മാനത്തു മിന്നുന്ന താരകമേ നീ താഴേക്കൊന്നു വന്നീടാമോ എന്റെ വഴികളിൽ വെട്ടമില്ലിത്തിരി വെട്ടമെനിക്കേകാൻ വന്നീടാമോ
മാനത്തു മിന്നുന്ന താരകമേ നീ
താഴേക്കൊന്നു വന്നീടാമോ
എന്റെ വഴികളിൽ വെട്ടമില്ലിത്തിരി
വെട്ടമെനിക്കേകാൻ വന്നീടാമോ
ഒത്തിരി നാളായി നിന്നോടു ഞാനിതു
ചൊല്ലുന്നു നീയതു കേൾക്കുന്നില്ലേ
എന്നിട്ടുമെന്തിനാണിങ്ങനെ നീയങ്ങു
മാനത്തുകേറി ചമഞ്ഞിരിപ്പൂ
അത്രയും നീളത്തിലേണി എനിക്കില്ല
നിന്നെപ്പിടിച്ചങ്ങു താഴെ വരാൻ
കല്ലെറിഞ്ഞൊന്നും ഞാൻ വീഴ്ത്തില്ല താഴെ
നിന്നെയെനിക്കത്ര ഇഷ്ടമാണേ
എല്ലാമറിയാം നിനക്കു പിന്നെന്തിനായ്
ഇത്ര ഉയരത്തിൽ നീയിരിപ്പൂ..
അമ്മ പറഞ്ഞതു ഏറെ കൊതിച്ചെന്നാൽ
അക്കാര്യം വെക്കം നടക്കുമത്രേ...
ഇന്നു ഞാൻ ഏറെ കൊതിക്കുന്നതു നിന്നെ
കൂട്ടുകാരാ താഴെ വന്നിടാമോ
താഴേക്കു വന്നു നീ വെട്ടമേകീടുകിൽ
കൂടെ കളിക്കാം ഞാൻ അതു നിശ്ചയം...
ജിബി മീനാക്ഷി