PRAVASI

തകർന്നുപോയ പ്രതീക്ഷകളും സ്വപ്നങ്ങളും

Blog Image

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം ദുരന്തം...! 
ജെസ്നിയുടെ മാറിൽ തലചായ്ച്ച്  മരിച്ചു ഡേവ്, ശരീരം പൂർണമായും തണുത്തുറഞ്ഞിരുന്നു...!
ജീവിതത്തിലെ ഏറ്റവും സന്തോഷം നിറ‍ഞ്ഞ നിമിഷത്തിലൂടെ കടന്നുപോകുകയായിരുന്നു ആ നവദമ്പതികൾ. 
നൂറുകണക്കിന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ, പരസ്പരം കൈകോർത്ത് ജീവിതാവസാനം വരെ  ഒന്നിച്ചുണ്ടാകുമെന്ന് പ്രതിജ്ഞയെടുത്ത അവർക്കായി വിധി കരുതിവച്ചത് മറ്റൊന്നായിരുന്നു. 
അമേരിക്കയിലെ ജോർജിയയിലുണ്ടായ ദാരുണമായ ഹെലികോപ്റ്റർ അപകടത്തിൽ പ്രവാസി മലയാളി ഡേവ് ഫിജിക്ക് ജീവൻ  നഷ്ടമായി. ഡേവിന് വിവാഹ സമ്മാനമായി കമ്പനി നൽകിയതായിരുന്നു ഹെലികോപ്റ്റർ.ഇതിലെ ആദ്യ യാത്രയാണ്  അപകടത്തിൽ കലാശിച്ചത്.മൂവാറ്റുപുഴയിൽനിന്നു വർഷങ്ങൾക്കു മുൻപേ യുഎസിലേക്കു കുടിയേറിയ കടുവാക്കുഴിയിൽ ഫിജി  ജോർജ് - ഫേബ ഫിജി ദമ്പതികളുടെ മകനാണ് അപകടത്തിൽ മരിച്ച ഡേവ് ഫിജി.  
തലവടി ചുടുക്കാട്ടിൽ ജെസ്‌വിൻ വില്ലയിൽ സാം ഉമ്മൻ – ഷീല സാം ദമ്പതികളുടെ മകളാണ് പരുക്കേറ്റ ജെസ്നി സാം.  
രണ്ടു കുടുംബങ്ങളും വർഷങ്ങളായി യുഎസിലാണ് താമസം. 
ഡെൽറ്റ എയർലൈൻസിലെ ഫസ്റ്റ് ഓഫിസറായ ഡേവ് ഫിജിയും നഴ്‌സായ ജെസ്നിയും തമ്മിലുള്ള വിവാഹം 29ന് വൈകിട്ട്   4.30നാണു നടന്നത്. ഒരു പതിറ്റാണ്ട് മുൻപ് ന്യൂ ടെസ്റ്റമെന്റ് ചർച്ചിൽ വച്ചുണ്ടായ പരിചയമാണ് ഇരുവരുടെയും പ്രണയത്തിലേക്കും  ഒടുവിൽ വിവാഹത്തിലേക്കും നയിച്ചത്. ജോർജിയ ഡോസൺവില്ലെയിലെ ‘ദി റെവറി’യിൽ വച്ചായിരുന്നു വിവാഹം.  
ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന നാനൂറോളം അതിഥികളാണ് വിവാഹത്തിൽ പങ്കെടുത്തത്. 
അറ്റ്ലാന്റയിലെ ഒരു ഡൗണ്ടൗൺ ഹോട്ടലിൽ രാത്രി ചെലവഴിക്കുന്നതിനായി, ജോർജിയയിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ  വിമാനത്താവളമായ ഡെകാൽബ്-പീച്ച്ട്രീ എയർപോർട്ടിലേക്ക് പോകാനാണ് ഇരുവരും റോബിൻസൺ R66 ഹെലികോപ്റ്ററിൽ  തിരിച്ചത്.ഒരു പ്രഫഷനൽ പൈലറ്റായ ഡേവിന് ഹെലികോപ്റ്റർ പറന്നുയരുന്നതിന് മുൻപ് തന്നെ അവിടത്തെ  കാലാവസ്ഥയെക്കുറിച്ച് കടുത്ത ആശങ്കയുണ്ടായിരുന്നു.  
‘എന്റെ മകൻ ഒരു പൈലറ്റായിരുന്നതിനാൽ കാലാവസ്ഥയെക്കുറിച്ച് അവന് കൃത്യമായ ധാരണയുണ്ടായിരുന്നു.  
പുറത്തെ വിസിബിലിറ്റി പൂജ്യമാണെന്നും, ഇത്തരം സാഹചര്യങ്ങളിൽ തങ്ങൾ ഒരിക്കലും വിമാനം പറത്താറില്ലെന്നും അവൻ  ഹെലികോപ്റ്റർ പൈലറ്റിനോട് വ്യക്തമാക്കിയിരുന്നു’, പ്രാദേശിക മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഡേവിന്റെ പിതാവ്  ജോർജ് ഫിജി പറഞ്ഞു. 
എന്നാൽ, ഹൈ ഓൾട്ടിറ്റ്യൂഡിൽ പറക്കുന്നതിനാൽ കുഴപ്പമുണ്ടാകില്ലെന്നായിരുന്നു ഹെലികോപ്റ്റർ പൈലറ്റിന്റെ മറുപടി.  
ഡേവിന്റെ ആശങ്കകൾ ശരിവയ്ക്കുന്നതായിരുന്നു പിന്നീട് സംഭവിച്ചത്.  
