PRAVASI

കേരളത്തില്‍ ഭരണം മാറും: അപു ജോണ്‍ ജോസഫ് ( അഭിമുഖം )

Blog Image

ചിക്കാഗോ: കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്ന് കേരളാ കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്ററും മുന്‍മന്ത്രി പി.ജെ. ജോസഫിന്‍റെ മകനുമായ അപു ജോണ്‍ ജോസഫ് പ്രസ്താവിച്ചു. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലഘട്ടത്തില്‍ യു.ഡി.എഫ്. നിരവധി പ്രശ്നങ്ങള്‍ ഉയര്‍ത്തുകയും സമരം ചെയ്യുകയും ചെയ്തു. അത് ഫലം കണ്ടില്ല. അവസാനത്തെ ആറു മാസക്കാലം എല്‍ഡിഎഫ് സര്‍ക്കാര്‍ നല്കിയത് വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു. ഒടുവില്‍ എല്ലാവര്‍ക്കും സമ്മാനമായി കിറ്റും കൊടുത്തു. അതോടെ പിണറായി സര്‍ക്കാരിന് രണ്ടാമതും ഭരണം കിട്ടി. അന്ന് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടോ എന്ന് വിലയിരുത്തുന്നത് നന്നായിരിക്കും. എല്ലാക്കാലത്തും ജനങ്ങളെ പറ്റിക്കാന്‍ സാധിക്കുമോ? അക്കാലത്ത് യുഡിഎഫ് നടത്തിയ സമരങ്ങളും ഉയര്‍ത്തിയ പ്രശ്നങ്ങളും സാധാരണജനങ്ങളില്‍ സ്വാധീനം ചെലുത്തിയില്ല. അവരുടെ ജീവിതപ്രശ്നങ്ങള്‍ക്ക് ആര് പരിഹാരം കാണുന്നുവെന്നതായിരുന്നു അന്നത്തെ ചിന്താഗതി. അടുത്ത ഇലക്ഷന് ഇനി അധികം നാളില്ല. അതിനാല്‍ ജനത്തെ കബളിപ്പിക്കുവാന്‍ ധാരാളം മാജിക്കുകള്‍ പ്രതീക്ഷിക്കാം. ഇന്ന് സാധാരണജനങ്ങളെ ബാധിക്കുന്ന കറണ്ട് ചാര്‍ജ്, വെള്ളക്കരം, ഭൂനികുതി ഇതിനെല്ലാം അതിഭയങ്കരമായ ചാര്‍ജ് വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. യുഡിഎഫ് പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയുള്ള ജനസമ്പര്‍ക്ക പരിപാടികളും ബോധവത്കരണവുമാണ് നടത്തേണ്ടത്.


ചോദ്യം: അമേരിക്കന്‍ സന്ദര്‍ശനത്തിന്‍റെ ഉദ്ദേശ്യമെന്താണ്?
ഉത്തരം: രണ്ട് പ്രാവശ്യം അമേരിക്കയില്‍ വന്നിട്ടുണ്ടെങ്കിലും കേരള രാഷ്ട്രീയത്തില്‍ സജീവമായതിനു ശേഷം ആദ്യമായിട്ടാണ് അമേരിക്കയില്‍ വരുന്നത്. രണ്ടാഴ്ചത്തെ ഹ്രസ്വസന്ദര്‍ശനത്തിനിടയില്‍ നിരവധി മലയാളി സുഹൃത്തുക്കളെ കാണുവാനും ആശയവിനിമയം നടത്തുവാനും സാധിച്ചത് വലിയ ഒരു നേട്ടമാണെന്ന് കേരളാ എക്സ്പ്രസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ ജോസ് കണിയാലിയുമായി നടത്തിയ അഭിമുഖത്തില്‍ അപു ജോണ്‍ ജോസഫ് പറഞ്ഞു. പ്രവാസി കേരളാ കോണ്‍ഗ്രസിന്‍റെ വിപുലീകരണ സാദ്ധ്യതകളെപ്പറ്റിയും പഠിക്കുന്നുണ്ട്. പ്രവാസി കേരളാ കോണ്‍ഗ്രസ് കോ-ഓര്‍ഡിനേറ്റര്‍ സണ്ണി വള്ളിക്കളവും സന്നിഹിതനായിരുന്നു.
