PRAVASI

കേരളാ ചീഫ് വിപ്പ് ആസ്ട്രേലിയൻ ചീഫ് വിപ്പിനെ കണ്ടപ്പോൾ

Blog Image

കഴിഞ്ഞ ദിവസം കേരള നിയമസഭയിൽ ഒരു അപൂർവ്വ സംഗമം നടന്നു. ഓസ്ട്രേലിയയിലെ വിക്ടോറിയ സ്‌റ്റേറ്റ് പാർലമെൻ്റിലെ ചീഫ് വിപ്പ് ലീ ടർലാമിസ് കേരള നിയമസഭ ചീഫ് വിപ്പ് അപു ജോൺ ജോസഫിനെ സന്ദർശിച്ചു. Chief Whip meets Chief Whip എന്ന കുറിപ്പോടെ അപു ജോൺ ജോസഫ് കുറിച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായി. ശിവഗിരി മഠം സംഘടിപ്പിച്ച ആദരവ് ഏറ്റുവാങ്ങുന്നതിനായാണ് അദ്ദേഹം ഭാര്യാ സമേതം കേരളത്തിൽ എത്തിയത്. ശനിയാഴ്ച രാവിലെ 10 മണിക്ക് ശിവഗിരി മഠത്തിൻ്റെ അന്ന ക്ഷേത്രം ആഡിറ്റോറിയത്തിലാണ് സ്വീകരണ ചടങ്ങുകൾ നടന്നത്. 


ഗുരുദേവൻ 1924 ൽ സംഘടിപ്പിച്ച സർവ്വമത സമ്മേളനത്തിൻ്റെ ശദാബ്ദിയാഘോഷത്തോടനുബന്ധിച്ച് 2025 ഒക്ടോബർ 14 ന് ആസ്ട്രേലിയയിലെ വിക്ടോറിയൻ പാർലമെൻ്റിൽ വെച്ച് ഒരു സർവ്വമത സമ്മേളനം നടത്തുന്നതിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും ശിവഗിരി മഠത്തിന് ഒരുക്കി കൊടുത്തത് വിക്ടേറിയൻ പാർലമെൻ്റ് ചീഫ് വിപ്പ് ലീ ടർലാമിസ് ആയിരുന്നു. ശ്രീ നാരായണ ഗുരുദേവനോടും ഗുരുദേവ ദർശനത്തോടും ശിവഗിരി മഠത്തോടും ആദരവ് പുലർത്തുന്ന അദ്ദേഹം രണ്ടാം തവണയാണ് ശിവഗിരി മഠത്തിൽ എത്തിയത്.അദ്ദേഹത്തിനൊപ്പം ഓസ്‌ട്രേലിയൻ പ്രതിനിധി സംഘവും ഉണ്ടായിരുന്നു .ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനവും കേരളവും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സാംസ്‌കാരിക-വ്യാവസായിക സഹകരണവും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ പ്രമുഖ രാഷ്ട്രീയ-ഭരണ നേതാക്കളുമായി അദ്ദേഹവും സംഘവും കൂടിക്കാഴ്ച നടത്തുകയും ചെയ്തു . ഓസ്‌ട്രേലിയൻ മലയാളി സമൂഹത്തിന് അഭിമാനമായി, ഗവൺമെന്റ് പ്രതിനിധിയായി മലയാളിയായ ഫിനി മാത്യുവും ഈ ഔദ്യോഗിക പ്രതിനിധി സംഘത്തിന്റെ ഭാഗമായി ഒപ്പമുണ്ടായിരുന്നു.

സന്ദർശനത്തിന്റെ ഭാഗമായി കേരള നിയമസഭാ മന്ദിരത്തിലെത്തിയ വിക്ടോറിയൻ പ്രതിനിധി സംഘത്തിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിക്കുകയും ആതിഥേയത്വം വഹിക്കുകയും ചെയ്തു. നിയമസഭയിലെ സഭാ നടപടികൾ നേരിട്ട് വീക്ഷിച്ച പ്രതിനിധി സംഘം, ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ജനാധിപത്യ മൂല്യങ്ങളെയും സഹകരണ സാധ്യതകളെയും കുറിച്ച് മുഖ്യമന്ത്രിയുമായും ,സ്പീക്കറുമായും ഡെപ്യൂട്ടി സ്പീക്കറുമായും ആശയവിനിമയം നടത്തി.

വിക്ടോറിയയും കേരളവും തമ്മിൽ വ്യാപാരം, വിദ്യാഭ്യാസം, ആരോഗ്യം, മൾട്ടികൾച്ചറൽ രംഗം തുടങ്ങിയ മേഖലകളിൽ പുതിയ പങ്കാളിത്തത്തിന് വഴിതുറക്കുന്നതായിരുന്നു മുഖ്യമന്ത്രിയുമായുള്ള ചർച്ചകൾ. പരസ്പര ബഹുമാനത്തിലും പങ്കുവെക്കപ്പെട്ട കാഴ്ചപ്പാടുകളിലും അധിഷ്ഠിതമായ അന്താരാഷ്ട്ര സൗഹൃദം ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ലീ തർലാമിസ് വ്യക്തമാക്കി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.