PRAVASI

സഞ്ജുവിൻ്റെ സ്ക്വയർകട്ട് സൃഷ്ടിച്ച സ്വരം! സിത്താറിൽ നിന്ന് പൊഴിഞ്ഞ സംഗീതം പോലെ സുന്ദരം!!

Blog Image

"I wouldn't mind breaking a few hearts to lift the trophy for once...!" 
ടി-20 ലോകകപ്പ് ഫൈനലിന് മുൻപുള്ള പത്രസമ്മേളനത്തിൽ ന്യൂസിലാൻഡ് നായകനായ മിച്ചൽ സാൻഡ്നർ പറഞ്ഞ വരികളാണിത്. അപ്പോൾ എന്തായിരുന്നു അയാളുടെ മനസ്സിൽ!?
2023-ലെ ഏകദിന ലോകകപ്പിലെ കലാശപ്പോരാട്ടത്തിന് മുമ്പ് ഓസ്ട്രേലിയൻ നായകനായ പാറ്റ് കമ്മിൻസ് സമാനമായ വാക്കുകൾ ഉച്ചരിച്ചിരുന്നു. കംഗാരുപ്പട കിരീടവുമായി മടങ്ങുകയും ചെയ്തു. ചരിത്രം ആവർത്തിക്കാമെന്നാണ് സാൻഡ്നർ കണക്കുകൂട്ടിയത്!
എന്നാൽ കിവീസ് സ്കിപ്പർ ഒരു കാര്യം മറന്നു. 2023-ലെ ഫൈനലിൽ സ്ഥാനം നിഷേധിക്കപ്പെട്ട ഒരു കളിക്കാരൻ ഇത്തവണ ഇന്ത്യൻ ടീമിനോടൊപ്പം ഉണ്ടായിരുന്നു!
അവന് ബൈബിളിലെ വീര യോദ്ധാവിൻ്റെ പേരായിരുന്നു! വെറുംകൈ കൊണ്ട് ഒരു സിംഹത്തിൻ്റെ കഥ കഴിച്ച സാംസൺ! സഞ്ജു വിശ്വനാഥ് സാംസൺ!!


