ഹുൻസൂർ (Hunsur) വഴിയാണ് യാത്ര. റോഡിനിരുവശത്തും പല തരം കൃഷികൾ കാണുവാനുണ്ട്. കൂട്ടത്തിൽ ഇതുവരെ കണ്ടു പരിചയമില്ലാത്ത ഒരു കൃഷി എന്റെ ശ്രദ്ധ ആകർഷിച്ചു. ചെടികൾക്ക് ഒന്ന് ഒന്നര അടി ഉയരം കാണും. സാമാന്യം വലിയ, ഏകദേശം വൃത്താകൃതിയിലുള്ള ഇല. വെളുത്ത പൂക്കൾ. അല്പം റോസ് നിറം കലർന്നവയും ഉണ്ട്. ഏതാണ് ഈ ചെടി? ഹുൻസൂരിലെ പ്രധാന വിളകൾ
മൈസൂർ യാത്ര കഴിഞ്ഞ് തിരിച്ചു വരുമ്പോൾ വൈശാഖ് പറഞ്ഞു:
“നമുക്ക് ബൈലകുപ്പ (Bylakuppe) വഴി പോകാം. അവിടെ ഒരു ടിബറ്റൻ മൊണാസ്ട്രി ഉണ്ട്. അതും കണ്ട് പോകാം”.
മൈസൂരിൽ പല തവണ പോയിട്ടുള്ളതിനാൽ പുതിയതായി ഒന്നും കാണുവാനില്ലായിരുന്നു. പേരക്കുട്ടി ഗൗതമിക്ക് മൃഗശാല കാണാൻ വേണ്ടിയുള്ള ഒരു ചെറു ട്രിപ്പ് ആയിരുന്നു ഇത്. അതിനാൽ ഇതുവരെ കണ്ടിട്ടില്ലാത്ത ടിബറ്റൻ ആശ്രമം കാണുന്നത് ഒരു പുതിയ അനുഭവം ആയിരിക്കും: ഞാനും വിചാരിച്ചു. സമയം വൈകിയാൽ നാഗർഹോളെ ടൈഗർ റിസെർവ്വിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണങ്ങൾ ഉണ്ടായേക്കാം എന്ന ഭയം ഉണ്ടെങ്കിലും ആ വഴി പോകാൻ തന്നെ തീരുമാനിച്ചു.
അങ്ങിനെ ഞങ്ങൾ യാത്ര തിരിച്ചു. ഹുൻസൂർ (Hunsur) വഴിയാണ് യാത്ര. റോഡിനിരുവശത്തും പല തരം കൃഷികൾ കാണുവാനുണ്ട്. കൂട്ടത്തിൽ ഇതുവരെ കണ്ടു പരിചയമില്ലാത്ത ഒരു കൃഷി എന്റെ ശ്രദ്ധ ആകർഷിച്ചു. ചെടികൾക്ക് ഒന്ന് ഒന്നര അടി ഉയരം കാണും. സാമാന്യം വലിയ, ഏകദേശം വൃത്താകൃതിയിലുള്ള ഇല. വെളുത്ത പൂക്കൾ. അല്പം റോസ് നിറം കലർന്നവയും ഉണ്ട്. ഏതാണ് ഈ ചെടി? ഹുൻസൂരിലെ പ്രധാന വിളകൾ ഏതെല്ലാം ആണെന്ന് ഞാൻ ഗൂഗിളിൽ നോക്കി. നെല്ല്, കരിമ്പ്. ചോളം, പുകയില തുടങ്ങിയവയാണ്. സംശയാസ്പദമായ നിലയിലുള്ളത് പുകയില തന്നെ. ബാക്കി എല്ലാം പരിചയമുള്ളവർ. പുകയിലയുടെ ചിത്രവും ഗൂഗിൾ കാണിച്ചു തന്നതോടെ പ്രതി പുകയില തന്നെ എന്ന് ഉറപ്പായി. ഹുൻസൂർ പുകയിലക്കച്ചവടത്തിന് പ്രശസ്തമാണെന്നും അവിടെ ടുബാക്കോ ബോർഡ് ഓഫീസ് തന്നെ ഉണ്ടെന്നും മനസ്സിലായി. ഏതു വിഷത്തിനും വാങ്ങി ഉപയോഗിക്കുവാൻ ആളുള്ളപ്പോൾ നട്ടു വളർത്താനും ആളുണ്ടാവും. അവനവന്റെ ജീവിതമാണല്ലോ മറ്റുള്ളവരുടെ ദുരന്തത്തെക്കാളും പ്രധാനം. എന്തായാലും പാടം നിറയെ അർബുദത്തിന്റെ വിത്തുകൾ പൂത്തുലഞ്ഞു നിൽക്കുന്നത് മനോഹരമായ കാഴ്ച തന്നെ.
