ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചങ്ങനാശേരി എസ്ബി -അസംപ്‌ഷൻ കോളേജ് പൂർവവിദ്യാർഥി സംഘടനയുടെ 2023 വർഷത്തെ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു
ചിക്കാഗോ: ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചങ്ങനാശേരി എസ്ബി -അസംപ്‌ഷൻ കോളേജ്
പൂർവവിദ്യാർഥി സംഘടനയുടെ 2023 വർഷത്തെ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഹൈസ്കൂൾ തലത്തിൽ പഠന-പഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തിയിട്ടുള്ള സംഘടനാംഗങ്ങളുടെ മക്കൾക്കുവേണ്ടി സ്ഥാപിച്ചിട്ടുള്ളതാണ് ഈ
പുരസ്കാരങ്ങൾ. ജിപിഎ, എസിടി അഥവാ എസ്എടി, പഠന-പാഠ്യേതര മേഖലകളിലെ മികവുകൾ എന്നീ
ത്രിതല മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പുരസ്‌കാര നിർണയം നടത്തുക. അപേക്ഷാർഥികളുടെയും അവരുടെ
മാതാപിതാക്കളുടെയും സംഘടനാ പ്രവർത്തനങ്ങളിലുള്ള സജീവ പങ്കാളിത്തം
അധികയോഗ്യതയായും പരിഗണിക്കും. തെരഞ്ഞെടുക്കപ്പെടുന്ന രണ്ടു വിദ്യാർഥികൾക്ക് അസ്സോസ്സിയേഷന്റ ചിക്കാഗോ ചാപ്റ്റർ നൽകുന്ന റവ ഡോ ജോർജ്ജ് മഠത്തിപ്പറമ്പിൽ പൗരോഹിത്യ സുവർണ്ണ ജൂബിലി മെമ്മോറിയൽ പുരസ്കാരവും മാത്യു വാച്ചാപറമ്പിൽ സ്മാരക പുരസ്കാരവും ഒപ്പം ക്യാഷ് അവാർഡ്, പ്രശംസാപത്രം, ഫലകം എന്നിവയും അടങ്ങുന്നതാണ് എസ് ബി ആൻഡ് അസംപ്‌ഷൻ അലുമ്‌നി അസോസിയേഷൻ ഹൈസ്കൂൾ അക്കാഡമിക് എക്സലൻസ് അവാർഡ്. ഈ പുരസ്‌കാര ദാനം 2024 ജൂൺ 23 ആം തീയതി ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്കു നടക്കുന്ന വിപുലമായ പൂർവവിദ്യാർഥിസമ്മേളനത്തിൽ എസ് ബി കോളജ് മുൻ പ്രിൻസിപ്പൽ റവ ഡോ ജോർജ്ജ് മഠത്തിപറമ്പിൽ നിർവ്വഹിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോ. മനോജ് നേര്യംപറമ്പിലും എക്സിക്യൂട്ടിവ് ഭാരവാഹികളും അറിയിച്ചു. ചിക്കാഗോയിൽ 2023 ൽ ഹൈസ്കൂൾ ഗ്രാഡുവേഷൻ കഴിഞ്ഞ എല്ലാ അലുമ്‌നി അംഗങ്ങളുടെ മക്കൾക്കും അപേക്ഷ നൽകാമെന്ന് അവാർഡ് നിർണ്ണയ കമ്മറ്റി അംഗങ്ങളായ പ്രൊഫ ജെയിംസ് ഓലിക്കര,ജിജി മാടപ്പാട്ട്,അമ്പിളി ജോർജ്ജ് എന്നിവർ പറഞ്ഞു. അർഹരായ അപേക്ഷാർഥികൾ 2024 ജൂൺ 10 ആം തീയതിക്ക് മുൻപായി അവാർഡ് കമ്മറ്റിയുമായി ബന്ധപ്പെടേണ്ടതാണ് .
Email: sbaaaacademicexcellence@gmail.com
-തോമസ് ഡിക്രൂസ്