ചോദ്യം: തൊടുപുഴയില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമോ?
ഉത്തരം: അക്കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധിക്കുന്നത്. പാര്‍ട്ടി ഏല്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാറുണ്ട്. വാര്‍ഡ് അടിസ്ഥാനത്തിലുള്ള കുടുംബയോഗങ്ങളിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ത്രിതല പഞ്ചായത്ത് ഇലക്ഷന്‍ ആസന്നമാണല്ലോ. 
ചോദ്യം: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മുഖ്യമന്ത്രിത്തര്‍ക്കം യുഡിഎഫിന്‍റെ വിജയസാദ്ധ്യതയെ ബാധിക്കുമോ?
ഉത്തരം: കോണ്‍ഗ്രസ് ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയാണ്. അവിടെ നാലഞ്ചുപേര്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ളവരാണ്. അതിനെ പോസിറ്റീവ് ആയി കണ്ടാല്‍ അത് ഒരു തെറ്റല്ല. എന്നാല്‍, ബിജെപിയിലോ സിപിഎമ്മിലോ ഒരാളുടെ പേരൊഴിച്ച് വേറെ ആരുടെയെങ്കിലും പേരു പറയുവാന്‍ സാധിക്കുമോ? അതാണ് ജനാധിപത്യ പാര്‍ട്ടിയുമായുള്ള വ്യത്യാസം. ഇപ്പോള്‍ എല്‍ഡിഎഫിലെ ഘടകകക്ഷികളും പരസ്യമായി അഭിപ്രായ വ്യത്യാസങ്ങള്‍ പറയുവാന്‍ തുടങ്ങിയിട്ടുണ്ട്.
ചോദ്യം: ചില രാഷ്ട്രീയ നേതാക്കന്മാരെ ഫോണില്‍ വിളിക്കുമ്പോള്‍ കിട്ടാറില്ലായെന്ന് പലരും പരാതി പറയാറുണ്ട്. ഇക്കാര്യത്തില്‍ നിലപാടെന്താണ്? 
ഉത്തരം: ഞാന്‍ തിരക്കിലാണെങ്കില്‍ ഫോണ്‍ എടുക്കാറില്ല. പക്ഷേ, മിസ്ഡ് കോള്‍ നോക്കി തിരിച്ചു വിളിക്കാറുണ്ട്. കാരണം എന്തെങ്കിലും സഹായത്തിനോ, പ്രശ്നപരിഹാരത്തിനോ വേണ്ടിയായിരിക്കും ജനങ്ങള്‍ ബന്ധപ്പെടുവാന്‍ ശ്രമിക്കുന്നത്. അതിനെ നേതാക്കന്മാര്‍ എല്ലാവരും പോസിറ്റീവ് ആയി കാണണം എന്നാണ് എന്‍റെ അഭിപ്രായം.
ചോദ്യം: യുവജനങ്ങള്‍ മെച്ചപ്പെട്ട ജീവിതമാര്‍ഗ്ഗം തേടി വിദേശത്തേക്ക് കുടിയേറുന്നതിനെപ്പറ്റി എന്താണ് പ്രതികരണം?
