവിതത്തിൽ ഒരിക്കൽപോലും ലഭിക്കാത്ത കുട്ടികളും മുതിർന്നവരും ഉണ്ടന്ന് അവർക്ക് കാണിച്ചുകൊടുക്കണം.അഗതിമന്ദിരങ്ങൾ,ബാലഭവനങ്ങൾ,ജുവനൈൽ ഹോമുകൾ ഇവയൊക്കെ കുട്ടികൾ സന്ദർശിക്കട്ടെ . അത് മൂല്യബോധവും ധാർമികതയും തുല്യനീതിയും, സ്വന്തമാക്കാൻ കുട്ടികളെ സഹായിക്കും.
10.Collaborative Decision Making
ഐക്യമതം മഹാബലം തന്നെ . കൂട്ടായ്മായിൽ തീരുമാനം എടുത്തു വിജയിപ്പിക്കാൻ കുട്ടികളും അദ്ധ്യാപകരും മാതാപിതാക്കളും പരിശ്രമിക്കണം. എന്താണ് ഇതിന്റെ ഗുണങ്ങൾ? ഇത് വിദ്യാഭ്യാസത്തെ മെച്ചപ്പെടുത്തും,കൂടുതൽ പ്രായോഗികവും എന്നാൽ ഫലപ്രദവുമായ പ്രവർത്തനങ്ങൾ ഉണ്ടാകും.കൂട്ടായ ഉത്തരവാദിത്തത്തിൽ മികച്ച ബന്ധങ്ങൾ നിലനിർത്തി വ്യത്യസ്ത സമിതികളിലൂടെ മികച്ച വിജയം സ്വന്തമാക്കാൻ സാധിക്കും.ഡിജിറ്റൽ പ്ലാറ്റുഫോമുകളിലൂടെ ആശയസ്വരൂപണം നടത്തി,സുതാര്യതയോടെ മുൻപോട്ട് പോകുന്ന ശൈലി തന്നെയാണ് ഇവിടെ വിജയമന്ത്രം.
11.Sense Of Purpose:
നല്ല ലക്ഷ്യബോധം കുട്ടികളിൽ പഠനത്തിന്റെ താല്പര്യത്തെ വർധിപ്പിക്കുന്നു.മാനസിക ആരോഗ്യം നേടിയെടുക്കാനും പ്രതിസന്ധികളെ തരണം ചെയ്യാനും ഇതുവഴി അവർക്ക് സാധിക്കുന്നു.പഠിക്കുന്ന കാര്യങ്ങളെ ലോകവുമായി ബന്ധിപ്പിക്കാനും സ്വയം കണ്ടത്തുന്ന വ്യത്യസ്ത വഴികളിലൂടെ പുത്തൻ രീതികൾ ആവിഷ്കരിക്കാനും ചെറിയ ചെറിയ ലക്ഷ്യങ്ങളെ കീഴടക്കി ,വലിയത് വക്കാനും ഇത് ഇവരെ സഹായിക്കും.
12-Comfort With Uncertainity :
ഇന്നത്തെ ലോകം പ്രവചനധീതമാണ് . ഇവിടെ വിജയിക്കാൻ നല്ല അർജവവും ധൈര്യവും ഉണ്ടാകണം. ഹൈവേയിലൂടെ വാഹനമോടിക്കാൻ എളുപ്പമാണ് .യഥാർത്ഥ ഡ്രൈവറെ തിരിച്ചറിയുന്നത് മോശം വഴികളിലൂടെയും സുരക്ഷിതമായി അവൻ വാഹനം ഓടിക്കുമ്പോൾ ആണല്ലോ. ഇതിനായി പരാജയങ്ങളെ അംഗീകരിക്കാനും അതിജീവിക്കാനും പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കാനും അദ്ധ്യാപകർ പരിശീലനം കൊടുക്കണം. സ്കൂളിലെ ചില നിയമങ്ങൾ,കളിയിലെ ചില നിബന്ധനകൾ,സമയത്തിലെ ചില മാറ്റങ്ങൾ ഇവയൊക്കെ പെട്ടെന്നുണ്ടാകുന്ന സഹിച്ചര്യങ്ങളെ തരണം ചെയ്യാനും മിടുക്കരായ കുട്ടികളെ വാർത്തെടുക്കാനും വഴിയൊരുക്കുന്നു.ഇത് കുട്ടികളുടെ Self Confidence ,Problem Solving Capacity ,Anxiety Management ,Creativity ,Emaotional maturity എന്നിവ വർധിപ്പിക്കുന്നു .
