സസ്പെൻസുകൾക്ക് വിരാമമിട്ട് വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമ്പോൾ, ആവേശത്തോടെയും ആശംസകളോടെയും മലയാള സിനിമാ ലോകം. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള മുൻനിര താരങ്ങൾ മുതൽ യുവതലമുറയിലെ സംവിധായകരും നടന്മാരും വരെ സതീശന്റെ സ്ഥാനലബ്ധിയെ ‘ജനവികാരത്തിന്റെ വിജയം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
“കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട ശ്രീ വി.ഡി. സതീശന് ഹൃദയം നിറഞ്ഞ ആശംസകൾ” എന്ന് മമ്മൂട്ടി കുറിച്ചപ്പോൾ, വികസനത്തിന്റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് മോഹൻലാൽ ആശംസിച്ചു. സോഷ്യൽ മീഡിയയിൽ ഏറ്റവും ശ്രദ്ധേയമായത് സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ പ്രതികരണമായിരുന്നു. “ഇതാണ് ഞങ്ങ പറഞ്ഞ മുഖ്യൻ. തൽക്കാലം ഞങ്ങക്കീ മുഖ്യൻ മതി..!! വേറാരും വേണ്ട..!!” എന്ന കുറിപ്പിലൂടെ ജനങ്ങളുടെ താൽപ്പര്യം തന്നെയാണ് ഹൈക്കമാൻഡ് അംഗീകരിച്ചതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
“ജനങ്ങളാണ് ഹൈക്കമാൻഡ് എന്ന് തെളിയിച്ച ഏക നേതാവ്” എന്നാണ് നടൻ ധർമ്മജൻ ബോൾഗാട്ടി വിശേഷിപ്പിച്ചത്. നടനും എം.എൽ.എയുമായ രമേശ് പിഷാരടി, നടൻ സിദ്ദിഖ്, ലിസ്റ്റിൻ സ്റ്റീഫൻ, ആന്റണി വർഗീസ്, കിഷോർ സത്യ തുടങ്ങിയവരും സതീശന് അഭിവാദ്യങ്ങൾ നേർന്നു. “കാവ്യാനീതി” എന്നാണ് കിഷോർ സത്യ ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്. ഐക്യത്തിലൂടെയും പുരോഗതിയിലൂടെയും കേരളം തലയുയർത്തി നിൽക്കട്ടെ എന്ന് ഉണ്ണി മുകുന്ദൻ ആശംസിച്ചപ്പോൾ, പുതിയ കേരളത്തിനായുള്ള യാത്രയ്ക്ക് നിവിൻ പോളിയും മനോജ് കെ. ജയനും എല്ലാവിധ ആശംസയും നേർന്നു.

