തൃശൂർ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂർ നാട്ടിക മണ്ഡലത്തിലെ പേയ്മെന്‍റ് സീറ്റ് വിവാദത്തിൽ പ്രതികരിച്ച് മുൻ എംഎല്‍എയും സിപിഐ നേതാവുമായ ഗീത ഗോപി. പാർട്ടി ഏൽപ്പിച്ച ചുമതല നിർവ്വഹിക്കലാണ് ഇപ്പോൾ ലക്ഷ്യം. മറ്റൊന്നും തനിക്കറിയില്ലെന്ന് ഗീത ഗോപി വ്യക്തമാക്കി. ആരോപണങ്ങളെക്കുറിച്ച് പാർട്ടി മറുപടി പറയും. രണ്ട് തവണ നെഞ്ചേറ്റിയ നാട്ടികയിലെ ജനങ്ങൾ ഇത്തവണയും തന്നെ സ്വീകരിക്കും. തന്നെ ജനങ്ങൾക്ക് അറിയാമെന്നും ഗീതാ ഗോപി വ്യക്തമാക്കി.മുൻ എംഎൽഎ ഗീത ഗോപിക്കും പാർട്ടിക്കുമെതിരെ പൊട്ടിത്തെറിച്ച് സി സി മുകുന്ദൻ എംഎൽഎ രംഗത്തുവന്നതോടെ പാര്‍ട്ടിയിൽ അപ്രതീക്ഷിത പ്രതിസന്ധി ഉടലെടുത്തത്. ഗീത ഗോപിയ്ക്ക് പണം പിരിച്ചു നൽകാൻ കഴിവുണ്ടെന്നും മോശം പ്രകടനം നടത്തിയ അവരെ സ്ഥാനാർഥിയാക്കുന്നത് ശരിയല്ലെന്നും സി സി മുകുന്ദൻ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ എംഎൽഎ സി സി മുകുന്ദനെ മാറ്റി മുൻ എംഎൽഎ ആയിരുന്ന ഗീതാഗോപിയെ മത്സരിപ്പിക്കാൻ സിപിഐ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് വിമർശനം.
പാർട്ടിക്ക് പണം പിരിച്ചു നൽകാൻ തനിക്കാവില്ല. ഗീതഗോപിയ്ക്ക് സീറ്റ് നൽകുന്നത് സാമ്പത്തിക സ്വാധീനം മൂലമാണ്. പാർട്ടി സീറ്റ് തന്നില്ലെങ്കിലും മൽസരിക്കുമെന്നും സി സി മുകുന്ദൻ എംഎൽഎ നിലപാട് വ്യക്തമാക്കി. പാർട്ടിയിൽ വിഭാഗീയതയുണ്ട്. സിപിഐയിലെ വിഭാഗീയത കാരണം ഒഴിവാക്കപ്പെടുകയാണ്. ചേർപ്പ് മണ്ഡലം കമ്മിറ്റി തന്‍റെ പേര് നിർദ്ദേശിക്കാത്തതിന് പിന്നിൽ വിഭാഗീയതയാണ്. തന്നെ ഒഴിവാക്കുന്നതിനെ കുറിച്ച് പാർട്ടി ഒന്നും പറഞ്ഞിട്ടില്ല. രണ്ട് ടേം എല്ലാ എംഎൽഎമാർക്കും നൽകിയെന്നും തന്നെ മാത്രം പാർട്ടി ഒഴിവാക്കിയെന്നും എംഎൽഎ പറഞ്ഞു.

