LITERATURE

സ്നേഹ സ്പർശം (വിഷുക്കണി-കഥ )

Blog Image

ഞായറാഴ്ച !
സാധാരണ പതിവില്ലാത്ത ഒരു ഉച്ചയുറക്കം കഴിഞ്ഞു താഴെ സ്വീകരണ മുറിയിലേക്ക് കോണിയിറങ്ങി വന്നതാണ്. 

ഏറ്റവും താഴത്തെ പടിയിലെത്തി വലത്തോട്ട് തിരിഞ്ഞപ്പോൾ  സ്വീകരണമുറിയിൽ പ്രതീക്ഷിക്കാത്ത ഒരു  കാഴ്ച്ച. കൗതുകമോ, ആശ്ചര്യമോ, അതോ സന്തോഷമോ കൂടുതൽ തന്നെ ഭരിച്ചതെന്നറിയില്ല. കണ്ണുടക്കി അവിടെ ത്തന്നെ തറഞ്ഞു  നിന്നു.

പതിനാറു വയസ്സ് പ്രായമുള്ള ഹൈസ്ക്കൂൾ വിദ്യാർത്ഥിയായ  മകൻ.

അവൻ  നിലത്തിരിയ്ക്കുന്നു. എന്ന് പറഞ്ഞാൽ മുഴുവൻ ശരിയല്ല. സോഫയിൽ   ഇരിക്കുന്ന അമ്മയുടെ മടിയിൽ തല വെച്ച്  ഒരു അർദ്ധ  സുഷുപ്തിയിൽ ലയിച്ചെന്നപോലെ കിടക്കുകയാണ് ! അമ്മയാകട്ടെ,  സസ്നേഹം മകന്റെ തലയിലൂടെ മൃദുവായി വിരലുകൾ ഓടിച്ചു തലോടിക്കൊണ്ടിരിയ്ക്കുന്നു.

മിഡിൽ സ്കൂളിൽ ആയതിൽപ്പിന്നെ, സ്കൂളിൽ പോകുന്ന നേരത്തു തിടുക്കത്തിൽ ഒന്ന് പുറത്തു തട്ടുന്നതോ, പേരിനു വല്ലപ്പോഴും ഒന്ന്  hug ചെയ്തെന്നു വരുത്തി ബൈ പറയുന്നതോ അല്ലാതെ , ഇങ്ങനെ രണ്ട് പേരും ചേർന്നിരിക്കുന്നത് കണ്ടിട്ടില്ല.
തിരക്കു പിടിച്ച ജീവിതത്തിനിടയിൽ, വല്ലപ്പോഴും മാത്രം സംഭവിക്കുന്ന മുഹൂർത്തങ്ങളിൽ ഒന്ന് !

ശബ്ദമുണ്ടാക്കാതെ പതിയെ നടന്നു അടുത്ത സോഫയിൽ ചെന്നിരുന്നു. രണ്ട് പേരും അവരുടേതായ ലോകത്താണ്!  എന്നെ കണ്ടതേയില്ല. മകന്റെ കണ്ണുകൾ പാതി അടഞ്ഞു കിടക്കുന്നു.മയക്കത്തിലാണ്.  അവന്റെ അമ്മയുടെ ശ്രദ്ധ മുഴുവൻ താഴോട്ട് അവന്റെ മൂടിയിഴകളിലോട്ടും. 

നിശ്ശബ്ദനായി അവരെത്തന്നെ നോക്കി ഇരിയ്ക്കെ ഓർമ്മകൾക്ക് ചിറകു വെച്ച് നാല് ദശകങ്ങൾ പിറകോട്ടു  പറന്നു.   
നാട്ടിലേയ്ക്ക്.കുട്ടിക്കാലത്തേയ്ക്ക്.

ഉച്ച തിരിഞ്ഞു വെയിലൊട്ടാറിയിരിക്കുന്നു

അമ്മ വടക്കേപ്പുറത്തെ ഉമ്മറ പടിയിൽ വന്നിരിക്കുകയാണ്.. അനിയത്തിമാരുടെ തല നോക്കലും ചീകി വൃത്തിയാക്കലും തകൃതിയായി നടക്കുന്നു. അവരെ തള്ളി മാറ്റി, അമ്മയുടെ മടിയിൽ തല വെച്ച് ഞാൻ ഇരുന്നു. അമ്മയുടെ കൈ വിരലുകൾ മുടിയിഴകളിൽ പരതുമ്പോൾ തനിയെ ഉറക്കം വരുന്നു.

വടക്കുപടിഞ്ഞാറു  ദിശയിൽ നിന്ന് അപ്പോൾ വീശിവന്ന ഒരു ചെറുകാറ്റ്, വീടിനു തൊട്ടടുത്ത് നിൽക്കുന്ന പേരറിയാത്ത മരത്തിന്റെ  ഇലകളിൽ മർമ്മരമുതിർത്ത്, സുഖകരമായ ഒരു കുളിരും പേറി ആലസ്യത്തിനാക്കം കൂട്ടാനെത്തി.കാറ്റിനെ   അകമ്പടി സേവിച്ചെന്നോണം ഒരു റേഡിയോപ്പാട്ടിന്റെ ഈണവും ഒഴുകിയെത്തി.