അഹമ്മദാബാദിലെ ആകാശത്തിൽ പറന്നുല്ലസിക്കാനാണ് കിവികൾ മോഹിച്ചത്! പക്ഷേ അവരെ കടിച്ചുകീറിയ സഞ്ജു ഇന്ത്യയെ തുടർച്ചയായ രണ്ടാം ലോകകപ്പ് വിജയത്തിലേയ്ക്ക് നയിച്ചിരിക്കുന്നു!
ഞാൻ വെറുതെ ആലോചിച്ചുനോക്കുകയായിരുന്നു. സഞ്ജു കാഴ്ച്ചവെച്ച ബാറ്റിങ്ങ് വിസ്മയം ഇന്ത്യയുടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികവുറ്റതല്ലേ!?
2007-ലെയും 2011-ലെയും ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ചത് യുവ് രാജ് സിങ്ങായിരുന്നു. പക്ഷേ 2007-ലെ ഫൈനലിലും 2011-ലെ സെമിഫൈനലിലും യുവിയ്ക്ക് ബാറ്റുകൊണ്ട് തിളങ്ങാൻ സാധിച്ചിരുന്നില്ല.
1983-ലെ ലോകകപ്പ് ഹീറോ മൊഹീന്ദർ അമർനാഥ് ആയിരുന്നു. സെമിഫൈനലിലും ഫൈനലിലും അദ്ദേഹം മിന്നിത്തിളങ്ങി. എന്നാൽ മറ്റുള്ള മാച്ചുകളിൽ അമർനാഥ് വലിയ മാച്ച് വിന്നിങ്ങ് ഇംപാക്ട് സൃഷ്ടിച്ചിരുന്നില്ല.
രണ്ട് വർഷങ്ങൾക്കുമുമ്പ് കരീബിയൻ ദ്വീപുകളിൽ വെച്ച് ഇന്ത്യ ജയിച്ച ലോകകപ്പിലും ഇതേ മാതൃക കാണാം. ഓസീസിനെതിരായ നിർണ്ണായക മത്സരത്തിലും സെമിഫൈനലിലും രോഹിത് ശർമ്മയുടെ ബാറ്റിൽനിന്ന് റണ്ണൊഴുകി. ഫൈനലിൽ വിരാട് കോഹ്ലി രക്ഷകനായി അവതരിക്കുകയും ചെയ്തു.
ഇവിടെയാണ് സഞ്ജുവിൻ്റെ മഹത്വം വെളിപ്പെടുന്നത്. തുടർച്ചയായി മൂന്ന് നോക്കൗട്ട് മത്സരങ്ങളിൽ ടോപ് സ്കോറർ! സ്ഥിരതയില്ല എന്ന് പരിഹസിക്കപ്പെട്ടിരുന്ന സഞ്ജു സ്ഥിരതയുടെ പര്യായമായി മാറിയ കാഴ്ച്ച!
രൺബീർ സിങ്ങ് നായകനായി അഭിനയിച്ച '83' എന്ന സിനിമ പറഞ്ഞത് 1983-ലെ ലോകകപ്പ് വിജയത്തിൻ്റെ കഥയാണ്. അതിൽ ശ്രദ്ധേയമായ ഒരു രംഗമുണ്ട്. ഇന്ത്യൻ ടീമിലെ ഒരാൾ വെസ്റ്റ് ഇൻഡീസ് ഫാസ്റ്റ് ബോളർമാരുടെ ഭീകരതയെക്കുറിച്ച് കൂട്ടുകാരോട് വർണ്ണിക്കുന്നു! കൃഷ്ണമാചാരി ശ്രീകാന്തിനെ അവതരിപ്പിച്ച നടനായ ജീവ പറയുന്നു-
''ഒന്ന് നിർത്താമോ! ഇതെന്താ ഹൊറർ സിനിമയോ...!!?"
ന്യൂസിലാൻഡ് ബോളർമാർക്കെതിരെയുള്ള സഞ്ജുവിൻ്റെ റെക്കോർഡുകൾ ഫൈനലിനുമുമ്പ് മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. വായിച്ചാൽ അതും ഒരു ഹൊറർ സിനിമ പോലെ അനുഭവപ്പെടുമായിരുന്നു!
കേവലം 10 പന്തുകൾക്കിടെ സാൻഡ്നർ സഞ്ജുവിനെ മൂന്ന് തവണ പുറത്താക്കിയിരുന്നു. മാറ്റ് ഹെൻട്രിയ്ക്കും ലോക്കി ഫെർഗൂസനും ജെയിംസ് നീഷത്തിനും സഞ്ജുവിനെ രണ്ട് തവണ കീഴടക്കിയതിൻ്റെ ഓർമ്മകളുണ്ടായിരുന്നു. ഈ നാല് ബോളർമാർക്കെതിരെയുള്ള സഞ്ജുവിൻ്റെ ബാറ്റിങ്ങ് ആവറേജ് കേവലം 10 റൺസായിരുന്നു!
പക്ഷേ ഫൈനലിൽ ഇവരെയെല്ലാം സഞ്ജു അരിഞ്ഞുതള്ളി! അയാൾ സിംഹഹൃദയനായിരുന്നു!!
ആദ്യ ഓവറിൽ ഹെൻട്രി സഞ്ജുവിനെതിരെ നാല് ഡോട്ട്ബോളുകൾ എറിഞ്ഞു. പക്ഷേ അഞ്ചാമത്തെ പന്ത് മിഡ്-ഓണിനുമുകളിലൂടെ അദൃശ്യമായി!
നീഷാം സഞ്ജുവിനെതിരെ ഒരു ഗംഭീര യോർക്കർ പായിച്ചതാണ്. സഞ്ജു അതിനെ ബൗണ്ടറിയിലേയ്ക്ക് പറഞ്ഞയച്ചത് കണ്ട് ലോകം തരിച്ചുനിന്നു!
ഈ ലോകകപ്പിലെ ടോപ് വിക്കറ്റ് ടേക്കർമാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ആളാണ് രച്ചിൻ രവീന്ദ. അയാളുടെ മൂന്ന് പന്തുകളാണ് സഞ്ജു തുടരെ അടിച്ച് പുറത്തിട്ടത്!
ഇടിക്കൂട്ടിലെ ഇതിഹാസമായിരുന്ന മുഹമ്മദ് അലിയോട് ഏറ്റുമുട്ടിയതിനുശേഷം ജോ ബഗ്നർ എന്ന ബോക്സർ പറഞ്ഞിരുന്നു-
''ആദ്യം ഞാൻ നല്ലൊരു പഞ്ച് അലിയ്ക്ക് നൽകി. അദ്ദേഹം അതിനെ അഭിനന്ദിക്കുകയും ചെയ്തു. അതിനുപിന്നാലെ അതിശക്തമായ നാല് ഇടികളാണ് എൻ്റെ മുഖത്ത് വന്നുവീണത്! അലിയുടെ വേഗതയും ടൈമിംഗും അസാധാരണമായിരുന്നു...!!''
മൊട്ടേരയിലെ സഞ്ജുവിൻ്റെ ബാറ്റിങ്ങ്  മുഹമ്മദ് അലിയുടെ ബോക്സിങ്ങ് പോലെയായിരുന്നു! കിവികളുടെ പഞ്ചുകൾക്കെല്ലാം അതിശക്തമായ കൗണ്ടർ പഞ്ചുകൾ ഉണ്ടായി!!
തിരുവനന്തപുരത്ത് വെച്ച് നടന്ന ടി-20 ഗെയ്മിൽ സഞ്ജുവിനെ വീഴ്ത്തിയത്‌ ഫെർഗൂസനായിരുന്നു. അന്നാണ് സഞ്ജുവിന് കീപ്പിങ്ങ് ഗ്ലൗസും ടീമിലെ സ്ഥാനവും കൈമോശം വന്നത്.
ടി-20 ലോകകപ്പ് ഫൈനലിൽ ആ കണക്കും സഞ്ജു തീർത്തു. 150 കിലോമീറ്ററിനടുത്ത് വേഗത ഉണ്ടായിരുന്ന ലോക്കിയുടെ പന്തുകൾ നാലുപാടും പായിക്കപ്പെട്ടു! മുഹമ്മദ് അലി ജോ ബഗ്നർക്ക് സമ്മാനിച്ചത് പോലുള്ള സോളിഡ് ആയ പ്രഹരങ്ങൾ!
ഇന്ത്യക്കാരുടെ നെഞ്ചകം തകർക്കുന്നതിന് വേണ്ടി എത്തിയ സാൻഡ്നർ ഇപ്പോൾ നിശബ്ദനാണ്. തകർന്നത് അയാളുടെ ഹൃദയമാണ്!
ഒന്ന് കണ്ണടച്ചാൽ സാൻഡ്നർക്ക് അത് വീണ്ടും കേൾക്കാം! സഞ്ജുവിൻ്റെ സ്ക്വയർകട്ട് സൃഷ്ടിച്ച സ്വരം! സിത്താറിൽ നിന്ന് പൊഴിഞ്ഞ സംഗീതം പോലെ സുന്ദരം!!


സന്ദീപ് ദാസ് 
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.