ഉത്തരം: പല നിയോജകമണ്ഡലങ്ങളിലും വീടുകള്‍ ശൂന്യമാണ്. വിദേശത്തേക്കുള്ള കുടിയേറ്റം ജനാധിപത്യ പാര്‍ട്ടികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കൂടുതല്‍ ജീവിതസൗകര്യങ്ങള്‍ തേടുവാന്‍ ഓരോരുത്തര്‍ക്കും പൂര്‍ണ്ണമായ സ്വാതന്ത്ര്യമുണ്ട്. യുവജനങ്ങളെ ഇവിടെ നിലനിര്‍ത്തുവാന്‍ ജീവിതസൗകര്യങ്ങളും പദ്ധതികളും കൊണ്ടുവരേണ്ടത് സര്‍ക്കാരിന്‍റെ ചുമതലയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മാറ്റങ്ങള്‍ ഉണ്ടാകും. പി.ജെ. ജോസഫ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ പ്ലസ്ടു, സ്വാശ്രയ സംവിധാനങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവന്നത് വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കി. അന്നത്തെ സര്‍ക്കാരില്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തിയാണ് അതു നടപ്പിലാക്കിയത്.
ചോദ്യം: കാര്‍ഷിക മേഖലയെ എങ്ങനെ ഗുണകരമായി പ്രയോജനപ്പെടുത്താം?
ഉത്തരം: മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വളരെയധികം ചെയ്യുവാന്‍ സാധിക്കും. കാര്‍ഷിക രംഗത്ത് വിജയക്കൊടി പാറിച്ച നിരവധി ചെറുപ്പക്കാരുണ്ട്. അതിനെ പോസിറ്റീവായി അവതരിപ്പിക്കുവാന്‍ പലപ്പോഴും കഴിയാറില്ല. കൃഷിക്കാരനെ ഒരു സംരംഭകനാക്കി മാറ്റണം. ഒന്നിലധികം ആള്‍ക്കാര്‍ ഒരുമിച്ചു ചേര്‍ന്ന് ചെറിയചെറിയ കുടില്‍ വ്യവസായങ്ങള്‍ ആരംഭിക്കണം. വിവിധ തരത്തിലുള്ള ഉല്പന്നങ്ങളെ വ്യത്യസ്ത രീതികളില്‍ പ്രയോജനപ്പെടുത്തുവാന്‍ സാധിക്കും. ഒരു കര്‍ഷകമനസ്സിന്‍റെ ഉടമയായ തനിക്ക് കാര്‍ഷിക മേഖലയുടെ വികസനം എപ്പോഴും ഒരു ആവേശമാണ്.
ചോദ്യം: വിദ്യാഭ്യാസ രംഗത്ത് എന്ത് മാറ്റങ്ങളാണ് ഉണ്ടാകേണ്ടത്?
ഉത്തരം: പ്രീ-പ്രൈമറി വിദ്യാഭ്യാസ രംഗത്ത് വളരെക്കുറിച്ച് പണമാണ് നമ്മള്‍ മുടക്കുന്നത്. എന്നാല്‍, വിദേശത്തെ സ്കൂളുകളില്‍ ചെറുപ്രായത്തില്‍ തന്നെ പൗരബോധം വളര്‍ത്തുന്ന കാര്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കാറുണ്ട്. ജീവിതത്തില്‍ ചെയ്യേണ്ട അടിസ്ഥാനപരമായ കാര്യങ്ങള്‍ അവരെ പഠിപ്പിക്കും. പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ എന്തു ചെയ്യണമെന്ന് അവര്‍ക്കറിയാം. നമ്മുടെ വിദ്യാഭ്യാസ രംഗത്തും മാറ്റങ്ങള്‍ ഉണ്ടാകണം.
ചോദ്യം: വിദേശമലയാളികളോടുള്ള സന്ദേശം എന്താണ്?
ഉത്തരം: മക്കളൊക്കെ പ്രായമായി സ്വന്തം കാലില്‍ നില്‍ക്കാറാകുമ്പോള്‍ നിങ്ങള്‍ നാട്ടിലേക്ക് മടങ്ങിവരണം എന്നാണ് എന്‍റെ അഭിപ്രായം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാകും. നിങ്ങളോടൊപ്പം ഞങ്ങളും ഉണ്ടായിരിക്കും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.