ബൈലകുപ്പയിലെത്തിയപ്പോഴേക്കും ഉച്ച ഭക്ഷണ സമയമായിരുന്നു. ടിബറ്റിൽ പോയ പ്രതീതി പൂർണമായും ഉൾക്കൊള്ളാൻ ഒരു "ആധികാരിക ടിബറ്റൻ" റസ്റ്റോറന്റിൽ തന്നെ ഭക്ഷണം കഴിക്കണമെന്നായി തീരുമാനം. പേരിൽ ടിബറ്റ് ഉള്ള, ആദ്യം കണ്ട റെസ്റ്റോറന്റിന്റെ ബോർഡിൽ പ്രത്യേകം എഴുതിയിരുന്നു: “ഹലാൽ”. അതോടെ അത് “ഓതെന്റിക് ടിബറ്റൻ” അല്ലെന്ന് തീരുമാനമായി. പിന്നീട് കണ്ട “ഹോട്ടൽ ടിബറ്റ്” ശരിയായ ടിബറ്റൻ ഭക്ഷണ ശാല തന്നെയായിരുന്നു.
പലതരം ഫ്രൈഡ് റൈസ്, മോമൊ, നൂഡിൽസ്, സൂപ്പുകൾ അങ്ങിനെ പോകുന്നു മെനു. ടിബറ്റൻകാരുടെ പ്രധാന ഭക്ഷണങ്ങൾ ബാർലി മാവുകൊണ്ടാണത്രെ ഉണ്ടാക്കുന്നത്. അവരുടെ നാട്ടിൽ ബാർലി കൃഷി ചെയ്യുന്നു. നമ്മുടെ നാട്ടിൽ അത് കിട്ടുവാൻ പ്രയാസമായതു കൊണ്ടാവണം മിക്കവാറും ഭക്ഷണ പദാർത്ഥങ്ങൾ മൈദയിലായത്. കാബേജിന്റെ കുടുംബക്കാരനായ ബോക് ചോയ് (bok choy) എന്ന ഇല അരിയാതെ മുഴുവനായും വേവിച്ചതും ഉണ്ട്. ആടും കോഴിയും അവർക്ക് നിഷിദ്ധമല്ല. വേണമെങ്കിൽ അതും ആവാം.
1960 ൽ ആണ് അന്നത്തെ മൈസൂർ സർക്കാർ ടിബറ്റിൽ നിന്നും പലായനം ചെയ്തു വന്നവർക്ക് തൊഴിലിനും താമസത്തിനുമായി ബൈലകുപ്പയിൽ മൂവായിരം ഏക്കർ സ്ഥലം കൊടുത്തത്. അങ്ങിനെ അവിടെ ആദ്യത്തെ ടിബറ്റൻ സെറ്റിൽമെന്റ് നിലവിൽ വന്നു. പിന്നീട് വീണ്ടും കോളനികൾ ഉണ്ടായി. അങ്ങിനെ ഇപ്പോൾ മൊത്തം ജനസംഖ്യ എഴുപതിനായിരത്തോളമായി നിൽക്കുന്നു. ഭാരത സർക്കാർ അവർക്കായി സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ പരിപാലനവും ഏർപ്പാടാക്കി. ബുദ്ധിസ്റ്റ് യൂണിവേഴ്സിറ്റികളും ഇവിടെ പ്രവർത്തിക്കുന്നു. കോളനികളിൽ അവർ കൃഷിയും കച്ചവടവും നടത്തുന്നു. മൊണാസ്ട്രികളും ദേവാലയങ്ങളും ഉയർന്നു വന്നു. അതിൽ പ്രധാനം നാംഡ്രോലിംഗ് മൊണാസ്ട്രിയാണ്. സുവർണ്ണ ക്ഷേത്രം എന്ന പേരിലും ഇത് അറിയപ്പെടുന്നു.
