പ്രശസ്ത അമേരിക്കൻ മലയാളി എഴുത്തുകാരി റീനി മമ്പലത്തിന്റെ ദേഹവിയോഗത്തിൽ ലിറ്ററെറി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക(ലാന) ഭരണമിതി അനുശോചനം രേഖപ്പെടുത്തി
പ്രശസ്ത അമേരിക്കൻ മലയാളി എഴുത്തുകാരി റീനി മമ്പലത്തിന്റെ ദേഹവിയോഗത്തിൽ ലിറ്ററെറി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക(ലാന) ഭരണമിതി അനുശോചനം രേഖപ്പെടുത്തി. മനുഷ്യ ജീവിതത്തെ തന്റെ സൂക്ഷ്മ ദൃഷ്ടിയിലൂടെ നോക്കിക്കണ്ട്, അപഗ്രഥിച്ച്, ജീവിതത്തിന്റെ വിവിധ അനുഭവങ്ങളെ പ്രത്യേകിച്ചും അമേരിക്കൻ ജീവിതത്തെ തന്റെ തൂലികയിലൂടെ കഥകളായും നോവലായും യാത്രാക്കുറിപ്പുകൾ ആയും അനുവാചകരിൽ എത്തിച്ച പ്രശസ്ത എഴുത്തുകാരിയാണ് റീനി മമ്പലം.
"വിടവാങ്ങിയ വസന്തം" എന്ന ആദ്യ കഥയിലൂടെ തന്റെ എഴുത്തുപാടവം തെളിയിച്ച റീനി തുടർന്ന് വായനക്കാരുടെ പ്രിയ എഴുത്തുകാരിയായി മാറി. വനിതാ മാഗസിൻ, ജനനി മാസിക, ദേശാഭിമാനി, സമകാലീന മലയാളം, മനോരമ, ചന്ദ്രിക, തുടങ്ങിയ വാരികകളിലും തുടർച്ചയായി തന്റെ സൃഷ്ടികൾ പ്രസിദ്ധീകരിക്കുകയുണ്ടായി. "റിട്ടേൺ ഫ്ലൈറ്റ്" "ശിശിരത്തിലെ ഒരു ദിവസം" എന്നീ ചെറുകഥാസമാ ഹാരങ്ങളും "അവിചാരിതം" എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവാസ ജീവിത പശ്ചാത്തലത്തിൽ രചിച്ച തന്റെ സൃഷ്ടികൾക്ക് ഫോമ ലിറ്ററെറി അവാർഡ്, നോർക്ക റൂട്സ് പ്രവാസി അവാർഡ്, കണക്ടിക്കട്ട് കേരള അസോസിയേഷൻ, മേരിലൻഡ് മലയാളി അസോസിയേഷൻ സാഹിത്യ അവാർഡ് എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ന്യൂ യോർക്ക് സർഗ്ഗവേദി, വിചാരവേദി, എന്നീ സാഹിത്യസമാജ ചർച്ചകളിൽ നിറസാന്നിധ്യം. ലാനാ സമ്മേളനങ്ങളിലെ സജീവ പങ്കാളിത്തം. സാഹിത്യ വിഷയങ്ങളിൽ തുറന്ന മനസ്സോടെയുള്ള ഇടപെടൽ ഒക്കെ ആസ്വാദകരെയും എഴുത്തുകാരെയും ഏറെ സ്വാധീനിച്ചിരുന്നു. കരുത്തുള്ള എഴുത്തുകാരിയെ, അംഗത്തെ ലാനക്ക് നഷ്ടമായിരിക്കുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ലാനയുടെ അനുശോചനം അറിയിക്കുന്നു.