പറന്നുയർന്ന് അധികം താമസിയാതെ, വിവാഹവേദിയിൽ നിന്നും അധികം അകലെയല്ലാത്ത മൗണ്ട് വെർനോൺ  ഡ്രൈവിനടുത്തുള്ള ഡോസൺ കൗണ്ടിയിലെ ഒരു വിദൂര വനപ്രദേശത്ത് ഹെലികോപ്റ്റർ തകർന്നുവീണു.  
ഡേവും ഹെലികോപ്റ്റർ പൈലറ്റും സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
ജോർജിയയിലെ ഡോസൺ കൗണ്ടിയിൽ 29ന് രാത്രി 10.30ന് (ഇന്ത്യൻ സമയം 30ന് രാവിലെ   ആയിരുന്നു അപകടം. 
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റെങ്കിലും ജെസ്നി അദ്ഭുതകരമായി രക്ഷപ്പെട്ടു.  
എന്നാൽ രക്ഷാപ്രവർത്തകർ വനപ്രദേശത്തെ അപകടസ്ഥലം കണ്ടെത്താൻ വൈകിയതിനെ തുടർന്ന്, കടുത്ത വേദനയോടും  മാനസികാഘാതത്തോടും കൂടി ആറ് മണിക്കൂറോളമാണ് ജെസ്നിക്ക് ആ തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കിടക്കേണ്ടിവന്നത്. 
ബോധം തിരിച്ചുക്കിട്ടിയപ്പോൾ, തന്റെ മാറിൽ തലചായ്ച്ച് കിടക്കുന്ന ഡേവിനെയാണ് ജെസ്നി കണ്ടത്.  
ശരീരമാകെ രക്തം പടർന്ന്, ശരീരം പൂർണമായും തണുത്തുറഞ്ഞിരുന്നു. 
നഴ്‌സായ ജെസ്നിക്ക് തന്റെ ഭർത്താവ് ഈ ലോകത്തോട് വിടപറഞ്ഞു എന്ന് മനസ്സിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല.  
നിലവിൽ മെട്രോ അറ്റ്ലാന്റ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജെസ്നിയുടെ ശരീരത്തിൽ മുറിവുകളും ചതവുകളും  ഉണ്ടെങ്കിലും എല്ലുകൾക്ക് പൊട്ടലുകളൊന്നുമില്ലെന്ന് കുടുംബം വ്യക്തമാക്കി. 
വലിയ മാനസികാഘാതത്തിലാണ് ജെസ്നിയെന്ന് ജോർജ് ഫിജി കൂട്ടിച്ചേർത്തു. 
കുട്ടിക്കാലം മുതൽ പൈലറ്റാകാൻ ആഗ്രഹിച്ച ഡേവ്, കഠിനാധ്വാനത്തിലൂടെയാണ് പ്രമുഖ വിമാനക്കമ്പനിയായ ഡെൽറ്റ  എയർലൈൻസിൽ ഫസ്റ്റ് ഓഫിസറായി ജോലിയിൽ പ്രവേശിച്ചത്. മകനെക്കുറിച്ച് ഓർക്കുമ്പോൾ ജോർജിന്റെ കണ്ണുകളിൽ  ഇപ്പോഴും ആ വിവാഹദിവസത്തെ മകന്റെ പ്രസന്നമായ മുഖമാണുള്ളത്. 
 ‘അവൻ അന്ന് അത്രയധികം സന്തോഷവാനായിരുന്നു, കാണാൻ വളരെ സുന്ദരനായിരുന്നു’, മകനെ കുറിച്ച് ജോർജ് പറയുന്നു. 
തലവടി സ്വദേശിയായ സാമും കുടുംബവും കഴിഞ്ഞ 20 വർഷമായി അമേരിക്കയിലാണ് താമസം.  
രണ്ടു വർഷം മുൻപാണ് സാം നാട്ടിൽ വന്നു മടങ്ങിയത്.  
മകന്റെ വിവാഹം 6 വർഷം മുൻപ് നാട്ടിൽ നടത്തിയിരുന്നു.  
മകളുടെ വിവാഹം പ്രമാണിച്ച് ഇന്നലെ തലവടിയിലെ ടിപിഎം സഭാഹാളിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വിരുന്ന്  ഒരുക്കിയിരുന്നു. 
​അപകടത്തെക്കുറിച്ച് യുഎസ് നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോശം  കാലാവസ്ഥയാണോ അതോ സാങ്കേതിക തകരാറാണോ ദുരന്തത്തിന് കാരണമായതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്  അധികൃതർ. ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും സ്വപ്നങ്ങളും പൊലിഞ്ഞതിന്റെ ഞെട്ടലിലാണ് അറ്റ്ലാന്റയിലെ മലയാളി സമൂഹവും ബന്ധുക്കളും. 


Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.