ടിബറ്റൻ ബുദ്ധിസ്റ്റുകളിൽ നിൻഗ്മ (Nyingma) വിഭാഗക്കാരുടെ ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ കേന്ദ്രമായിട്ടാണ് നാംഡ്രോലിംഗ് മൊണാസ്ട്രി അറിയപ്പെടുന്നത്. ഏകദേശം അയ്യായിരത്തോളം വരുന്ന സന്യാസികളും സന്യാസിനികളും അധ്യാപകരും വിദ്യാർത്ഥികളും ഈ ബുദ്ധ വിഹാരത്തിൽ വസിക്കുന്നു. വിശാലമായ പ്രാർത്ഥനാ ഹാളും വലിയ ബുദ്ധ പ്രതിമയും ഇവിടുത്തെ സവിശേഷതയാണ്. പ്രശാന്തമായ അന്തരീക്ഷം.
മൊണാസ്റ്ററിയ്ക്കു സമീപം ടിബറ്റൻ ഫാൻസി സാധനങ്ങളും കരകൗശല സാധനങ്ങളും മറ്റും വിൽക്കുന്ന കടകളും ഉണ്ട്. മുത്തുകൾ കൊണ്ടുള്ള ബാഗുകൾ, പേഴ്സുകൾ, വീട്ടിൽ സമാധാനം കൊണ്ടുവരുമെന്ന് പറയപ്പെടുന്ന ഫെങ് ഷുയി സാധനങ്ങൾ, സോഫാ വിരികൾ അങ്ങിനെ പലതും നിറഞ്ഞ വർണ ശബളിമ.
ബൈലകുപ്പയിലും മൊണാസ്റ്ററിയിലും പ്രായമായ ബുദ്ധ ഭിക്ഷുക്കൾ അലഞ്ഞു നടക്കുന്നു. ചുവപ്പും മഞ്ഞയും നിറമുള്ള, ഒരേ രീതിയിലുള്ള വസ്ത്രധാരണം. കൗമാരപ്രായത്തിലുള്ള കുട്ടികൾ അവരുടെ പ്രാർത്ഥനാ ഹാളിൽ മന്ത്രോച്ചാരണം ചെയ്യുന്നു. അവിടെനിന്നും ഗ്യാലിംഗ് എന്ന കുഴലിന്റെയും ഇലത്താളത്തിന്റെയും നാദം മുഴങ്ങുന്നു. മോണസ്ട്രിയിൽ നിന്നും ഇറങ്ങി വരുമ്പോൾ ഒരു വൃദ്ധ ബുദ്ധ സന്യാസിയെ കണ്ടു. അദ്ദേഹം ഹൃദ്യമായി ചിരിച്ചു. സ്വന്തം നാട്ടിൽ നിന്നും പലായനം ചെയ്ത് അന്യ രാജ്യത്ത് അഭയം തേടേണ്ടി വന്ന ഹതഭാഗ്യന്റെ നന്ദി നിർഭരമായ പുഞ്ചിരി. ശാന്തത.
ആകാശം ഇരുളുന്നു. മഴ ആസന്നമാണ്. നാഗർഹൊളെ കടുവാ സങ്കേതം കഴിഞ്ഞുവേണം നാട് എത്തുവാൻ. ഞങ്ങൾ കൊച്ചു ടിബറ്റിനോട് യാത്ര പറഞ്ഞു.
ശശിധരൻ പുലാപ്പറ്റ