13-DigitalMaturity :
ആധുനിക ലോകം സൈബർ ലോകമാണല്ലോ .ഇതിനെ നന്മയും ചതിക്കുഴികളും മാതാപിതാക്കളും അദ്ധ്യാപകരും ആദ്യമേ മനസിലാക്കി മാതൃകകളായി മാറാൻ പരിശ്രമിക്കണം .കുട്ടികൾക്ക് ഇത് ഉപയോഗിക്കാൻ നിയന്ത്രം ഏർപ്പെടുത്തണം.കാരണം ഇതിന്റെ വശ്യത കുട്ടികളെ തെറ്റായ വഴികളിലേക്കും തിന്മയുടെ ജീവിതരീതികളിലേക്കും വഴിനടത്താനുള്ള സാധ്യത കൂടുതൽ ആണ്. മാധ്യമ സാക്ഷരതാ നമ്മെ കുറെകൂടി മാന്യമാരായി മാറ്റണം .
14-PartTime Jobs & Fulltime Habits :
വിദേശങ്ങളിലും ഭാരതത്തിന്റെ മറ്റു സംസഥാനങ്ങളിലും പാർട്ടൈം ജോലികൾ ചെയ്യാൻ കുട്ടികൾക്ക് അവസരമുണ്ട്. ഇത് കൂടുതൽ മികച്ച ഉത്തരവാദിത്തബോധമുള്ള,അധ്വാനശീലമുള്ള ,ഭാവി സുരക്ഷിതമായി നിലർനിർത്താൻ ആഗ്രഹിക്കുന്ന പുതുതലമുറയെ വാർത്തെടുക്കും. കുട്ടികൾ അവർക്കു പറ്റിയ ജോലികൾ ചെയ്യുന്നത് കുറവായി കാണുന്ന മാതാപിതാക്കൾ ഉണ്ട് കേരളത്തിൽ.ഇത് കുറവല്ല നിറവാണ്. വീട്ടിലും സ്കൂളിലും പൊതുസ്ഥലങ്ങളിലും പറ്റാവുന്ന രീതിയിൽ അവരും പുതുജീവിത നിർമിതിയിൽ പങ്കാളികൾ ആകട്ടെ.അവരുടെ അഭിരുചിക്കനുസരിച്ചുള്ള ശീലങ്ങൾ,ജീവിതരീതികൾ രൂപപ്പെടുത്താൻ സ്കൂൾ വേദിയായിമാറണം .
എല്ലാ പ്രിയപ്പെട്ട കുട്ടികൾക്കും അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും ആശംസകൾ ...
ഫാ ഡോ റ്റീനേഷ് കുര്യൻ പിണർക്കയിൽ
ലേഖകൻ : കാസർഗോഡ് സ്വദേശിയായ കത്തോലിക്കാ വൈദീകൻ ആണ് . ജേർണലിസത്തിലും സൈക്കോളജിയിലും ഉന്നത പഠനം പൂർത്തിയാക്കി.വിദ്യാഭ്യാസം,മാധ്യമ പ്രവർത്തനം, മനഃശാസ്ത്രം എന്നീ വിഷയങ്ങളിൽ പുസ്തകങ്ങളും നിരവധി ലേഖനങ്ങളും പ്രസദ്ധീകരിച്ചിട്ടുണ്ട്. Educational Psychologist ,Counsellor തുടങ്ങിയ മേഖലയിലും പ്രവർത്തിക്കുന്നു.


