PRAVASI

സന്ദർശനം പുസ്തകരചനയുടെ ഭാഗമായി, ഭക്തനായി മാറിയിട്ടില്ല; കൊടുങ്ങല്ലൂർ ക്ഷേത്ര സന്ദർശനത്തിൽ പി. ജയരാജൻ

Blog Image

കൊടുങ്ങല്ലൂർ ക്ഷേത്ര സന്ദർശനത്തെത്തുടർന്നുണ്ടായ വിവാദങ്ങളിൽ മറുപടിയുമായി സി.പി.ഐ.എം നേതാവ് പി. ജയരാജൻ. താൻ ഭക്തനായി മാറിയെന്ന് പ്രചരിപ്പിക്കുന്നവരോട് സഹതാപം മാത്രമാണെന്നും ചരിത്രത്തെയും സമൂഹത്തെയും പഠിക്കാനാണ് ഇത്തരം ഇടങ്ങൾ സന്ദർശിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

കോടതി ആവശ്യത്തിനായി കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാൻ നിർത്തിയപ്പോഴാണ് യാദൃച്ഛികമായി കൊടുങ്ങല്ലൂർ കാവിൽ കയറിയതെന്ന് പി. ജയരാജൻ പറഞ്ഞു. “സനാതനികളുടെ ഹിന്ദുത്വ വഴികൾ” എന്ന തന്റെ പുതിയ പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ട് ബ്രാഹ്മണീയമല്ലാത്ത ആചാരങ്ങൾ നിലനിൽക്കുന്ന ഇടങ്ങളെക്കുറിച്ച് പഠിക്കുന്നുണ്ട്. അത്തരത്തിൽ സവിശേഷമായ ചരിത്രമുള്ള ഇടമാണ് കൊടുങ്ങല്ലൂർ കാവെന്നും അദ്ദേഹം കുറിച്ചു.

കൊടുങ്ങല്ലൂർ കാവിലെ കോഴിക്കല്ല്, തവിട്ടുമുത്തി, വസൂരിമാല പ്രതിഷ്ഠ തുടങ്ങിയവയുടെ സാംസ്‌കാരിക പശ്ചാത്തലം നേരിട്ട് കണ്ട് മനസ്സിലാക്കാനാണ് ശ്രമിച്ചത്. വി.ടി. ഇന്ദുചൂഡൻ തന്റെ പുസ്തകത്തിൽ പരാമർശിക്കുന്ന ‘രഹസ്യ അറ’യെ (Secret Chamber) കുറിച്ചുള്ള സങ്കൽപ്പങ്ങളും ജനവിശ്വാസങ്ങളും ഏതൊരു ചരിത്രാന്വേഷിക്കും കൗതുകകരമാണ്. അവിടെയുണ്ടായിരുന്ന സുഹൃത്തുക്കളോടും ജീവനക്കാരോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞത് തന്റെ പുതിയ പുസ്തകത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കമ്മ്യൂണിസ്റ്റുകാർക്ക് ആരാധനാലയങ്ങൾ സന്ദർശിക്കുന്നത് നിഷിദ്ധമാണെന്നത് തെറ്റായ ധാരണയാണെന്ന് അദ്ദേഹം പറഞ്ഞു. താൻ മുമ്പ് അജ്മീർ ദർഗയും സുവർണ്ണ ക്ഷേത്രവും നിരവധി പള്ളികളും സന്ദർശിച്ചിട്ടുണ്ട്. ഭക്തിപ്രകടനമായല്ല, മറിച്ച് സമൂഹത്തെയും ജനവിശ്വാസങ്ങളെയും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനാണ് ഇത്തരം സന്ദർശനങ്ങൾ ഉപയോഗിക്കുന്നത്. ഭക്തിയെയും ആരാധനാലയങ്ങളെയും ആർ.എസ്.എസ് എങ്ങനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു എന്നതിനെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും പി. ജയരാജൻ കൂട്ടിച്ചേർത്തു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.