അനിർവചനീയമായ ഒരു അനുഭൂതിയുടെ ലോകത്തിലേക്ക് ഉയരുകയാണ്..കണ്ണുകൾ അടയുന്നു.. 

ഉറങ്ങിയോ..? 
താഴേക്ക് വീഴുന്ന പോലൊരു തോന്നൽ.

ഞെട്ടിയുണർന്നു പരിസരബോധം വീണ്ടെടുത്തു, ഭാര്യയും മകനും ഇരുന്നിരുന്നിടത്തേക്കു നോക്കി. 
അവിടെ തന്നെയുണ്ട്.  

ഇപ്പോൾ അവൾ എന്നെ കണ്ടിരിക്കുന്നു. 
ഒന്ന് ചിരിച്ചു, എന്തേ എന്ന് പുരികങ്ങളുയർത്തി കണ്ണുകൾ കൊണ്ട് ചോദിച്ചു. ഒന്നുമില്ല എന്ന് കണ്ണ് കൊണ്ട് തന്നെ താനും മറുപടി പറഞ്ഞു.  അവൾ തല താഴ്ത്തി വീണ്ടും അവനെ തലോടുന്നതിൽ വ്യാപൃതയായി.

ഞാൻ മകന്റെ മേൽ കണ്ണോടിച്ചു.  
അവനു പ്രായത്തിൽ കവിഞ്ഞ ശരീരവലിപ്പം ഉണ്ട്. സ്ഥിരമായി വ്യായാമം ചെയ്ത്  മസിൽ വെപ്പിച്ചിരിയ്ക്കുന്നു.

പിഞ്ചു കുഞ്ഞായിരുന്നപ്പോൾ, ഇടത്തെ കൈത്തണ്ടയിൽ അവനെ അനായാസമായി കിടത്തി, വലതു കൈ കൊണ്ട്   അവൾ കുളിപ്പിച്ചെടുക്കാറുള്ളത് ഓർത്തു.  ഇന്ന് , രണ്ട് കൈ കൂട്ടിപ്പിടിച്ചാലും അവനെ വട്ടമെത്തില്ല.

പെട്ടെന്ന്  ഫോൺ ശബ്ദിച്ചു.
സോഫയുടെ അങ്ങേ ഭാഗത്താണ്.ചാടിയെണീറ്റു അങ്ങോട്ടെത്തുമ്പോഴേക്കും മൂന്നു പ്രാവശ്യം ഉച്ചത്തിൽ റിങ്ങ് ചെയ്തു കഴിഞ്ഞിരുന്നു.

മകൻ മയക്കത്തിൽ നിന്നുണർന്നു..കണ്ണുതിരുമ്മി ചുറ്റും നോക്കി .' 
‘ഓ , ഞാൻ ഇവിടെ ' ?!
അവൻ ഓർത്തെടുക്കാനുള്ള ശ്രമമാണ്.
അവന്റെ ഉറക്കത്തിനു ഭംഗം വരുത്തിയതിൽ തനിയ്ക്ക് നേരിയ ഇച്ഛാഭംഗം  തോന്നാതിരുന്നില്ല.

‘ആ...നീ എന്റെ മടിയിൽ തല വെച്ച് അങ്ങനെ കിടന്നു ഉറങ്ങിയി.നിന്റെ ആ വലിയ തല കാരണം എന്റെ കാലു വേദനിക്കുന്നു' ഭാര്യ പറഞ്ഞു.

അവൻ ചിരിച്ചു.
അമ്മയുടെ സ്നേഹസ്പർശത്തിലെ മുഴുവൻ വാത്സല്യവും അനുഭവിച്ചറിഞ്ഞത് 
ഓർത്തെടുത്ത നിറഞ്ഞ ചിരി!.

ഉദാത്തമായ മാതൃ സ്നേഹം.!
അമ്മയുടെ ഒരു ചെറിയ സ്പർശം പോലും മക്കളിൽ  ഉളവാക്കുന്ന അനുഭൂതി,ആശ്വാസം, ആഹ്ലാദം.

എല്ലാറ്റിലുമുപരി സുരക്ഷിതത്വം.

വീടിനുള്ളിൽ ഇത്തരം സന്ദർഭങ്ങൾ കൂടുതൽ ഉണ്ടാക്കിയെടുക്കണം. അത് വഴി 
സ്നേഹത്തിന്റെ മൂല്യം അടുത്ത തലമുറയ്ക്ക് കൂടുതൽ മനസ്സിലാക്കിക്കൊടുക്കാനും, അവരെ നല്ല മനുഷ്യരാക്കാനും നാം ശ്രദ്ധിയ്ക്കണം.

സോഫയിൽ നിന്നെണീറ്റ് അല്പം വെള്ളം കുടിയ്ക്കാൻ  അടുക്കളയിലേക്ക് നടക്കവേ മനസ്സിൽ ഓർത്തു.

രാജീവ് പഴുവിൽ ,ന്യൂജേഴ്‌സി 


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.