വയനാട് ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ ദുരന്തത്തിൽ സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക നിയമപരിശോധനയും പാരിസ്ഥിതിക അനുമതി നൽകിയപ്പോൾ കരാർ കമ്പനിക്ക് നൽകിയ നിബന്ധനകൾ പാലിച്ചിട്ടുണ്ടോ എന്ന പരിശോധനയുമാണ് സർക്കാർ നടത്തുക. ഈ രണ്ട് അന്വേഷണങ്ങളുടെ റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷം മാത്രമേ തുരങ്കപാത നിർമ്മാണം പുനരാരംഭിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ആശ്വാസധനം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ദുരന്തത്തിൽ മൂന്ന് പേർ മരണപ്പെട്ടതായി സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജാർഖണ്ഡ് സ്വദേശി അൻമോൽ റായ്, ബീഹാർ സ്വദേശി ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശി ചന്ദ്ര പാൻ പാൽ എന്നിവരാണ് മരിച്ചത്. ഇവർക്ക് പുറമെ ഒൻപത് പേർ പരിക്കേറ്റ് ചികിത്സയിലാണ്. കാണാതായ അഞ്ച് പേർക്ക് വേണ്ടിയുള്ള ഊർജ്ജിതമായ തെരച്ചിൽ ഇന്നും തുടരുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഇവ എയർ ലിഫ്റ്റ് വഴി അവരവരുടെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

